ബെംഗളൂരു: ഭാരതം തദ്ദേശീയമായി വികസിപ്പിക്കുന്ന അഡ്വാന്‍സ്ഡ് മീഡിയം കോംബാറ്റ് എയര്‍ക്രാഫ്റ്റ് (എഎംസിഎ) 2028ല്‍ ആദ്യ പരീക്ഷണ പറക്കല്‍ നടത്തുമെന്ന് റിപ്പോര്‍ട്ട്. നിലവിലെ പുരോഗതി പ്രകാരം 2028-ല്‍ യുദ്ധവിമാനത്തിന്റെ ആദ്യപരീക്ഷണ പറക്കല്‍ നടക്കും. വിമാനത്തിന്റെ പ്രോട്ടോടൈപ്പ് വികസനം 2027 ഓടെ പൂര്‍ത്തിയാകുമെന്നാണ് വിലയിരുത്തല്‍. 5.5 ജനറേഷന് സ്റ്റെല്‍ത്ത് യുദ്ധവിമാനമായാണ് എഎംസിഎ ഒരുങ്ങുന്നത്.
നിലവിലുള്ള അഞ്ചാം തലമുറ യുദ്ധവിമാനങ്ങളുടെ പ്രകടനത്തിലും ശേഷിയിലും സാങ്കേതിക വിദ്യയിലുമെല്ലാം സ്റ്റെല്‍ത്ത് വിമാനം മറികടക്കുമെന്നാണ് റിപ്പോര്‍ട്ട്. ഭാരതത്തിന്റെ ഭാവി യുദ്ധവിമാന വികസനത്തിലേക്കുള്ള വലിയ ചുവടുവയ്പ്പാകും ഇത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, അത്യാധുനിക റഡാര്‍, പുത്തന്‍ ഇലക്ട്രോണിക്സ് സംവിധാനങ്ങള്‍ എന്നിവ ഇതിന്റെ ഭാഗമായി ഉണ്ടാകും. തദ്ദേശീയമായി വികസിപ്പിച്ച സ്റ്റെല്‍ത്ത് സാങ്കേതിക വിദ്യയാണ് ഇതിന് ആധാരം. പൈലറ്റിന്റെ ജോലിഭാരം കുറയ്ക്കാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) അധിഷ്ടിത ഓട്ടോണമസ് സംവിധാനവുമുണ്ടാകും. ലാന്‍ഡിങ്, ടേക്കോഫ് തുടങ്ങിയ കാര്യങ്ങളില്‍ എഐയുടെ സഹായം പൈലറ്റിന് ലഭിക്കും.
നിലവില്‍ യുദ്ധവിമാനത്തിന്റെ രൂപകല്പന പൂര്‍ത്തിയായി. ഇതിന്റെ എന്ജിന് വിദേശത്തു നിന്നാണ് ആദ്യം വാങ്ങുക. ഭാവിയില്‍ തദ്ദേശീയമായി വികസിപ്പിക്കും. ഇതിനായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. സുഖോയ് വിമാനങ്ങള്‍ക്ക് പകരക്കാരനായാണ് ഇരട്ട എന്ജിന് സ്റ്റെല്‍ത്ത് വിമാനമായ എഎംസിഎ വികസിപ്പിക്കുന്നത്. അടുത്ത തലമുറ യുദ്ധവിമാനങ്ങള്‍ വികസിപ്പിക്കാനുള്ള അടിസ്ഥാനമായി എഎംസിഎ മാറുമെന്നാണ് വിലയിരുത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: