ഡെറാഡൂണ്‍: ദേശീയ ഗെയിംസ് അത്‌ല്റ്റിക്‌സില്‍ സ്വര്‍ണമെഡലോടെ കേരളത്തിന് മടക്കം. 4-400 മീറ്റര്‍ മിക്‌സഡ് റിലേയിലാണ് കേരളം സ്വര്‍ണം നേടിയത്. ടി.എസ്. മനു, സ്‌നേഹ മറിയം വില്‍സണ്‍, ബിജോയ് ജെ, അന്‍സാ ബാബു എന്നിവരാണ് കേരളത്തിന് വേണ്ടി ട്രാക്കിലിറങ്ങിയത്. 3:25.35 മിനുട്ടില്‍ കേരളം മത്സരം പൂര്‍ത്തിയാക്കിയത്.
മത്സരം ആരംഭിച്ചപ്പോള്‍ തമിഴ്‌നാട് ആയിരുന്നു മുന്നില്‍. എന്നാല്‍ രണ്ടാം ലാപ്പില്‍ അവസാന നൂറ് മീറ്ററെത്തിയപ്പോള്‍ തമിഴ്‌നാടിന്റെ കൈകളില്‍ നിന്ന് റിലേ ബാറ്റണ്‍ താഴെ വീണു. തൊട്ടുപിറകില്‍ ഓടിയെത്തിയ കേരള താരം സ്‌നേഹ തമിഴ്‌നാട് താരത്തെ മറികടന്ന് ഒന്നാമതെത്തി. പിന്നീട് ബിജോയിയും അന്‍സാ ബാബുവും കൃത്യമായി ലീഡ് എടുത്ത് മുന്നേറിയതോടെ കേരളം മിക്‌സഡ് റിലേയില്‍ മുത്തമിട്ടു. കഴിഞ്ഞ ദേശീയ ഗെയിംസില്‍ മിക്‌സഡ് റിലേയില്‍ കേരളത്തിന് വെള്ളി മെഡലായിരുന്നു. 3:25.66 മിനുട്ടില്‍ ഓട്ടം പൂര്‍ത്തിയാക്കിയ മഹാരാഷ്‌ട്ര വെള്ളിയും 3:26.35 മിനുട്ടില്‍ മത്സരം പൂര്‍ത്തിയാക്കിയ പഞ്ചാബ് വെങ്കലവും നേടി. അത്‌ലറ്റിക്‌സില്‍ ഉത്തരാഖണ്ഡ് ദേശീയ ഗെയിംസില്‍ കേരളത്തിന്റെ രണ്ടാം സ്വര്‍ണമാണ്. ഗോവ ദേശീയ ഗെയിംസില്‍ കേരളം മൂന്ന് സ്വര്‍ണം നേടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: