തിരുവനന്തപുരം: ‘ ഒരു വടക്കന്‍ വീരഗാഥ’യിലെ പ്രധാനഗാനരംഗം ചിത്രീകരിക്കുമ്പോള്‍ സംവിധായകന്‍ ഹരിഹരന്‍ ഛായാഗ്രാഹകന്‍ രാമചന്ദ്രബാബുവിനോട് നിര്‍ദേശിച്ചത് ഒരൊറ്റക്കാര്യമാണ്:”സ്വപ്നവും യാഥാര്‍ത്ഥ്യവും വേര്‍തിരിക്കുന്ന രേഖകള്‍ മായണം…”. വടക്കന്‍ വീരഗാഥയിലെ ‘ഇന്ദുലേഖ കണ്‍തുറന്നൂ ഇന്നു രാവും സാന്ദ്രമായ്…’ എന്ന പ്രധാനഗാനത്തിന്റെ ചിത്രീകരണത്തിലാണ് ഹരിഹരന് ഈ നിര്‍ബന്ധം. ചന്തുവിനെക്കുറിച്ചുള്ള ഉണ്ണിയാര്‍ച്ചയുടെ പ്രതീക്ഷകളാണ് ഈ ഗാനത്തില്‍.
ഇന്ദ്രജാലം മെല്ലെയുണര്‍ത്തീ
മന്മഥന്റെ തേരിലേറി….
ചന്തുവായി മമ്മൂട്ടി വരുന്നത് കുതിരപ്പുറത്താണ്. നിലാവില്‍ മുങ്ങിക്കുളിച്ച് നില്‍ക്കുന്ന പുഴയോരത്തിലൂടെയാണ് ചന്തുവിന്റെ വരവ്. തരളിതരാവില്‍, നിലാവിന്റെ ശോഭയില്‍ ചന്തുവിന്റെ നെഞ്ചില്‍ തലചായ്‌ക്കുന്ന ഉണ്ണിയാര്‍ച്ച.
‘ആരുടെ മായാമോഹമായ്
ആരുടെ രാഗഭാവമായ്
ആയിരം വര്‍ണ്ണരാജികളില്‍
ആതിരരജനി അണിഞ്ഞൊരുങ്ങി’…
എങ്ങിനെയാണ് ഛായാഗ്രാഹകന്‍ രാമചന്ദ്രബാബു ഈ പാട്ടിന്റെ ഫീല്‍ സംവിധായകന്‍ ഹരിഹരന്‍ നിര്‍ദേശിച്ചതുപോലെ ‘സ്വപ്നവും യാഥാര്‍ത്ഥ്യവും വേര്‍തിരിക്കുന്ന രേഖകള്‍ മായ്‌ക്കുന്ന’ തലത്തിലേക്ക് ഉയര്‍ത്തിയത്?
നിലമ്പൂരില്‍ ഒരു നട്ടുച്ചയ്‌ക്ക് ഷൂട്ട് ചെയ്ത ഗാനരംഗത്തില്‍ എങ്ങിനെയാണ് കുളിരുന്ന രാത്രിയും അതിലൂടെ അരിച്ചിറങ്ങുന്ന നിലാവും കൊണ്ടുവന്നത്? ഇവിടെയാണ് ആ മികച്ച ഛായാഗ്രാഹകന്‍ ചില ടെക്നിക്കുകള്‍ പ്രയോഗിച്ചത്. ഡേ ഫോര്‍ നൈറ്റ് രീതിയിലായിരുന്നു ചിത്രീകരണം. അതുകൊണ്ടാണ് രാത്രിയുടെ ഭംഗിയും നിലാവിന്റെ അഭൗമസൗന്ദര്യവും ഒപ്പിയെടുക്കാന്‍ കഴിഞ്ഞതെന്ന് രാമചന്ദ്രബാബു പറയുന്നു.
കുതിരപ്പുറത്ത് നിലാവലകള്‍ മുറിച്ചുകടന്ന് പായുന്ന ചന്തുവിന്റെ ജ്വലിക്കുന്ന പൗരുഷം. പുഴയും നിലാവലയും രാത്രിയും കൂടിക്കലര്‍ന്ന് ഒരു നീലനിറത്തിലേക്ക് ആ ഗാനരംഗത്തെ എടുത്തുയര്‍ത്തിയാലേ സ്വപ്നവും യാഥാര്‍ത്ഥ്യവും തമ്മിലുള്ള അതിര്‍വരമ്പ് മായ്‌ക്കുന്ന ആ ഭാവം ലഭിയ്‌ക്കൂ. നീലനിറം കിട്ടാന്‍ 85 എന്ന ഡേലൈറ്റ് കണ്‍വെര്‍ഷന്‍ ഫില്‍റ്റര്‍ മാറ്റി. ഇരുട്ട് തോന്നിക്കാന്‍ കുറച്ച് അണ്ടര്‍ എക്സോപസ് ചെയ്ത് ബാക് ലൈറ്റില്‍ ഷൂട്ട് ചെയ്തു. അളവുകള്‍ കൃത്യമായ തോതില്‍ അല്ലെങ്കില്‍ കാര്യങ്ങള്‍ തകിടം മറിയും. അങ്ങിനെ രാമചന്ദ്രബാബു എന്ന ഛായാഗ്രാഹകന്‍ സാങ്കേതികവിദ്യയുടെ മികവും സ്വാഭാവികമായ നൈപുണ്യവും ശരിയായ അളവില്‍ കലര്‍ത്തി ആ അത്ഭുതം സൃഷ്ടിക്കുകയായിരുന്നു. വെറുതെയല്ല, ഗാനങ്ങളെ ഇത്രമേല്‍ ആരാധിക്കുന്ന ഹഹിഹരന് തന്റെ സിനിമകളില്‍ ഏറ്റവും ഇഷ്ടപ്പെട്ട ഗാനമായ് കൈതപ്രം എഴുതി ബോംബെ രവി സിന്ധുഭൈരവി രാഗത്തില്‍ സംഗീതം ചെയ്ത ‘ഇന്ദുലേഖ കണ്‍തുറന്നൂ’ മാറിയത്. വടക്കന്‍ വീരഗാഥയില്‍ പാട്ടുകള്‍ വേണ്ടെന്ന് ശഠിച്ച ചന്തുവായ് തിളങ്ങിയ മമ്മൂട്ടിയും തിരക്കഥയെഴുതിയ എം.ടി. വാസുദേവന്‍നായരും പിന്നീട് ഈ ഗാനത്തെ ഏറെ പ്രശംസിച്ചു. ഈ ഗാനം ഉള്‍പ്പെടെയുള്ള വടക്കന്‍ വീരഗാഥയില്‍ അദ്ദേഹം പുലര‍്ത്തിയ മികച്ച ഛായാഗ്രഹണം പാടവം രാമചന്ദ്രബാബുവിന് മികച്ച ഛായാഗ്രാഹകനുള്ള സംസ്ഥാനം പുരസ്കാരം നേടിക്കൊടുത്തു.
ഇപ്പോള്‍ 4കെയില്‍ ഇറങ്ങിയ വടക്കന്‍ വീരഗാഥയുടെ പുതിയ പുതിപ്പില്‍ ഈ ഗാനരംഗം കൂടുതല്‍ തിളങ്ങുന്നു. ഇതിന്റെ
ഛായാഗ്രാഹകന്‍ രാമചന്ദ്രബാബുവിന്റെ ജീവിതരേഖ
![](https://janmabhumi.in/wp-content/uploads/2025/02/ramachandrababu-350x250.webp)
ഛായാഗ്രാഹകന്‍ രാമചന്ദ്രബാബു ഇന്നില്ല. 2019ല്‍ ഹൃദയാഘാതം മൂലമാണ് അദ്ദേഹം വിടപറഞ്ഞത്. ഛായാഗ്രഹണത്തിലെ സാങ്കേതിക പുരോഗതികൾ മലയാളസിനിമയിലേക്കു കൊണ്ടുവരുന്നതിൽ രാമചന്ദ്രബാബു ഒരു മുഖ്യപങ്കു വഹിച്ചു.
പൂന ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും 1971-ൽ ഛായാഗ്രഹണത്തിൽ ഡിപ്ലോമ നേടിയ വ്യക്തിയാണ് രാമചന്ദ്രബാബു. പിൽക്കാലത്ത് സംവിധായകരായി മാറിയ ബാലു മഹേന്ദ്ര, ജോൺ എബ്രഹാം, കെ.ജി. ജോർജ്ജ് എന്നിവരുമായി പൂന ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വെച്ച് അടുത്ത ബന്ധത്തിലായി. കോഴ്സ് പൂർത്തിയാക്കുന്നതിനു മുൻപു തന്നെ 1972-ൽ പുറത്തിറങ്ങിയ ‘വിദ്യാർത്ഥികളേ ഇതിലേ ഇതിലേ’ എന്ന ജോണ്‍ എബ്രഹാം സംവിധാനം ചെയ്ത ആദ്യചിത്രത്തിലൂടെ അദ്ദേഹം സിനിമാരംഗത്ത് അരങ്ങേറ്റം കുറിച്ചു. എംടിയുടെ നിർമ്മാല്യം (1973), കെ.ജി.ജോര്‍ജ്ജിന്റെ സ്വപ്നാടനം (1976) എന്നീ ചിത്രങ്ങളിൽ പ്രവർത്തിച്ചതോടെ അദ്ദേഹം ചലച്ചിത്രരംഗത്ത് ഛായാഗ്രാഹകനായി ശ്രദ്ധിക്കപ്പെട്ടു.
രാമു കാര്യാട്ട് സംവിധാനം ചെയ്ത് 1976-ൽ പുറത്തിറങ്ങിയ ദ്വീപ് ആണ് രാമചന്ദ്രബാബുവിന്റെ ആദ്യ ബഹുവർണ്ണചിത്രം (ഈസ്റ്റ്മാൻ കളർ). ഈ സിനിമയിലൂടെ മികച്ച ഛായാഗ്രാഹനകനുള്ള ആദ്യ സംസ്ഥാന ചലച്ചിത്രപുരസ്കാരം അദ്ദേഹം നേടി. ഭരതൻ സംവിധാനം ചെയ്ത രതിനിർവേദം (1978), ചാമരം (1980), ഹരിഹരൻ സംവിധാനം ചെയ്ത ഒരു വടക്കൻ വീരഗാഥ എന്നീ ചിത്രങ്ങളിലൂടെ മൂന്നു തവണ കൂടി സംസ്ഥാന പുരസ്കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തി.
ദക്ഷിണേന്ത്യയിൽ ചിത്രീകരിച്ച ആദ്യ സിനിമാസ്കോപ് ചലച്ചിത്രമായ അലാവുദീനും അത്ഭുതവിളക്കും (1979) എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചത് രാമചന്ദ്രബാബുവാണ്. ഐ.വി. ശശി സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ റിലീസ് വൈകി. മറ്റൊരു സിനിമാസ്കോപ് ചിത്രമായ തച്ചോളി അമ്പു (1978) അതിനേക്കാൾ മുൻപ് പുറത്തിറങ്ങുകയും ദക്ഷിണേന്ത്യയിലെ ആദ്യ സിനിമാസ്കോപ് ചിത്രമെന്ന ഖ്യാതി പ്രസ്തുത ചിത്രം സ്വന്തമാക്കുകയും ചെയ്തു. മലയാളത്തിലെ ആദ്യ 70എംഎം ചലച്ചിത്രമായ പടയോട്ടത്തിന്റെ (1982) ഛായാഗ്രാഹകനും രാമചന്ദ്രബാബുവാണ്.
ഛായാഗ്രാഹകന്‍ രാമചന്ദ്രബാബുവിന്റെ മാജിക് കാണാം:
പ്രതികരിക്കാൻ ഇവിടെ എഴുതുക: