Cricket

ഇംഗ്ലണ്ട്-ഇന്ത്യ ഏകദിന പരമ്പര: അവസാന മത്സരം ഇന്ന് അഹമ്മദാബാദില്‍

Published by

അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ഭാരതത്തിന്റെ അവസാന മത്സരം ഇന്ന്. അഹമ്മദാബാദിലെ നരേന്ദ്ര ദാമോദര്‍ മോദി സ്‌റ്റേഡിയത്തില്‍ ഉച്ചയ്‌ക്ക് 1.30 മുതലാണ് മത്സരം. മൂന്ന് മത്സര പരമ്പരയിലെ ആദ്യ രണ്ട് മത്സരവും ജയിച്ച് ഭാരതം പരമ്പര ഉറപ്പിച്ചുകഴിഞ്ഞു. ഇന്നും ആതിഥേയര്‍ ജയിച്ചാല്‍ സമ്പൂര്‍ണ പരമ്പര സ്വന്തമാക്കാം.

അഹമ്മദാബാദില്‍ ഇന്ന് നടക്കുന്ന മത്സരത്തോടെ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ ഭാരത പര്യടനം പൂര്‍ത്തിയാകും. അഞ്ച് ട്വന്റി20കള്‍ക്കും മൂന്ന് ഏകദിനങ്ങള്‍ക്കുമായാണ് അവര്‍ ഇവിടെയെത്തിയത്. ട്വന്റി20 4-1ന് ആതിഥേയര്‍ക്ക് മുന്നില്‍ അടിയറവച്ചപ്പോള്‍ ഏകദിന പരമ്പരയില്‍ പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ കട്ടക്കില്‍ നടന്ന കഴിഞ്ഞ മത്സരത്തിലൂടെ പരമ്പര സ്വപ്‌നമായി അവശേഷിച്ചു. ഇനി ആശ്വാസ ജയം തേടുകമാത്രമാണ് ജോസ് ബട്ട്‌ലര്‍ക്കും കൂട്ടുകാര്‍ക്കും മുന്നിലുള്ള ലക്ഷ്യം.

പരമ്പര സ്വന്തമാക്കിയെങ്കിലും മത്സര വീര്യത്തിന് ഒട്ടും കുറവുവരുത്താന്‍ ഭാരത ക്യാമ്പ് ആഗ്രഹിക്കുന്നില്ല. ഐസിസി ചാമ്പ്യന്‍സ് ട്രോഫി തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. ലോകകപ്പ് ക്രിക്കറ്റ് കഴിഞ്ഞാല്‍ ഏറ്റവും വലിയ ക്രിക്കറ്റ് പരമ്പരയാണ് ഐസിസി ചാമ്പ്യന്‍സ് ട്രോഫി. കഴിഞ്ഞ തവണ അത്യുഗ്രന്‍ മുന്നേറ്റവുമായി ഫൈനല്‍ വരെ എത്തിയ ടീം പരാജയപ്പെട്ടിരുന്നു. ഇക്കുറി അത് തിരിച്ചുപിടിക്കാനുള്ള ഒരുക്കത്തിലാണ് ഭാരത ടീം. ഇന്നത്തെ മത്സരം കൂടി കഴിഞ്ഞാല്‍ ചാമ്പ്യന്‍സ് ട്രോഫിക്ക് മുമ്പ് ഭാരതത്തിന് മറ്റൊരു മത്സരമില്ല. യഥാര്‍ത്ഥ റിഹേഴ്‌സല്‍ മത്സരമാകുകയാണ് അഹമ്മദാബാദിലെ ഈ കളി.

2023 നവംബറില്‍ ലോകകപ്പ് ക്രിക്കറ്റ് ഫൈനലിലാണ് ഏറ്റവും ഒടുവില്‍ അഹമ്മദാബാദില്‍ നടന്ന ആന്താരാഷ്‌ട്ര ക്രിക്കറ്റ്. അന്നും ഫൈനല്‍ വരെ തകര്‍പ്പന്‍ മുന്നേറ്റം കാഴ്‌ച്ചവച്ച ഭാരതം ഫൈനലില്‍ ഓസ്‌ട്രേലിയയ്‌ക്ക് മുന്നില്‍ കാലിടറി വീണിരുന്നു.

കഴിഞ്ഞ മത്സരത്തില്‍ നിന്നും ഭാരത ഇലവനില്‍ ഒരേയൊരു വ്യത്യാസത്തിനേ സാധ്യതയുള്ളൂ. വിക്കറ്റ് കീപ്പറായി കെ.എല്‍. രാഹുലിന് പകരം ഋഷഭ് പന്തിനെ കളിപ്പിക്കും. ചാമ്പ്യന്‍സ് ട്രോഫിയില്‍ ഭാരത ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള പ്രധാന വിക്കറ്റ് കീപ്പറാണ് ഋഷഭ് പന്ത്. ഇംഗ്ലണ്ട് നിരയില്‍ ബ്രൈഡന്‍ കാഴ്‌സെ തിരിച്ചെത്തും. കൂടാതെ ജോഫ്ര ആര്‍ച്ചറെയും കളിപ്പിച്ചേക്കും. സാഖിബ് മഹ്മൂദിനെ പുറത്തിരുത്താനാണ് സാധ്യത.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by