ന്യൂദല്‍ഹി: ഉപയോഗിച്ച വൈദ്യുതിക്ക് കൃത്യമായ പണം നല്‍കാത്തതിനെ തുടര്‍ന്ന് 50 ശതമാനം വൈദ്യുതി വെട്ടിക്കുറച്ച അദാനിയോട് മുഴുവന്‍ വൈദ്യുതിയും നല്‍കാന്‍ അഭ്യര്‍ത്ഥിച്ച് ബംഗ്ലാദേശ്. പഴയ ഭീഷണി സ്വരമെല്ലാം മാറ്റിവെച്ച് ഇപ്പോള്‍ അദാനിയോട് അഭ്യര്‍ത്ഥിക്കുകയാണ് ബംഗ്ലാദേശ്.
പഴയതുപോലെ 1600 മെഗാവാട്ട് വൈദ്യുതി മുഴുവനായി നല്കണമെന്നും ഇപ്പോള്‍ അദാനിക്ക് മാസം 8.5 കോടി ഡോളര്‍ വെച്ച് നല്‍കിക്കൊണ്ടിരിക്കുന്നുണ്ടെന്നും അതിനാല്‍ ഉടനെ വൈദ്യുതി മുഴുവനായി നല‍്കിത്തുടങ്ങണമെന്നും അഭ്യര്‍ത്ഥിക്കുകയാണ് ബംഗ്ലാദേശ് ഊര്‍ജ്ജ വികസന ബോര്‍ഡ്. പണം സമയാസമയങ്ങളില്‍ നല്‍കിക്കൊള്ളാം എന്നുമാണ് ബംഗ്ലാദേശ് ഇടക്കാല സര്‍ക്കാരിനെ നയിക്കുന്ന മുഹമ്മദ് യൂനസ് അഭ്യര്‍ത്ഥിക്കുന്നത്.
ഒക്ടോബര്‍ 31നാണ് അദാനി പവര്‍ ബംഗ്ലാദേശിനുള്ള വൈദ്യുതിവിതരണം പാതിയായി വെട്ടിക്കുറച്ചത്. ജമാഅത്തെ വിദ്യാര്‍ത്ഥികളുടെ ലഹളയ്‌ക്ക് പിന്നാലെ ഷേഖ് ഹസീന അധികാരത്തില്‍ നിന്നും പുറത്തായതോടെ രാജ്യം കടുത്ത വിദേശനാണ്യപ്രതിസന്ധിയിലായി. ഇതോടെ അദാനിയ്‌ക്ക് പണം നല്‍കാനില്ലെന്ന സ്ഥിതിവന്നു. അതോടെ 1600 മെഗാവാട്ടിന് പകരം ബംഗ്ലാദേശിനുള്ള വൈദ്യുതി 800 മെഗാവാട്ടാക്കി വെട്ടിച്ചുരുക്കി.
അന്നെല്ലാം മുഴുവന്‍ വൈദ്യുതിയും നല്‍കിയില്ലെങ്കില്‍ ശരിപ്പെടുത്തിക്കളയും എന്ന രീതിയില്‍ വരെ അദാനിയെ ബംഗ്ലാദേശ് ഭീഷണിപ്പെടുത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ഭീഷണിയുടെ സ്വരമെല്ലാം മാറ്റി അപേക്ഷയുടെ സ്വരത്തിലാണ് ബംഗ്ലാദേശ് അദാനിയോട് സംസാരിക്കുന്നത്.
2017ലാണ് അദാനിയും ഷേഖ് ഹസീനയും ബംഗ്ലാദേശിന് വൈദ്യുതോര്‍ജ്ജം നല്‍കാനുള്ള കരാറില്‍ ഒപ്പുവെച്ചത്. അടുത്ത 25 വര്‍ഷത്തേക്ക് വൈദ്യുതി നല്കാനായിരുന്നു കരാര്‍. ഛത്തീസ് ഗഢിലെ രണ്ട് വൈദ്യുതി പ്ലാന്‍റുകളില്‍ നിന്നും 800 മെഗാവാട്ട് വൈദ്യുതി വീതമാണ് ഇത് പ്രകാരം അദാനി നല്‍കിക്കൊണ്ടിരിക്കുന്നത്. ഇതില്‍ ഒരു പവര്‍ പ്ലാന്‍റില്‍ നിന്നുള്ള വൈദ്യുതി വിതരണം നിര്‍ത്തിവെച്ചിരുന്നു. ഇപ്പോഴിതാ രണ്ട് പവര്‍ പ്ലാന്‍റുകളും ബംഗ്ലാദേശിന് വേണ്ടി പ്രവര്‍ത്തിപ്പിക്കാന്‍ ഒരുങ്ങുകയാണ് അദാനി. ഇതോടെ അദാനി പവറിന്റെ ഓഹരി വില ബുധനാഴ്ചയും മുകളിലേക്ക് കയറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക