Editorial

നരഭോജികള്‍ നാടുവാഴുമ്പോള്‍

Published by

കാട്ടാനയും കടുവയും അടക്കമുള്ള വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങി മനുഷ്യരെ കൊന്നൊടുക്കിക്കൊണ്ടിരിക്കുന്നു. ഈ വര്‍ഷം ഇത് വരെ കാട്ടാനക്കലിയില്‍ കൊല്ലപ്പെട്ടത് ആറ് മനുഷ്യരാണ്. വയനാട്ടിലെ നൂല്‍പ്പുഴ മൂക്കുത്തിക്കുന്ന് കാപ്പാട് ഉന്നതിയിലെ മനു എന്ന 45കാരന്‍ കാട്ടാനയ്‌ക്ക് മുമ്പില്‍പെട്ട് മരണത്തിനിരയായതാണ് ഇതില്‍ ഒടുവിലത്തെ സംഭവം. വയനാട്ടില്‍ മനു ആണെങ്കില്‍ ഇടുക്കി പെരുവന്താനത്ത് സോഫിയ എന്ന നാല്‍പ്പത്തിയഞ്ച്കാരിയാണ് തിങ്കളാഴ്ച കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇവര്‍ യാദൃച്ഛികമായി കൊല്ലപ്പെടുന്നതല്ല. സര്‍ക്കാറിന്റെ വികലനയങ്ങളുടെ ദുരന്തങ്ങള്‍ ഏറ്റുവാങ്ങാന്‍ വിധിക്കപ്പെട്ട നിസ്സഹായരായരാണിവര്‍.

2016 മുതല്‍ 2025 വരെയുള്ള ഒമ്പത് വര്‍ഷത്തിനിടയില്‍ വന്യജീവി ആക്രമണങ്ങളില്‍ സംസ്ഥാനത്ത് നഷ്ടപ്പെട്ടത് 915 മനുഷ്യ ജീവനുകളാണ്. കാട്ടാന ആക്രമണത്തില്‍ മാത്രം കൊല്ലപ്പെട്ടത് 193 പേരാണ്. വന്യമൃഗങ്ങള്‍ക്ക് മുമ്പില്‍ ബലികൊടുക്കപ്പെടുകയാണ് വനവാസിസമൂഹമടക്കമുള്ള ജനത. സ്വന്തമായി വീടില്ലാത്ത മനുവും ഭാര്യ ചന്ദ്രികയും മൂന്നു കുട്ടികളുമായി തമിഴ്നാട് അതിര്‍ത്തിയിലെ വെള്ളരിയില്‍ നിന്നാണ് കാപ്പാട് ബന്ധുവീട്ടിലെത്തിയത്. രാത്രി കടയില്‍ നിന്ന് വീട്ടുസാധനങ്ങള്‍ വാങ്ങി വരുമ്പോഴാണ് മനു കാട്ടാനയുടെ മുമ്പില്‍പെടുന്നത്. വന്യമൃഗങ്ങളുടെ വിഹാരകേന്ദ്രമായ കാപ്പാട് ഉന്നതിയില്‍ മാനുകൊല്ലപ്പെട്ട് മണിക്കൂറുകള്‍ക്ക് ശേഷം പിറ്റേന്ന് പുലര്‍ച്ചെ മാത്രമാണ് വിവരം ലോകം അറിയുന്നത്. നാട് മുഴുവന്‍ വൈദ്യുതി വെളിച്ചം എത്തിച്ചെന്നും വിവരസാങ്കേതിക വിദ്യയുടെ നാടായി കേരളം മാറിയെന്നും സര്‍ക്കാര്‍ അവകാശപ്പെടുമ്പോഴാണ് വീട്ടിലേക്കുള്ള ഇരുട്ട് വഴിയില്‍ മാനു കൊല്ലപ്പെടുന്നത്. ഇത് മാനുവിന്റെ മാത്രം വിധിയല്ല. ഇവിടെ കാട്ടാനയുടെ ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ്കിടക്കുന്ന ചന്ദ്രനുണ്ട്. വൈദ്യുതിക്കരം അടയ്‌ക്കാന്‍ കഴിയാത്തതിനാല്‍ ചന്ദ്രന്റെ വീട്ടില്‍ കെഎസ്ഇബി വൈദ്യുതി വിച്ഛേദിച്ചിരിക്കുകയാണ്. തൊട്ടടുത്ത വാര്‍ഡില്‍ കൂലിപ്പണിക്കാരനായ വാസു കാട്ടാനയുടെ ആക്രമണത്തില്‍ വൃക്കതകര്‍ന്ന് ചികിത്സ കിട്ടാതെ കിടക്കുന്നു. വന്യമൃഗ ആക്രമണങ്ങളില്‍ ഗുരുതരമായി പരുക്കേറ്റ് മൃതപ്രായവരായി കഴിയുന്നവര്‍ വാര്‍ത്തകളില്‍ ഇടംപിടിക്കുന്നില്ല. ഭരണകൂടത്തിന്റെ സഹായപട്ടികയിലും ഇവരില്ല.

വന്യമൃഗങ്ങളുടെ ആക്രമണങ്ങളില്‍ പാവപ്പെട്ട മനുഷ്യന്‍ കൊല്ലപ്പെടുന്നത് വാര്‍ത്തയാകുമ്പോള്‍ മന്ത്രിമാരെത്തി സഹായധനവും ആശ്വാസനടപടികളും പ്രഖ്യാപിക്കും. നഷ്ടപരിഹാരം അമ്പത് ലക്ഷമായി നിയമം ഭേദഗതി ചെയ്യുമെന്ന് പട്ടികവര്‍ഗ്ഗവകുപ്പിന്റെ ചുമതലവഹിക്കുന്ന മന്ത്രി ഒ.ആര്‍. കേളു പ്രഖ്യാപിച്ചത് കല്ലൂര്‍ മാറോട് രാജു കൊല്ലപ്പെട്ടപ്പോഴാണ്. വനാതിര്‍ത്തിയില്‍ ഫെന്‍സിംഗ് പൂര്‍ത്തിയാക്കുമെന്നായിരുന്നു പിന്നീടുള്ള പ്രഖ്യാപനം. എന്നാല്‍ കാട്ടാനകളും കടുവകളും കാട്ടുപന്നികളും കാടിറങ്ങി നാട്ടിലേക്ക് വരുന്നതിനിടയില്‍ സര്‍ക്കാറിന്റെ വേലികളൊന്നും ഇതുവരെ സ്ഥാപിക്കപ്പെട്ടിട്ടില്ല. കുടിവെള്ളവും വൈദ്യുതിയുമില്ലാത്ത വനവാസി ഗ്രാമങ്ങളെ ഉന്നതിയെന്ന് പേരിട്ടുവിളിക്കുകയല്ലാതെ ജീവിതാവസ്ഥകളില്‍ ഒരു ഉന്നതിയും ഇവിടങ്ങളില്‍ ഉണ്ടായിട്ടില്ല. കാപ്പാട് ഉന്നതിയില്‍ താമസിക്കുന്നവര്‍ കുടിവെള്ളമെടുക്കുന്ന കുഴിക്കടുത്ത്വെച്ചാണ് മാനു കൊല്ലപ്പെട്ടത്. കാടിറങ്ങിയ കാട്ടാന വെള്ളം കുടിക്കാനെത്തിയപ്പോഴാണ് മാനു മുന്നില്‍പ്പെടുന്നത്.

