India

അഹമ്മദാബാദ് ക്രൈംബ്രാഞ്ച് 15 ബംഗ്ലാദേശി കുടിയേറ്റക്കാരെ നാടുകടത്തി : മാർച്ചിൽ 35 പേരെ കൂടി നാടുകടത്തുമെന്ന് പോലീസ് കമ്മീഷണർ

ബംഗ്ലാദേശി സ്ത്രീകളെയും പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെയും വേശ്യാവൃത്തിക്കായി കടത്തുന്ന മനുഷ്യക്കടത്ത് സംഘമാണ് ഇവരെ ഇവിടെ എത്തിച്ചതെന്ന് അധികൃതർ കണ്ടെത്തി

Published by

സൂററ്റ് : ഗുജറാത്തിലെ അഹമ്മദാബാദ് ക്രൈംബ്രാഞ്ച് 15 ബംഗ്ലാദേശി കുടിയേറ്റക്കാരെ നാടുകടത്തിയതായും മാർച്ച് മാസത്തോടെ 35 പേരെ കൂടി നാടുകടത്താനുള്ള ശ്രമത്തിലാണെന്നും അസിസ്റ്റന്റ് പോലീസ് കമ്മീഷണർ ഭരത് പട്ടേൽ പറഞ്ഞു. കഴിഞ്ഞ വർഷം ക്രൈംബ്രാഞ്ച്, പ്രദേശത്ത് നടത്തിയ ഒരു ഓപ്പറേഷനിൽ ഒരു പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഉൾപ്പെടെ 50 അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരെ അഹമ്മദാബാദിലെ ചഡോള തടാകത്തിന് സമീപത്ത് നിന്നാണ് കസ്റ്റഡിയിലെടുത്തത്.

വ്യാജ ആധാർ കാർഡുകൾ ഉൾപ്പെടെയുള്ള വ്യാജ ഇന്ത്യൻ രേഖകൾ ഈ കുടിയേറ്റക്കാരുടെ കൈവശം ഉണ്ടെന്ന് കണ്ടെത്തി. ബംഗ്ലാദേശി സ്ത്രീകളെയും പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെയും വേശ്യാവൃത്തിക്കായി കടത്തുന്ന മനുഷ്യക്കടത്ത് സംഘമാണ് ഇവരെ ഇവിടെ എത്തിച്ചതെന്ന് അധികൃതർ കണ്ടെത്തി.

കുടിയേറ്റക്കാർ  അഹമ്മദാബാദിൽ താമസിച്ചിരുന്നുവെന്നും രാജ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നുവെന്നും അന്വേഷണത്തിൽ കണ്ടെത്തി.  വേശ്യാവൃത്തിയിൽ ഏർപ്പെട്ടിരുന്ന സ്ത്രീകളെ ഏജന്റുമാർ ചൂഷണം ചെയ്തതായും ഈ പ്രവർത്തനങ്ങളിൽ നിന്ന് ലഭിക്കുന്ന പണം വ്യാപാരത്തിന്റെ മറവിൽ ബംഗ്ലാദേശിലേക്ക് അയച്ചതായും എസിപി ഭരത് പട്ടേൽ പറഞ്ഞു.

അതേസമയം ദൽഹിയിലെ ദ്വാരകയിൽ അനധികൃതമായി താമസിച്ചിരുന്നതായി സംശയിക്കുന്ന 16 പേരെ ദൽഹി പോലീസ് അറസ്റ്റ് ചെയ്തു. അവരിൽ അഞ്ച് പേർ ബംഗ്ലാദേശി പൗരന്മാരാണ്. ആരോപണവിധേയരായ ബംഗ്ലാദേശി പൗരന്മാരായ മുഹമ്മദ് ഷെരീഫ് (54), നജ്രുൽ ഷെയ്ഖ് (50), നജ്രുൽ ഷെയ്ഖിന്റെ ഭാര്യ പർവീൺ (25), രണ്ട് കുട്ടികൾ എന്നിവരാണ് പിടിയിലായത്.

ഫെബ്രുവരി 7 ന് മുംബൈയിലെ ആർ‌സി‌എഫ് പോലീസ് ചെമ്പൂരിലെ മഹുൽ ഗ്രാമത്തിൽ കഴിഞ്ഞ അഞ്ച് വർഷമായി അനധികൃതമായി താമസിച്ചിരുന്ന ഏഴ് ബംഗ്ലാദേശി പൗരന്മാരെയും അറസ്റ്റ് ചെയ്തിരുന്നു. മൂന്ന് പുരുഷന്മാരും നാല് സ്ത്രീകളുമാണ് പിടിയിലായത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക