കല്‍പ്പറ്റ: വയനാട്ടില്‍ തുടര്‍ച്ചയായി അടുത്തടുത്ത ദിവസങ്ങളില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ടത് രണ്ട്‌പേര്‍ക്ക്. സര്‍ക്കാരിന്റെ കടുത്ത അനാസ്ഥയിലേക്കാണ് ഈ രണ്ട് മരണങ്ങളും വിരല്‍ചൂണ്ടുന്നത്. വനവും വന്യജീവികളെയും പരിപാലിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ കടുത്ത വീഴ്‌ച്ച വരുത്തുന്നതായി ആരോപണങ്ങള്‍ ഉയരുമ്പോഴും വിദഗ്ധര്‍ നിര്‍ദേശിക്കുന്ന പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ വനംവകുപ്പ് തയാറാകുന്നില്ല. സ്വാഭാവിക വനനശീകരണമാണ് പ്രധാന കാരണങ്ങളില്‍ ഒന്ന്. വയനാടന്‍ കാടുകളില്‍ മൂന്നില്‍ ഒരു ശതമാനം മാത്രമാണ് സ്വാഭാവിക വനം. മറ്റിടങ്ങള്‍ അധിനിവേശ സസ്യങ്ങള്‍ നിറഞ്ഞതിനാല്‍ വന്യജീവികള്‍ക്ക് ഭക്ഷണം ലഭിക്കാത്തത് നാടിറങ്ങാനുള്ള സാഹചര്യം വര്‍ധിപ്പിക്കുകയാണ്.
വനത്തിനുള്ളിലും വനാതിര്‍ത്തികളിലുമായി നടക്കുന്ന ടൂറിസം പദ്ധതികള്‍ക്ക് നിയന്ത്രണം ആവശ്യമാണെന്നുമുള്ള അഭിപ്രായവും ഉയരുന്നുണ്ട്. കെഎസ്ആര്‍ടിസി തന്നെ അര്‍ദ്ധരാത്രിയില്‍ കാനന സവാരി നടത്തുന്നത് അധികവും ഉള്‍വനങ്ങളിലൂടെയാണ്. ഇത് ഉള്‍വനങ്ങളിലെ സ്വാഭാവികതയെ തകര്‍ക്കുന്നതിനാല്‍ മൃഗങ്ങള്‍ സൈ്വരമായ മറ്റിടങ്ങളിലേക്ക് നീങ്ങാന്‍ കാരണമാകും. ഇങ്ങനെ വനത്തിനുള്ളില്‍ നിന്ന് പുറത്തേക്ക് ഇറങ്ങാന്‍ ശ്രമിക്കുന്ന മൃഗങ്ങളെ വനാതിര്‍ത്തിയില്‍ തന്നെ പ്രതിരോധിക്കാനും സാധിക്കണം. സോളാര്‍ ഫെന്‍സിങ് സംവിധാനങ്ങളും റെയില്‍ ഫെന്‍സിങ്ങും തകര്‍ന്നാല്‍ യുദ്ധകാലാടിസ്ഥാനത്തില്‍ അറ്റകുറ്റപ്പണികള്‍ തീര്‍ക്കണം. അത്യാധുനിക ലേസര്‍ ലൈറ്റ് സംവിധാനങ്ങളും അതിര്‍ത്തികളില്‍ സ്ഥാപിക്കണം. തൊഴിലുറപ്പ് സംവിധാനത്തില്‍ ഉള്‍പ്പെടുത്തി കമ്മ്യൂണിറ്റി ഗാര്‍ഡിങ്ങ് പദ്ധതി നടപ്പാക്കുന്നതും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കും. വനാതിര്‍ത്തികളില്‍ വേതനത്തോടെ കാവലിന് ആളുകളെ നിയമിച്ചാല്‍ വനംവകുപ്പിന് വിവരങ്ങള്‍ കൃത്യസമയത്ത് കൈമാറാന്‍ സാധിക്കുമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെട്ടിരുന്നു. ഇതെല്ലാം വനംവകുപ്പ് അവഗണിക്കുകയായിരുന്നു.
വനത്തില്‍ നിന്ന് ലഭിക്കുന്ന വരുമാനം സംസ്ഥാന സര്‍ക്കാരിനാണ് പൂര്‍ണമായും ലഭിക്കുന്നത.് എന്നാല്‍ ഇത് വീണ്ടും വനസംരക്ഷണത്തിനായി ഉപയോഗിക്കാത്തതാണ് സംവിധാനങ്ങള്‍ താറുമാറാകാന്‍ കാരണം. വനാന്തര ഗ്രാമങ്ങളെ പുനരധിവസിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ 2011 മുതല്‍ നടപ്പിലാക്കി വന്നിരുന്ന സ്വയം പുനരധിവാസ പദ്ധതി 2020 മുതല്‍ കേരള വനംവകുപ്പ് നടപ്പാക്കാത്തതും തിരിച്ചടിയാണ്. തിങ്കളാഴ്‌ച്ച നൂല്‍പ്പുഴയില്‍ മാനു കൊല്ലപ്പെട്ടതും പുനരധിവാസത്തിന് കാത്തുനില്‍ക്കുന്ന കോളനിക്കരികില്‍ നിന്നാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക