കാളി തകില്‍ തൊട്ട് നമസ്‌ക്കരിക്കുന്ന ചിക്കര കുട്ടികള്‍
ചേര്‍ത്തല: കണിച്ചുകുളങ്ങര ദേവിയുടെ ഇഷ്ടവാദ്യമായ കാളി തകില്‍ കാണാനും തൊട്ട് നമസ്‌കരിക്കാനും ഭക്തജന തിരക്കേറി. നിരവധി ചിക്കരകുട്ടികളും ക്ഷേത്രത്തിലെത്തുന്ന ഭക്തരുമാണ് തകില്‍ തൊട്ട് നമസ്‌ക്കരിക്കാനും എത്തുന്നത്. ക്ഷേത്രത്തിലെ നിലവറയില്‍ സൂക്ഷിക്കുന്ന കാളിതകില്‍ ഉത്സവ കൊടിയേറ്റ് തലേന്നാണ് പുറത്തെടുക്കുന്നത്. കാളി തകിലിലൂടെയാണ് കൊടിയേറ്റിന്റെ അറിയിപ്പ് നല്‍കുന്നത്. ക്ഷേത്രത്തിലെ 10 മുതല്‍പ്പറ്റുകളിലും ഇതിന്റെ ശബ്ദം അറിയിപ്പായി എത്തുമെന്നാണ് വിശ്വാസം.
ക്ഷേത ഉത്പത്തിയുമായി ബന്ധപ്പെട്ട തകില്‍ ദര്‍ശിക്കുന്നതും തൊട്ട് നമസ്‌ക്കരിക്കുന്നതും പുണ്യമാണെന്നാണ് വിശ്വാസം. ക്ഷേത്രത്തിന് കിഴക്ക് ഭാഗത്തുള്ള ആറാട്ട്കുളത്തില്‍ (വലിയകുളം)നിന്നാണ് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് കാളി തകില്‍ ലഭിച്ചത്. ഇത്രയും വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ഒരു കേടുപാടും കൂടാതെ ഇന്നും തകില്‍ ഉപയോഗിക്കുന്നു.ഉത്സവ ദിവസങ്ങളില്‍ ചിക്കര കൊട്ടിക്കല്‍ കൂട്ടക്കളത്തിനും,ദേവീയുടെ താലി ചാര്‍ത്തിനും, കൂട്ടക്കള മഹോത്സവ ദിനത്തിലുമാണ് കാളിതകില്‍ വായിക്കുന്നത്.
51 താളങ്ങളാണ് കാളി തകിലില്‍ നിന്ന് പുറപ്പെടുന്നത്.ഇതിന്റെ വായനയോടൊപ്പം ദേവി നൃത്തം ചവിട്ടുമെന്നാണ് ഐതിഹ്യം.ക്ഷേത്ര അവകാശികളാണ് ഇത് വായിക്കുന്നത്. ഉത്സവത്തിന്റെ കൊടിയിറക്കത്തിന് ശേഷം കാളി തകില്‍ നിലവറയിലേയ്‌ക്ക് മാറ്റും.
പ്രതികരിക്കാൻ ഇവിടെ എഴുതുക