കോഴിക്കോട് : പൊക്കുന്നില്‍ തൊണ്ടയില്‍ ഷാമ്പൂ കുപ്പിയുടെ അടപ്പ് കുടുങ്ങി എട്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ച സംഭവത്തില്‍ പിതാവിന്റെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആദ്യ കുഞ്ഞ് ഭാര്യവീട്ടില്‍ വച്ചുതന്നെ മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി മരിക്കുകയായിരുന്നു. രണ്ടാമത്തെ കുഞ്ഞും സമാനമായ രീതിയില്‍ മരിച്ചതിനെത്തുടര്‍ന്നാണ് ദുരൂഹത സംശയിച്ചതും പരാതി നല്കിയതും.
പൊക്കുന്ന് നിസാറിന്റെയും ആയിഷ സുല്‍ഫത്തിന്റെയും മകന് മുഹമ്മദ് ഇബാദ് ആണ് മരിച്ചത്. നിസാറിന്റെ പരാതിയില്‍ ടൗണ്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. സംഭവത്തില്‍ അസ്വാഭാവികതയില്ലെന്നാണ് പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാരില്‍ നിന്ന് ലഭിക്കുന്ന പ്രാഥമികസൂചന. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. രണ്ടു കുട്ടികളും ഭാര്യ വീട്ടില്‍ വച്ചു തന്നെയാണ് മരിച്ചതെന്നതും ആശുപത്രിയിലെത്തിക്കാന്‍ വൈകിയതും ദുരൂഹമാണെന്നാണ് നിസാര്‍ പരാതിയില്‍ പറയുന്നത്.
നിസാറിന്റെ ഭാര്യ ആയിഷ സുല്‍ഫത്തിന്റെ കുറ്റിച്ചിറയിലുള്ള വീട്ടില്‍ വച്ച് തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. ഷാംപു കുപ്പിയുടെ അടപ്പു തൊണ്ടയില്‍ കുടുങ്ങിയ കുട്ടിയെ രാത്രി ഒമ്പതരയോടെ കോട്ടപ്പറമ്പ് ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. 14 ദിവസം പ്രായമുള്ളപ്പോള്‍ ആദ്യ കുഞ്ഞ് മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങിയാണ് മരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: