തിരുവനന്തപുരം: ലഹരി ഉപയോഗിക്കുന്ന മക്കളെ ഭയന്നുകഴിയുന്ന അമ്മമാരുടെ നാടായി കേരളം മാറുന്നുവെന്നും ലഹരിവിമുക്ത പ്രവര്‍ത്തനങ്ങള്‍ പാളുന്നുവെന്നും പ്രതിപക്ഷം. ലഹരിക്കടത്ത് നടക്കുന്നുണ്ടെന്നും സംസ്ഥാനത്താണ് ഏറ്റവും കൂടുതല്‍ കേസുകള്‍ പിടികൂടുന്നതെന്നും സമ്മതിച്ച് എക്സൈസ് മന്ത്രി എം.ബി. രാജേഷ്. അടിയന്തരപ്രമേയ നോട്ടീസ് ചര്‍ച്ചയിലാണ് ലഹരിക്കടത്തിന്റെ കണക്കുകള്‍ നിയമസഭയില്‍ എത്തിയത്.
ലഹരിക്കടത്തും ലഹരി ഉപയോഗവും സംബന്ധിച്ചുള്ള അടിയന്തരപ്രമേയ നോട്ടീസ് പി.സി. വിഷ്ണുനാഥാണ് അവതരിപ്പിച്ചത്. സമൂഹത്തിന് ഒന്നടങ്കം ആശങ്കയുള്ള വിഷയമായതിനാല്‍ ചര്‍ച്ചയാകാമെന്ന് സര്‍ക്കാര്‍ അറിയിക്കുകയായിരുന്നു. ലഹരി ഉപയോഗിക്കുന്ന മക്കള്‍ക്ക് രാത്രി കതക് തുറന്നുകൊടുക്കാനും ആഹാരം നല്‍കാനും അമ്മമാര്‍ ഭയപ്പെടുന്ന നാടായി കേരളം മാറിയെന്ന് പി.സി. വിഷ്ണുനാഥ് പറഞ്ഞു. ലഹരി ഉപയോഗിച്ചുള്ള അക്രമങ്ങള്‍ വര്‍ദ്ധിക്കുകയാണെന്നും അത് സംബന്ധിച്ചുള്ള ചോദ്യങ്ങള്‍ക്ക് കൃത്യമായ കണക്കില്ലെന്ന നിരുത്തരവാദപരമായ മറുപടിയാണ് സര്‍ക്കാര്‍ നല്‍കുന്നതെന്നും വിഷ്ണുനാഥ് ആരോപിച്ചു. ഇതരസംസ്ഥാനത്ത് നിന്നും വിദേശങ്ങളില്‍ നിന്നും ഓണ്‍ലൈനായി ലഹരി ഒഴുകുന്നു. ലഹരി ഉപയോഗത്തിന് തുടക്കം കുറിക്കുന്ന പുകയില ഉത്പന്നങ്ങള്‍ക്ക് കോപ്ട ആക്ട് പ്രകാരം കേസെടുത്താല്‍ 200 രൂപ മാത്രമാണ് പിഴ. 10 വര്‍ഷമായി കോപ്ട കേസുകളില്‍ പിടികൂടുന്നവരില്‍ യുവാക്കളാണ് അധികവും. ലഹരിക്കടത്തും ഉപയോഗവും സംബന്ധിച്ച് പഠനങ്ങള്‍ നടത്തുകയോ പരിഹാരം കാണാന്‍ ശ്രമിക്കുകയോ ചെയ്യുന്നില്ലെന്നും വിഷ്ണുനാഥ് കുറ്റപ്പെടുത്തി.
ചര്‍ച്ചയില്‍ പങ്കെടുത്ത ഭരണപക്ഷ അംഗങ്ങളും ലഹരിക്കടത്തിലെ അടിയന്തര പ്രമേയ ചര്‍ച്ചയെ സ്വാഗതം ചെയ്തു. സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നുണ്ടെങ്കിലും ലഹരി ഉപയോഗം കുറയ്ക്കാനാകുന്നില്ലെന്ന് ഭരണ, പ്രതിപക്ഷം ഒന്നടങ്കം പറഞ്ഞു. കേരളം ലഹരിക്കടത്തിന്റെ തലസ്ഥാനം ആകുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ആരോപിച്ചു.
ലഹരിക്കടത്ത് പിടികൂടിയാലും ഉറവിടം തേടിയുള്ള അന്വേഷണം എങ്ങുമെത്തുന്നില്ലെന്നും കുറ്റപ്പെടുത്തി. ഇതോടെ ലഹരിക്കടത്തുകളുടെ ഉറവിടം തേടി നടത്തിയ അന്വേഷണത്തിന്റെ കണക്കുകള്‍ നിരത്തിയാണ് മന്ത്രി എം.ബി. രാജേഷ് മറുപടി പറഞ്ഞത്. സംസ്ഥാനത്ത് പിടികൂടുന്ന കേസുകളുടെ എണ്ണം കൂടുതലാണെന്നും പ്രതികളില്‍ 98.9 ശതമാനം പേര്‍ക്കും ശിക്ഷ ഉറപ്പാക്കുന്നുണ്ടെന്നും പാര്‍ലമെന്റില്‍ നല്കിയ കണക്കുകള്‍ നിരത്തി തിരിച്ചടിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: