തിരുവനന്തപുരം : ഗവര്ണര് രാജേന്ദ്ര വിശ്വനാഥ് അര്ലേക്കറുമായി രാജ്ഭവനില് എത്തി കൂടിക്കാഴ്ച നടത്തി നിയമമന്ത്രി പി രാജീവും ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്. ബിന്ദുവും.വി.സി നിയമനം, ബില്ലുകള് എന്നിവ ചര്ച്ചയായി എന്നാണ് അറിയുന്നത്. തിങ്കളാഴ്ച വൈകുന്നേരമായിരുന്നു കൂടിക്കാഴ്ച.
മന്ത്രി പി രാജീവ് ഗവര്ണറെ കാണുമെന്ന് നേരത്തെ അറിയിച്ചിരുന്നു.എന്നാല് ആര്. ബിന്ദുവും കൂടി കൂടിക്കാഴ്ചയ്ക്ക് എത്തുകയായിരുന്നു. ഉന്നതവിദ്യാഭ്യാസ വകുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളും ചര്ച്ചയായി.
സംസ്ഥാനത്തെ പല സര്വകലാശാലകളിലും സ്ഥിരം വിസിയില്ല.നിയമനവുമായി ബന്ധപ്പെട്ട് വലിയ തടസങ്ങളുണ്ട്. ഹൈക്കോടതിയുടെ ഉത്തരവുമായി ബന്ധപ്പെട്ട കാര്യങ്ങളില് വ്യക്തത വരുത്തി മുന് ഗവര്ണര് ആരിഫ് മുഹമ്മദ് ഖാന് സ്വന്തം നിലയില് സെര്ച്ച് കമ്മിറ്റിയുമായി മുന്നോട്ട് പോകുന്ന സാഹചര്യമായിരുന്നു.
സാങ്കേതിക സര്വലാശാലയിലും ഡിജിറ്റല് സര്വകലാശാലയിലും ആരിഫ് മുഹമ്മദ് ഖാന് താല്പ്പര്യമുള്ളയാളുകളെ നിയമിച്ചുവെന്നും ആരോപണമുണ്ടായിരുന്നു. പുതിയ ഗവര്ണറില് നിന്നും അനുഭാവപൂര്വമായ സമീപനം പ്രതീക്ഷിച്ചാണ് മന്ത്രിമാര് രാജ്ഭവനില് എത്തിയതെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: