ന്യൂദൽഹി: അതിർത്തിയിലെ സേനയെ ശക്തിപ്പെടുത്തിയും നൂതന സാങ്കേതികവിദ്യകൾ ഉപയോഗിച്ചും പാകിസ്ഥാനുമായുള്ള അന്താരാഷ്‌ട്ര അതിർത്തിയിൽ നിന്ന് ഒരു നുഴഞ്ഞുകയറ്റ ശ്രമങ്ങളും ഇല്ലെന്ന്ഉറപ്പാക്കാൻ ബിഎസ്എഫ് ന് നിർദ്ദേശം നൽകി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ദേശീയ തലസ്ഥാനത്ത് നടന്ന ഉന്നതതല ജമ്മു കശ്മീർ സുരക്ഷാ അവലോകന യോഗത്തിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
3323 കിലോമീറ്റർ ഇന്ത്യ-പാകിസ്ഥാൻ അതിർത്തി കാക്കാൻ നിയോഗിക്കപ്പെട്ട അതിർത്തി കാവൽ സേനയായ ബിഎസ്എഫിനോട് ശക്തമായ ജാഗ്രത പാലിക്കാനും അതിർത്തിയിലെ സൈനികരെ ശക്തിപ്പെടുത്താനും നുഴഞ്ഞുകയറ്റ ഭീഷണി തടയാൻ നിരീക്ഷണത്തിനും അതിർത്തി കാവലിനും നൂതന സാങ്കേതികവിദ്യകൾ ഉപയോഗിക്കാനും അദ്ദേഹം നിർദ്ദേശിച്ചു. ജമ്മു കശ്മീർ മേഖലയിലെ ഭീകരത ഇല്ലാതാക്കുന്നതിന് എല്ലാ സുരക്ഷാ ഏജൻസികളും ജാഗ്രത പാലിക്കാനും സംയുക്തമായി പ്രവർത്തിക്കാനും മന്ത്രി നിർദ്ദേശിച്ചു.
കൂടാതെ കേന്ദ്രഭരണ പ്രദേശത്ത് ‘സീറോ ടെറർ’ പദ്ധതിക്കായി ശക്തമായ നടപടികൾ സ്വീകരിക്കാനും മന്ത്രി ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ ‘ഭീകര രഹിത ജമ്മു കശ്മീർ’ എന്ന ലക്ഷ്യം കൈവരിക്കുന്നതിന് അർദ്ധസൈനിക വിഭാഗത്തിന്റെ പങ്ക് ഷാ ഊന്നിപ്പറഞ്ഞു. ഇന്ത്യൻ സൈന്യവുമായും ജമ്മു കശ്മീർ പോലീസുമായും സഹകരിച്ച് പ്രവർത്തിക്കാൻ സിആർപിഎഫിന് ആഭ്യന്തര മന്ത്രി നിർദ്ദേശം നൽകി.
സിആർപിഎഫിന്റെ ശൈത്യകാല പ്രവർത്തന പദ്ധതി അദ്ദേഹം അവലോകനം ചെയ്യുകയും ജമ്മു മേഖലയിലും ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് നിർദ്ദേശം നൽകുകയും ചെയ്തു. ജമ്മു കശ്മീർ മേഖലയിൽ പ്രവർത്തിക്കുന്ന ഇന്റലിജൻസ് സംവിധാനത്തെയും ആഭ്യന്തര മന്ത്രി അവലോകനം ചെയ്തു.
ഇന്റലിജൻസ് മേഖലയിൽ സാങ്കേതികവിദ്യയുടെ പ്രാധാന്യം അദ്ദേഹം ആവർത്തിച്ചു പറഞ്ഞു. ഭീകരവാദ ധനസഹായം നിരീക്ഷിക്കുക, മയക്കുമരുന്ന് ഭീകരവാദ കേസുകൾക്കെതിരെയുള്ള പിടിമുറുക്കുക, ജമ്മു കശ്മീരിലെ മുഴുവൻ ഭീകര ആവാസവ്യവസ്ഥയും ഇല്ലാതാക്കുക എന്നിവ മോദി സർക്കാരിന്റെ മുൻഗണനകളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേന്ദ്ര ആഭ്യന്തര സെക്രട്ടറി, ഇന്റലിജൻസ് ബ്യൂറോ ഡയറക്ടർ, സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സ് (സിആർപിഎഫ്), ബോർഡർ സെക്യൂരിറ്റി ഫോഴ്‌സ് (ബിഎസ്എഫ്) എന്നിവയുടെ ഡയറക്ടർ ജനറൽമാർ, മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ യോഗങ്ങളിൽ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക