Business

വരുമോ വന്‍ വ്യാപാരയുദ്ധം? ഉരുക്കിനും അലൂമിനിയത്തിനും ഇറക്കുമതി തീരുവ കൂട്ടിയ ട്രംപിന്റെ നിലപാടിനെതി യൂറോപ്യന്‍ രാജ്യങ്ങള്‍

റഷ്യ-ഉക്രൈന്‍ യുദ്ധവും ഇസ്രയേല്‍-ഇറാന്‍ യുദ്ധവും ചേര്‍ന്ന് ലോകത്തെ ചരക്ക് നീക്കപ്രതിസന്ധിയിലേക്കും ചരക്ക്ക്ഷാമത്തിലേക്കും തള്ളിയിട്ടതിന് പിന്നാലെ ഇതാ ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ വ്യാപാരയുദ്ധം രൂപംകൊള്ളുന്നു. ലോകത്തിന്‍റെ സമാധാനം മുഴുവന്‍ തകര്‍ക്കുന്ന സംഘര്‍ഷത്തിന്‍റെ നാളുകളോ വരാനിരിക്കുന്നതെന്ന് ആശങ്ക.

Published by

ന്യൂയോര്‍ക്ക്: റഷ്യ-ഉക്രൈന്‍ യുദ്ധവും ഇസ്രയേല്‍-ഇറാന്‍ യുദ്ധവും ചേര്‍ന്ന് ലോകത്തെ ചരക്ക് നീക്കപ്രതിസന്ധിയിലേക്കും ചരക്ക്ക്ഷാമത്തിലേക്കും തള്ളിയിട്ടതിന് പിന്നാലെ ഇതാ ലോകരാഷ്‌ട്രങ്ങള്‍ക്കിടയില്‍ വ്യാപാരയുദ്ധം രൂപംകൊള്ളുന്നു. ലോകത്തിന്റെ സമാധാനം മുഴുവന്‍ തകര്‍ക്കുന്ന സംഘര്‍ഷത്തിന്റെ നാളുകളോ വരാനിരിക്കുന്നതെന്ന് ആശങ്ക.

‘ആദ്യം യുഎസ്’ എന്ന മുദ്രാവാക്യവുമായി യുഎസില്‍ അധികാരത്തില്‍ എത്തിയ ട്രംപ് ആദ്യം ചെയ്തത് അനധികൃത കുടിയേറ്റക്കാരനെ യുഎസില്‍ നിന്നും നാടുകടത്തുക എന്നതായിരുന്നു. ഇനി അമേരിക്കയില്‍ അമേരിക്കക്കാര്‍ മതി എന്ന തീവ്രവാദ നിലപാടാണ് ട്രംപിന്. അതിന് പിന്നാലെ മറ്റ് രാജ്യങ്ങളില്‍ നിന്നും അമേരിക്ക ഇറക്കുമതി ചെയ്യുന്ന സാധനങ്ങള്‍ക്ക് ഇറക്കുമതി ചുങ്കം വന്‍തോതില്‍ കൂട്ടുകയാണ് ട്രംപ് ചെയ്തത്. അലൂമിനിയത്തിന് ഈടാക്കിയിരുന്ന 10 ശതമാനം ഇറക്കുമതി ചുങ്കം 25 ശതമാനമായി ഉയര്‍ത്തിയതായി തിങ്കളാഴ്ചയാണ് ട്രംപ് പ്രഖ്യാപിച്ചത്. ഉരുക്കിനും (സ്റ്റീല്‍) ഇറക്കുമതി തീരുവ 25 ശതമാനമാക്കി ഉയര്‍ത്തി. ഇത് മാര്‍ച്ച് നാല് മുതല്‍ നിലവില്‍ വരും. ഒരു രാജ്യത്തെയും ഇറക്കുമതി തീരുവയില്‍ നിന്നും ഒഴിവാക്കില്ലെന്നും ട്രംപ് പ്രത്യേകം സൂചിപ്പിച്ചിട്ടുണ്ട്.

മറ്റു രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതി കുറയുന്നതോടെ അമേരിക്കയില്‍ ഉല്‍പാദനം കൂട്ടാന്‍ കഴിയും, അതുവഴി അമേരിക്കയിലെ ഫാക്ടറികള്‍ സജീവമാകും എന്നൊക്കെയാണ് ട്രംപിന്റെ കണക്കുകൂട്ടല്‍. ഇതുവഴി അമേരിക്കയില്‍ നിര്‍മ്മിക്കുന്ന സാധനങ്ങള്‍ അല്‍പം വില കൂടിയാലും അമേരിക്കക്കാര്‍ ഉപയോഗിച്ച് തുടങ്ങും എന്നും ട്രംപ് കണക്ക് കൂട്ടുന്നു. . വിദേശത്ത് നിന്നും അമേരിക്കയിലേക്കുള്ള ചരക്കുനീക്കം നിരുത്സാഹപ്പെടുത്തുക എന്നതാണ് ട്രംപിന്റെ നയം. കാറുകള്‍ക്കും സെമികണ്ടക്ടറുകള്‍ക്കും മരുന്നുല്‍പന്നങ്ങള്‍ക്കും ഇതുപോലെ ഇറക്കുമതി ചുങ്കം വന്‍തോതില്‍ കൂട്ടാനാണ് ട്രംപിന്റെ തീരുമാനം.

പക്ഷെ ഇപ്പോഴിതാ യൂറോപ്യന്‍ രാഷ്‌ട്രങ്ങള്‍ ട്രംപിന്റെ ഈ നടപടിയ്‌ക്കെ് അതേ നാണയത്തില്‍ തിരിച്ചടി കൊടുക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. ഏറ്റവും ഒടുവില്‍ അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന ഉരുക്കിനും അലൂമിനയത്തിനും ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചതാണ് യൂറോപ്യന്‍ രാജ്യങ്ങളെ ചൊടിപ്പിച്ചിരിക്കുന്നത്. യൂറോപ്യന്‍യൂണിയനിലെ രാജ്യങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പിക്കുന്ന അന്യായമായ ഇറക്കുമതി തീരുവയ്‌ക്കെതിരെ തിരിച്ചടിക്കുമെന്നാണ് യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്‍റ് ഉര്‍സുല മറുപടി നല്‍കിയിരിക്കുന്നത്. ട്രംപിന്റെ ഈ നടപടി എല്ലാവര്‍ക്കും നഷ്ടം സംഭവിക്കുന്ന സാഹചര്യം സൃഷ്ടിക്കുമെന്നാണ് യൂറോപ്യന്‍ വ്യാപാര മേധാവി മാരോസ് സെഫ് കോവിച് അഭിപ്രായപ്പെടുന്നത്.

ട്രംപിന്റെ ഈ നയങ്ങള്‍ ഡോളറിനെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതോടെ ഇന്ത്യന്‍ രൂപ ഉള്‍പ്പെടെ മറ്റ് രാജ്യങ്ങളിലെ കറന്‍സികള്‍ക്ക് വന്‍തോതില്‍ മൂല്യക്ഷയം സംഭവിക്കുകയാണ്. ഇന്ത്യ ഉള്‍പ്പെടെയുള്ള പല രാജ്യങ്ങളിലെയും ഓഹരിവിപണികളും ആന കടന്ന കരിമ്പിന്‍ കാട് പോലെ തകര്‍ന്നിരിക്കുകയാണ്.

എന്തായാലും മറ്റ് രാജ്യങ്ങളും അമേരിക്കയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന സാധനങ്ങള്‍ക്ക് ഇതുപോലെ ഇറക്കുമതി ചുങ്കം കുത്തനെ ഉയര്‍ത്തിയാല്‍ അത് അമേരിക്കയെയും ബാധിക്കും. എന്തായാലും എല്ലാ രാജ്യങ്ങളും ട്രംപിന്റെ ഭീഷണിയ്‌ക്ക് മുന്‍പില്‍ പിടിച്ചുനില്‍ക്കാന്‍ സ്വര്‍ണ്ണം വാങ്ങിക്കൂട്ടുകയാണ്. ഡോളറിനെതിരെ മൂല്യം നഷ്ടപ്പെടാതെ നില്‍ക്കുന്നത് സ്വര്‍ണ്ണം എന്ന ലോഹം മാത്രമാണ് എന്നതാണ് ഇതിന് കാരണം. ഡിമാന്‍റ് കൂടിയാതോടെ സ്വര്‍ണ്ണവില ആഗോളവിപണിയില്‍ കുതിച്ചുയരുകയാണ്. എന്താായാലും വിവിധരാജ്യങ്ങള്‍ തമ്മിലുള്ള വ്യാപാരയുദ്ധം മുറുകിയാല്‍ അത് വലിയ പ്രതിസന്ധിയിലേക്ക് ലോകത്തെ കൊണ്ടുപോകും.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക