Kerala

സിപിഎമ്മില്‍ പുരുഷാധിപത്യം; ജില്ലകളെ നയിക്കാന്‍ വനിതകളില്ല

Published by

ആലപ്പുഴ: നവോത്ഥാനത്തിന്റെ പേരില്‍ വനിതാ മതില്‍ വരെ തീര്‍ത്ത സിപിഎമ്മിന്റെ നേതൃനിരയില്‍ വനിതാ പ്രാതിനിധ്യം നാമമാത്രം. പുതുതായി തെരഞ്ഞെടുക്കപ്പെട്ട 14 ജില്ലാ സെക്രട്ടറിമാരില്‍ ഒരാള്‍ പോലും വനിതയില്ല.

പാര്‍ട്ടിയെ നയിക്കാന്‍ കഴിവുള്ള വനിതകള്‍ ഇല്ലാത്തതല്ല, വിഭാഗീയതയില്‍ ജില്ലാ കമ്മറ്റികളില്‍ ആധിപത്യം ഉറപ്പിക്കാന്‍ ഔദ്യോഗികപക്ഷം നടത്തിയ നീക്കങ്ങളില്‍ അവര്‍ വെട്ടിനിരത്തപ്പെട്ടു.

വനിതകള്‍ക്ക് വേണ്ടി നിലകൊള്ളുന്നതായി കൊട്ടിഘോഷിക്കുന്ന സിപിഎം, പക്ഷെ സ്വന്തം സംഘടനയില്‍ പോലും അവരെ അംഗീകരിക്കാന്‍ തയ്യാറാകുന്നില്ലെന്നാണ് വിമര്‍ശനം ഉയരുന്നത്. നിലവിലെ സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഒരു വനിത മാത്രമാണുള്ളത്. കേരളത്തില്‍ നിന്നുള്ള കേന്ദ്രകമ്മറ്റിയംഗങ്ങളിലും പ്രാതിനിധ്യം തീരെ കുറവാണ്. നാലു പേരാണ് ഇവിടെ നിന്നുള്ള വനിതകളായ കേന്ദ്രകമ്മറ്റിയംഗങ്ങള്‍. പോളിറ്റ് ബ്യൂറോയിലാകട്ടെ ഇതുവരെ ഒരു വനിതയെ പോലും കേരളത്തില്‍ നിന്ന് തെരഞ്ഞെടുക്കാനായിട്ടില്ല.

അധികാര കേന്ദ്രങ്ങളിലും സിപിഎം എല്ലായ്‌പ്പോഴും വനിതകളെ അവഗണിക്കുകയാണ് പതിവ്. വനിതാ മുഖ്യമന്ത്രിമാരാകുമെന്ന് ഏറെ പ്രതീക്ഷിക്കപ്പെട്ടിരുന്ന കെ. ആര്‍. ഗൗരിയമ്മയ്‌ക്കും, സുശീല ഗോപാലനും പാര്‍ട്ടി വിഭാഗീയതയിലും സവര്‍ണ മേല്‍ക്കോയ്മയിലും തട്ടി വഴി മുടങ്ങിയതും ചരിത്രം. കോണ്‍ഗ്രസിലെയും അവസ്ഥ മറ്റൊന്നല്ല ഡിസിസി പ്രസിഡന്റുമാരില്‍ ഒരാള്‍ പോലും വനിതയില്ല. നേരത്തെ കൊല്ലം ഡിസിസി പ്രസിഡന്റായി ബിന്ദുകൃഷ്ണ പ്രവര്‍ത്തിച്ചിരുന്നു. പിന്നീട് ഒരാളെ പോലും ജില്ലാ കോണ്‍ഗ്രസ് കമ്മറ്റികളെ നയിക്കാന്‍ നിയോഗിച്ചിട്ടില്ല.

ബിജെപിയില്‍ മാത്രമാണ് പാര്‍ട്ടിയിലെ എല്ലാ മേഖലകളിലും സ്ത്രീകള്‍ക്ക് പ്രാതിനിധ്യം നല്‍കിയിട്ടുള്ളത്. നാല് സംഘടനാ ജില്ലകളെ നയിക്കുന്നത് വനിതകളാണ്. കാസര്‍കോട് എം.എല്‍. അശ്വിനി, മലപ്പുറം വെസ്റ്റ് ദീപ പുഴക്കല്‍, കൊല്ലം ഈസ്റ്റ് രാജി പ്രസാദ്, തൃശൂര്‍ വെസ്റ്റ് നിവേദിത സുബ്രഹ്മണ്യന്‍ എന്നിവരാണ് ജില്ലാ പ്രസിഡന്റുമാര്‍. നവോത്ഥാന മതിലുകള്‍ തീര്‍ക്കാനും, ഹെന്ദവാചാരങ്ങള്‍ തകര്‍ക്കാനും, സമ്മേളനങ്ങളിലും പരിപാടികളിലും ആളെ കൂട്ടാനും മാത്രമാണ് സിപിഎം വനിതകളെ നിയോഗിക്കുന്നത്. പാര്‍ട്ടിയിലും ഭരണത്തിലും പുരുഷാധിപത്യമാണെന്നാണ് വിമര്‍ശനം.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by