India

ജില്‍ ഗില്‍: 142 റണ്‍സിന്റെ കൂറ്റന്‍ ജയം; ഇംഗ്ലണ്ടിനെതിരെ ഭാരതത്തിന് സമ്പൂര്‍ണ പരമ്പര

Published by

അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരെ ഭാരതത്തിന് സമ്പൂര്‍ണ പരമ്പര. മൂന്നാം ഏകദനത്തില്‍ ആതിഥേയര്‍ 142 റണ്‍സിന്റെ കൂറ്റന്‍ ജയം നേടി. ഭാരതത്തിനായി പരമ്പരയിലാകെ അത്യുഗ്രന്‍ പ്രകടനം കാഴ്‌ച്ചവച്ച ശുഭ്മാന്‍ ഗില്‍ ഇന്നലെ സെഞ്ച്വറി നേടി. അവസാന മത്സരത്തിന്റെയും പരമ്പരയുടെയും താരമായി ഗില്‍ തെരഞ്ഞെടുക്കപ്പെട്ടു.

അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഭാരതം 50 ഓവറില്‍ 356 റണ്‍സെടുത്ത് ഓള്‍ഔട്ടായി. ഇതിനെതിരെ ഇംഗ്ലണ്ട് ഇന്നിങ്‌സ് 34.2 ഓവറില്‍ 214 റണ്‍സില്‍ അവസാനിച്ചു.

കൂറ്റന്‍ ലക്ഷ്യം മറികടക്കാനിറങ്ങിയ ഇംഗ്ലണ്ടിനെതിരെ ഭാരതത്തിനായ പന്തെടുത്ത എല്ലാവരും വിക്കറ്റ് നേടി. അര്‍ഷദീപ് സിങ്, ഹര്‍ഷിദ് റാണ, അക്ഷര്‍ പട്ടേല്‍, ഹാര്‍ദിക് പാണധ്യ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വാഷിങ്ടണ്‍ സൂന്ദറും കുല്‍ദീപ് യാദവും ഓരോ വിക്കറ്റും നേടി. നന്നായി തുടങ്ങിയ ഇംഗ്ലണ്ട് ആദ്യ ആറ് ഓവറില്‍ വിക്കറ്റ് നഷ്ടം കൂടാതെ 60 റണ്‍സെടുത്തു ബെന്‍ ഡക്കെറ്റ്(34) അര്‍ഷദീപിന് മുന്നില്‍ വീണതോടെ ഇംഗ്ലണ്ട് തകര്‍ന്നു തുടങ്ങി. അതിവേഗത്തിലുള്ള പതനമായിരുന്നില്ല. കൃത്യമായ ഇടവേളകളില്‍ ഭാരത ബാറ്റര്‍മാര്‍ വിക്കറ്റ് വീഴ്‌ത്തിക്കൊണ്ടിരുന്നു. ഫിലിപ് സാള്‍ട്ട്(23), ടോം ബാണ്ടന്‍(38), ജോ റൂട്ട്(24) എന്നിവര്‍ പരിശ്രമിച്ചെങ്കിലും നിലയുറപ്പിക്കാനായില്ല. ഒടുവില്‍ വാലറ്റക്കാരുമായി പൊ
രുതിനോക്കിയെ ഗുസ് അറ്റ്കിന്‍സണ്‍(38) അക്ഷറിന് മുന്നില്‍ ക്ലീന്‍ ബൗള്‍ഡായതോടെ ഇംഗ്ലണ്ട് തീര്‍ന്നു.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ് തുടങ്ങിയ ഭാരതത്തിന് തുടക്കത്തിലേ പിഴച്ചു. കഴിഞ്ഞ മത്സരത്തിലെ സെഞ്ച്വറിക്കാരന്‍ രോഹിത് ശര്‍മ(ഒന്ന്) നിരാശപ്പെടുത്തി. ഗില്ലിനൊപ്പം മൂന്നാമനായെത്തിയ വിരാട് കോഹ്‌ലി(52) ഫോമിലേക്കുയര്‍ന്നു. ശ്രേയസ് അയ്യര്‍ തുടരെ മൂന്നാം മത്സരത്തിലും മിന്നി(78). പരമ്പരയില്‍ ഭാരത നിരയില്‍ ഗില്ലും അയ്യരും തമ്മില്‍ മികവിന്റെ മത്സരം തന്നെ അരങ്ങേറിയ പരമ്പരയാണ് കഴിഞ്ഞുപോയത്. 102 പന്തുകള്‍ നേരിട്ട ഗില്‍ 14 ബൗണ്ടറികളും മൂന്ന് സിക്‌സറുകളും അടങ്ങുന്ന സെഞ്ച്വറി പ്രകടനത്തില്‍ 114 റണ്‍സെടുത്ത് പുറത്തായി. കെ.എല്‍. രാഹുലും (40) മികച്ചു നിന്നു. ഇംഗ്ലണ്ട് സ്പിന്നര്‍ ആദില്‍ റഷീദ് നാല് വിക്കറ്റ് നേടി. ഗില്‍, കോഹ്‌ലി, ശ്രേയസ് എന്നിവരുടെ വിക്കറ്റ് ആദില്‍ ആണ് നേടിയത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by