വന്യജീവികള്‍ വനംവിട്ടിറങ്ങുന്നത് നാട്ടുകാരോടു പകതീര്‍ക്കാനല്ല. കുടിവെള്ളം തേടിയും കാട്ടിനുള്ളിലെ കൊടുംചൂട് സഹിക്കാതെയുമാണ്. വനവല്‍ക്കരണത്തിന്റെ ഭ്രാന്തില്‍ അക്കേഷ്യ നട്ടുപിടിപ്പിച്ച വകുപ്പിന്റെ കെടുതിയാണ് ഇന്ന് നാട്ടുകാര്‍ അനുഭവിക്കുന്നത്. മുള മുടിഞ്ഞ കാട്ടില്‍ മാനുകളുടെ പെരുക്കം കൂടിയായായപ്പോള്‍ പച്ചതലപ്പുകള്‍ പോലും ഇല്ലാതാവുകയാണ്. ഭക്ഷണം കിട്ടാത്ത കാട്ടാനകള്‍ നാട്ടിലേക്കിറങ്ങുന്നു. വനവിഭവങ്ങളുടെ ഉടമകളായിരുന്ന വനവാസികളെ നിയമങ്ങളുടെ പേരില്‍ ആട്ടിയകറ്റുന്ന സര്‍ക്കാറിന് അറിയാവുന്നത് കാട്ടുനീതി മാത്രമാണ്. വനത്തെയും വനപരിതസ്ഥിതിയെയും വന്യമൃഗങ്ങളുടെ ജീവിതത്തെയും തിരിച്ചറിയാവുന്ന വനവാസി സമൂഹത്തെ അകറ്റി നിര്‍ത്തിയാണ് സര്‍ക്കാറുകള്‍ നിയമങ്ങളും പദ്ധതികളും ഉണ്ടാക്കുന്നത്. അതിന്റെ ദുരന്തം കൂടിയാണ് നരഭോജികളുടെ നാടായി കേരളം മാറാന്‍ കാരണം. വനവിഭവങ്ങളുടെ ഉടമാവകാശം രാജ്യമൊന്നാകെ വനവാസികള്‍ക്ക് നല്‍കിയെങ്കിലും കേരളത്തില്‍ മാത്രം സാമൂഹിക വനാവകാശങ്ങളില്‍ നിന്ന് വനവാസി പുറത്താണ്.
വനാതിര്‍ത്തികളിലെ മനുഷ്യജീവനെ രക്ഷിക്കാന്‍ ശാശ്വത പരിഹാരമാണാവശ്യം. സംസ്ഥാനങ്ങളുടെ അതിര്‍ത്തി തിരിച്ചറിയാന്‍ വന്യമൃഗങ്ങള്‍ക്ക് കഴിയില്ലെന്ന് വനംവന്യജീവി വകുപ്പിന്റെ മന്ത്രിക്ക് തിരിച്ചറിയാനാകുന്നില്ല. അതിര്‍ത്തി പങ്കിടുന്ന അയല്‍ സംസ്ഥാനങ്ങളുമായി ഒന്നിച്ചിരുന്ന് സമഗ്ര ൈപദ്ധതി ആവിഷ്‌ക്കരിക്കാന്‍ സര്‍ക്കാറിന് കഴിയണം. വനത്തെ പരിപാലിക്കുന്ന പരമ്പരാഗത ജനതയുടെ വംശനാശം ഒഴിവാക്കണം. നൂറ്റാണ്ടുകളായി ആ ജനത പരിപാലിച്ച നാട്ടറിവുകളില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളാന്‍ വകുപ്പുകള്‍ക്ക് കഴിയണം. ശാസ്ത്രീയവും കാര്യക്ഷമവുമായ പദ്ധതികളിലൂടെ വനത്തെയും വനവാസി സമൂഹത്തെയും കര്‍ഷകരെയും സംരക്ഷിക്കാന്‍ ഭരണകൂടത്തിന് കഴിയണം. നിസ്സഹായനായി കൈമലര്‍ത്തുന്ന വനം വന്യജീവി വകുപ്പ് മന്ത്രിയെക്കൊണ്ട് അതൊന്നും കഴിയില്ലെന്ന് ബന്ധപ്പെട്ടവര്‍ ഇനിയെങ്കിലും തിരിച്ചറിയണം

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by