മുംബൈ: ഭാരത ക്രിക്കറ്റ് ടീം പ്രധാന പേസ് ബൗളര്‍ ജസ്പ്രീത് ബുംറ ഐസിസി ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ കളിക്കില്ല. നടുവേദനയെ തുടര്‍ന്ന് വിശ്രമം വേണ്ടതിനാല്‍ ബുംറയെ ഒഴിവാക്കിയതായി ബിസിസിഐ അറിയിച്ചു. പകരം ഹര്‍ഷിത് റാണയെ ഉള്‍പ്പെടുത്തി.
ബുംറയെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഭാരത ടീമിനെ ആഴ്ചകള്‍ക്ക് മുമ്പേ പ്രഖ്യാപിച്ചിരുന്നതാണ്. ബുംറയുടെ പരിക്ക് കാരണം പെട്ടെന്ന് മാറ്റം വരുത്തുകയായിരുന്നു. ഇംഗ്ലണ്ടിനെതിരെ ഇന്നലെ നടന്ന മൂന്നാം ഏകദിനത്തില്‍ ബുംറ ഇറങ്ങുമെന്ന് നേരത്തെ അറിയിച്ചതാണ്. എന്നാല്‍ ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരത്തിനിടെ ഉണ്ടായ നടുവേദന ഭേദമാകാത്തതിനാല്‍ കളിപ്പിച്ചില്ല. ഇതേ തുടര്‍ന്നാണ് ചാമ്പ്യന്‍സ് ട്രോഫി ടീമില്‍ നിന്നും ബുംറയെ ഒഴിവാക്കുന്നതിലേക്ക് നയിച്ചത്.
സ്പിന്‍ ബൗളറായി വരുണ്‍ ചക്രവര്‍ത്തിയെ കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബാറ്റര്‍ യശസ്വി ജയ്സ്വാളിനെ മാറ്റിയാണ് വരുണിനെ ചേര്‍ത്തത്. ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരയിലെ മിന്നും പ്രകടനമാണ് വരുണിനെ ഉള്‍പ്പെടുത്തിയത്. അഞ്ച് മത്സര പരമ്പരയില്‍ 14 വിക്കറ്റുമായി വരുണ്‍ ചക്രവര്‍ത്തി മാന്‍ ഓഫ് ദി സീരീസ് ആകുകയും ചെയ്തു.
ഹര്‍ഷിത് റാണ ബോര്‍ഡര്‍-ഗാവസ്കര്‍ ട്രോഫിയിലൂടെയാണ് ദേശീയ ടീമില്‍ അരങ്ങേറ്റം കുറിച്ചത്. ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലും മൂന്ന് വിക്കറ്റ് നേട്ടം കൈവരിക്കാന്‍ റാണയ്ക്കായിട്ടുണ്ട്.
എട്ട് ടീമുകളടങ്ങിയ ചാമ്പ്യന്‍സ് ട്രോഫിയില്‍ ഗ്രൂപ്പ് എയിലാണ് ഭാരതം. ബംഗ്ലാദേശ്, പാകിസ്ഥാന്, ന്യൂസിലന്‍ഡ് എന്നിവയാണ് ഗ്രൂപ്പിലെ മറ്റ് ടീമുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: