ബംഗാളി ഭാഷയില്‍ ഗവര്‍ണര്‍ സി.വി. ആനന്ദബോസ് നയപ്രഖ്യാപന പ്രസംഗം നടത്തുന്നു
കൊല്‍ക്കത്ത: ബംഗാളി ഭാഷയില്‍ ഗവര്‍ണറുടെ നയപ്രഖ്യാപനം. കേന്ദ്രത്തിനെതിരായ രാഷ്‌ട്രീയ പരാമര്‍ശങ്ങള്‍ ഒഴിവാക്കിയും പ്രതിപക്ഷത്തിന്റെ ഭാഗം ക്ഷമയോടെ കേട്ടും നയം വ്യക്തമാക്കി സി.വി. ആനന്ദബോസ്. പ്രതിഷേധമുയര്‍ത്തിയെങ്കിലും സഭ ബഹിഷ്‌കരിക്കാതെ പ്രതിപക്ഷം. പലതുകൊണ്ടും ബംഗാള്‍ നിയമസഭയില്‍ ഇത് ചരിത്രനിമിഷം.
മമതസര്‍ക്കാരുമായുള്ള ഏറ്റുമുട്ടലിനിടയില്‍ ഗവര്‍ണറുടെ നയപഖ്യാപനമില്ലാതെയാണ് കഴിഞ്ഞവര്‍ഷം ബജറ്റ് സമ്മേളനം തുടങ്ങിയത്. ഇക്കൊല്ലം മുഖ്യമന്ത്രിയും സ്പീക്കറും നയപ്രഖ്യാപനത്തിന് ഗവര്‍ണറെ നേരിട്ട് ക്ഷണിച്ചത് ബംഗാളിലെ രാഷ്‌ട്രീയവൃത്തങ്ങളില്‍ കൗതുകവും വിസ്മയവുമുണര്‍ത്തി. മാധ്യമങ്ങള്‍ ഏറെ പ്രാധാന്യത്തോടെ അത് റിപ്പോര്‍ട്ട് ചെയ്തു. മന്ത്രിസഭ അംഗീകരിച്ച പ്രസംഗത്തില്‍ കേന്ദ്രത്തിനെതിരായ രാഷ്‌ട്രീയ വിമര്‍ശനങ്ങളില്‍ ചിലത് വായ്‌ക്കാനാവില്ലെന്ന ഗവര്‍ണറുടെ നിലപാട് ഉള്‍ക്കൊണ്ട് ആ ഭാഗം സര്‍ക്കാര്‍ തന്നെ ഒഴിവാക്കിയാണ് പ്രസംഗത്തിന് അന്തിമരൂപം
നല്‍കിയത്.
2026 ല്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ മമതയുടെ ദുരൂഹമായ അനുനയ നീക്കം എന്നാണ് ചില നിരീക്ഷകരും മാധ്യമങ്ങളും രാജ്ഭവന്‍-സര്‍ക്കാര്‍ ബന്ധത്തിലുണ്ടായ മഞ്ഞുരുകലിനെ വിശേഷിപ്പിച്ചത്.
സഭാങ്കണത്തിലെത്തിയ ഗവര്‍ണറെ മുഖ്യമന്ത്രിയും സ്പീക്കറും പ്രതിപക്ഷനേതാവും ഊഷ്മളമായി സ്വീകരിച്ചു. ഗവര്‍ണര്‍ ആനന്ദബോസ് ബംഗാളിയില്‍ പ്രസംഗം തുടങ്ങിയതോടെ സഭാന്തരീക്ഷം ഒന്നുകൂടി വിസ്മയത്തിലാണ്ടു. ഇടയ്‌ക്ക് പ്രതിപക്ഷം പ്രതിഷേധസ്വരമുയര്‍ത്തിയപ്പോള്‍ പ്രസംഗവായന നിര്‍ത്തി അവരെ കേള്‍ക്കാന്‍ അദ്ദേഹം തയ്യാറായി.
ഗവര്‍ണറായി സത്യപ്രജ്ഞ ചെയ്തയുടന്‍ തന്നെ വിദ്യാരംഭദിനത്തില്‍ മുഖ്യമന്ത്രിയുടെ കാര്‍മികത്വത്തില്‍ ഒരു കുട്ടിയില്‍ നിന്ന് ബംഗാളി ഭാഷ പഠിക്കാന്‍ തുടങ്ങിയ മലയാളിയായ ആനന്ദബോസ് സംസ്ഥാനത്ത് സര്‍വകലാശാല ബിരുദദാന സമ്മേളനമടക്കം പല സന്ദര്‍ഭങ്ങളിലായി നടത്തിയ 21 ാം ബംഗാളി പ്രസംഗമാണ് ഇന്നലെ നിയമസഭയില്‍ കേട്ടത്. ഒരു വര്‍ഷത്തിനിടയില്‍ ബംഗാളിയില്‍ പ്രസംഗിക്കുമെന്നാണ് അന്ന് ഗവര്‍ണര്‍ പ്രഖ്യാപിച്ചത്. എന്നാല്‍ 82 ാം ദിനത്തില്‍ 20 മിനിറ്റ് നീണ്ട ബംഗാളി പ്രസംഗത്തിലൂടെ ആനന്ദബോസ് ഭാഷാപ്രേമികളെ വിസ്മയിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക