ഗിരിരാജ് സിങ്,
കേന്ദ്ര ടെക്സ്റ്റൈല്‍സ് മന്ത്രി
ഏകദേശം 176 ശതകോടി യുഎസ് ഡോളര്‍ വലിപ്പമുള്ള ഭാരതത്തിന്റെ വസ്ത്ര-തുണിത്തര വ്യവസായം, രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ ഏകദേശം രണ്ടുശതമാനത്തോളം സംഭാവന ചെയ്യുന്നുണ്ട്; ഒപ്പം, നിര്‍മാണമേഖലയിലെ ഉത്പാദനത്തിന്റെ ഏകദേശം 11 ശതമാനവും വഹിക്കുന്നു. 45 ദശലക്ഷത്തിലധികം ടെക്സ്റ്റൈല്‍ തൊഴിലാളികള്‍ക്കു നേരിട്ടു തൊഴില്‍ നല്കുന്ന, രാജ്യത്തെ ഏറ്റവും വലിയ തൊഴില്സ്രോതസ്സുകളില് ഒന്നാണു ടെക്സ്റ്റൈല്‍ വ്യവസായം. തുണിത്തര-വസ്ത്ര കയറ്റുമതിയില്‍ ഏറ്റവും വലിയ ആറാമത്തെ രാജ്യമാണ് ഭാരതം. ഈ വിഭാഗത്തിലെ ആഗോള വ്യാപാരത്തിന്റെ ഏകദേശം നാലുശതമാനവും ഭാരതീയരാണ്. ഭാരതത്തിന്റെ മൊത്തം വ്യാപാര കയറ്റുമതിയില്‍ കരകൗശല വസ്തുക്കള്‍ ഉള്‍പ്പെടെയുള്ള തുണിത്തര-വസ്ത്ര വിഹിതം നിലവില്‍ ഏകദേശം എട്ടുശതമാനമാണ്. സര്‍ക്കാരിന്റെ ‘മെയ്ക്ക് ഇന്‍ ഇന്ത്യ’, ‘സ്കില്‍ ഇന്ത്യ’, സ്ത്രീശാക്തീകരണം, ഗ്രാമീണ യുവജന തൊഴില്‍ തുടങ്ങിയ പ്രധാന സംരംഭങ്ങളുമായി ഈ മേഖല പൂര്‍ണതോതില്‍ ചേര്‍ന്നുപോകുന്നു.
ടെക്സ്റ്റൈല്‍സ് മന്ത്രാലയത്തിന് 2025-26 ല്‍ 5272 കോടി രൂപയാണു ബജറ്റില്‍ വകയിരുത്തിയിട്ടുള്ളത്. 2024-25ലെ ബജറ്റ് എസ്റ്റിമേറ്റിനേക്കാള്‍ (4417.03 കോടി രൂപ) ഏകദേശം 19 ശതമാനം വര്‍ധനയാണിത്. സമീപവര്‍ഷങ്ങളിലെ ഏറ്റവും ഉയര്‍ന്ന നിരക്കുകൂടിയാണിത്. ടെക്്സ്റ്റൈല്സിനായുള്ള ഉത്പാദന ബന്ധിത നിക്ഷേപപദ്ധതിയുടെ ബജറ്റ് 2024-25 ലെ 45 കോടി രൂപയില്‍ നിന്ന് ഈ വര്‍ഷം 1148 കോടി രൂപയായി വര്‍ധിപ്പിച്ചു. ഭാരതത്തിന്റെ ഉത്പാദനശേഷി വര്‍ധിപ്പിക്കുന്നതിനും അഞ്ചുവര്‍ഷക്കാലയളവില്‍ 10,683 കോടി രൂപയുടെ അംഗീകൃത സാമ്പത്തിക വിഹിതത്തോടെ കയറ്റുമതി വര്‍ധിപ്പിക്കുന്നതിനുമായി തുണിത്തരങ്ങള്‍ക്കായുള്ള ഉത്പാദന ബന്ധിത ആനുകൂല്യ പദ്ധതി നടപ്പാക്കുന്നു. മനുഷ്യനിര്‍മിത ഫൈബര്‍, ഇത്തരം ഫൈബര്‍ വസ്ത്രങ്ങള്‍, ടെക്നിക്കല്‍ ടെക്സ്റ്റൈല്‍സ് തുടങ്ങി വളര്‍ന്നുവരുന്ന മേഖലകളെ ഇത് ഉള്‍ക്കൊള്ളുന്നു. ആഴവും പരപ്പും കൈവരിക്കുന്നതിനു പുറമേ, ഈ മേഖലകള്‍ക്ക് ആഗോളതലത്തില്‍ മത്സരക്ഷമമാകാനും ഇതിലൂടെ കഴിയുന്നു.
2025-26ലെ കേന്ദ്ര ബജറ്റ് ‘പരുത്തി ഉത്പാദനക്ഷമതയ്ക്കുള്ള ദൗത്യം പ്രഖ്യാപിച്ചിട്ടുണ്ട്. പരുത്തിക്കൃഷിയുടെ ഉത്പാദനക്ഷമതയിലും സുസ്ഥിരതയിലും ഗണ്യമായ പുരോഗതി കൈവരിക്കുന്നതിനും അധികകാലം ഉപയോഗിക്കാവുന്ന പ്രധാന പരുത്തി ഇനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും അഞ്ചുവര്‍ഷത്തെ ഈ ദൗത്യം സഹായിക്കും. കേന്ദ്ര കൃഷി-കര്‍ഷകക്ഷേമ മന്ത്രാലയവും ടെക്സ്റ്റൈല്‍സ് മന്ത്രാലയവും സംയുക്തമായാണ് ഈ ദൗത്യം നടപ്പാക്കുക.
ടെക്സ്റ്റൈല്‍സ് മന്ത്രാലയത്തിന്റെ ദേശീയ ടെക്നിക്കല്‍ ടെക്സ്റ്റൈല്‍സ് ദൗത്യം ഗവേഷണവും നവീകരണവും വികസനവും, പ്രോത്സാഹനവും വിപണിവികസനവും, വിദ്യാഭ്യാസവും വൈദഗ്ധ്യവും, ടെക്നിക്കല്‍ ടെക്സ്റ്റൈല്‍സിലെ കയറ്റുമതി പ്രോത്സാഹനം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. തീരുവകളില്‍നിന്ന് പൂര്‍ണ ഇളവുകള്‍ നല്‍കിയിട്ടുള്ള വസ്ത്രനിര്മാണയന്ത്രങ്ങളുടെ പട്ടികയില്‍ രണ്ടുതരം ഷട്ടില്‍-ലെസ് തറികള്‍ കൂടി ഇത്തവണ ബജറ്റ് കൂട്ടിച്ചേര്‍ത്തു. തുണിവ്യവസായത്തില്‍ ഉപയോഗിക്കുന്നതിനുള്ള ഷട്ടില്‍-ലെസ് റാപ്പിയര്‍ തറികള്‍ (മിനിറ്റില്‍ 650 മീറ്ററില്‍ താഴെ), ഷട്ടില്‍-ലെസ് ലൂം എയര്‍ ജെറ്റ് തറികള്‍ (മിനിറ്റില്‍ 1000 മീറ്ററില്‍ താഴെ) എന്നിവയ്ക്കു നിലവിലുണ്ടായിരുന്ന 7.5 ശതമാനം തീരുവ പൂര്‍ണമായും ഇല്ലാതാക്കി.
ഒമ്പതു താരിഫ് ലൈനുകളില്‍ ഉള്‍പ്പെടുന്ന നെയ്ത തുണിത്തരങ്ങളുടെ അടിസ്ഥാന കസ്റ്റം തീരുവ ’10 ശതമാനം അല്ലെങ്കില്‍ 20 ശതമാനം എന്നതില്‍നിന്ന് ”കിലോയ്ക്ക് 20 ശതമാനം അല്ലെങ്കില്‍ 115 രൂപ, ഇതില്‍ ഏതാണ് ഉയര്‍ന്നത്” എന്ന നിലയില്‍ വര്‍ധിപ്പിക്കാനുള്ള ബജറ്റ് പ്രഖ്യാപനം, കുറഞ്ഞ വിലയ്ക്ക് നെയ്ത തുണിത്തരങ്ങളുടെ ഇറക്കുമതി തടയുന്നതിലൂടെ ആഭ്യന്തര തുണിവ്യവസായത്തിനു കരുത്തേകും. ഈ നടപടി തദ്ദേശീയമായി ഉല്‍പ്പാദിപ്പിക്കുന്ന തുണിത്തരങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുകയും ശേഷീവിനിയോഗം വര്‍ധിപ്പിക്കുകയും പ്രാദേശിക ഉത്പാദനത്തില്‍ നിക്ഷേപം ഉത്തേജിപ്പിക്കുകയും ചെയ്യും.
സമ്പദ്വ്യവസ്ഥയില് പരിവര്‍ത്തനാത്മക പരിഷ്കാരങ്ങള്‍ കൊണ്ടുവരുന്നതിനുള്ള സങ്കേതങ്ങളിലൊന്നായി എംഎസ്എംഇകളെ ബജറ്റ് വിലയിരുത്തിയിട്ടുണ്ട്. ഭാരതത്തെ ടെക്സ്റ്റൈല്‍-വസ്ത്ര ഉത്പാദന ശേഷിയുടെ ഭൂരിഭാഗവും പ്രതിനിധാനം ചെയ്യുന്നത് എംഎസ്എംഇകളാണ് എന്നതിനാല്‍ ഇതു ടെക്സ്റ്റൈല്‍ മേഖലയെ സംബന്ധിച്ചു പ്രാധാന്യമര്‍ഹിക്കുന്നു. കാരണം മേഖലയുടെ 80 ശതമാനത്തിലധികവും ഉള്ക്കൊള്ളുന്നതാണിവ. ഈടുപരിരക്ഷയോടുകൂടിയ വായ്പാലഭ്യതയിലെ ഗണ്യമായ വര്‍ധനയോടെ എംഎസ്എംഇകള്‍ക്കുള്ള വര്‍ഗീകരണ മാനദണ്ഡങ്ങളിലെ പരിഷ്കരണം പോലുള്ള വ്യവസ്ഥകള്‍ ഉയര്‍ന്ന കാര്യക്ഷമത, സാങ്കേതിക നവീകരണം, മൂലധനത്തിലേക്കുള്ള മികച്ച പ്രവേശനം എന്നിവ കൈവരിക്കാന്‍ അവയെ സഹായിക്കും. പുതുക്കിയ വര്ഗീകരണത്തോടെ, ഇപ്പോള്‍ കൂടുതല്‍ യൂണിറ്റുകള്‍ എംഎസ്എംഇക്കു കീഴില്‍ വരും.
മേല്‍പ്പറഞ്ഞ കാര്യപരിപാടി മുന്നോട്ടുകൊണ്ടുപോകുന്നതിനും ഇന്ത്യന്‍ ടെക്സ്റ്റൈല്‍ വ്യവസായത്തിന് ഉത്തേജനം പകരുന്നതിനുമായി, 11 പ്രമുഖ ടെക്സ്റ്റൈല്‍ വ്യവസായ സ്ഥാപനങ്ങള്‍ ചേര്‍ന്ന് ‘ഭാരത് ടെക്സ് 2025’ എന്ന ബൃഹദ് പരിപാടി സംഘടിപ്പിക്കുകയാണ്. അസംസ്്കൃതവസ്തുക്കള് മുതല്‍ പൂര്‍ത്തിയായ ഉത്പന്നങ്ങള്‍ വരെയും, അനുബന്ധ ഉപകരണങ്ങള്‍ ഉള്‍പ്പെടെ ടെക്സ്റ്റൈല്‍ വ്യവസായ മൂല്യശൃംഖലയെ ആകെയും, ഒരൊറ്റ മേല്‍ക്കൂരയ്ക്കു കീഴില്‍ കൊണ്ടുവരുന്നതിനാല്‍, വ്യാപ്തിയിലും സാധ്യതയിലും ലോകത്തിലെ ഇത്തരത്തിലുള്ള ഏറ്റവും വലിയ പരിപാടികളില്‍ ഒന്നായിരിക്കും ‘ഭാരത് ടെക്സ് 2025’. സുസ്ഥിരത, നവീകരണം, ആഗോള സഹകരണം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഈ പരിപാടി പുനരുജ്ജീവനശേഷിയുള്ള ആഗോള മൂല്യശൃംഖലകള്‍, തുണിത്തരങ്ങളുടെ സുസ്ഥിരത എന്നീ രണ്ടു പ്രമേയങ്ങളെ അധികരിച്ചാണു സജ്ജമാക്കിയിട്ടുള്ളത്. പ്രധാന പരിപാടി 2025 ഫെബ്രുവരി 14 മുതല്‍ 17 വരെ ഭാരത് മണ്ഡപത്തില്‍ നടക്കും. അസംസ്കൃതവസ്തുക്കള്‍ മുതല്‍ പൂര്‍ത്തിയായ ഉല്പ്പന്നങ്ങള്വരെയുള്ള തുണിത്തരങ്ങളുടെ മുഴുവന്‍ മൂല്യശൃംഖലയും ഇതില്‍ ഉള്‍പ്പെടും. അതേസമയം അനുബന്ധ ഉപകരണങ്ങള്‍, വസ്ത്രയന്ത്രങ്ങള്, ചായങ്ങള്‍, രാസവസ്തുക്കള്‍, കരകൗശല വസ്തുക്കള്‍ എന്നിവയുടെ പ്രദര്‍ശനങ്ങള്‍ 2025 ഫെബ്രുവരി 12 മുതല്‍ 15 വരെ ഇന്ത്യ എക്സ്പോ സെന്ററിലും മാര്‍ട്ട് ഗ്രേറ്റര്‍ നോയിഡയിലും നടക്കും. നയപരമായ പിന്തുണ നിലവില്‍ വരുന്നതോടെ, അസംസ്കൃതവസ്തുക്കളുടെ മൂല്യശൃംഖലയിലാകെ ഭാരതത്തെ സ്വയംപര്യാപ്തമാക്കുന്നതിനും, കൂടുതല്‍ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്നതിനും, ആഭ്യന്തര വിപണി വലിപ്പവും കയറ്റുമതിയും വര്‍ധിപ്പിക്കുന്നതിനും, വലിയ തോതിലുള്ള ഉപജീവന അവസരങ്ങള്‍ ഉറപ്പാക്കുന്നതിനുള്ള സാധ്യതകള്‍ വിപുലീകരിക്കുന്നതിനുമുള്ള ശ്രമങ്ങള്‍ കൂടുതല്‍ ഊര്‍ജസ്വലമാക്കേണ്ടതുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: