വളരെ അഭിമാനകരമായ ഒരു വാര്‍ത്ത ജനുവരി 31 ലെ പത്രങ്ങള്‍ തീരെ പ്രാധാന്യമില്ലാതെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. നാവിക ‘സാഗര്‍ പരിക്രമ’യുടെ ഭാഗമായി നമ്മുടെ രണ്ട് വനിതാ നാവികര്‍ നേടിയ റെക്കോര്‍ഡിന്റെ വാര്‍ത്തയായിരുന്നത്. ലഫ്. കമാന്‍ഡര്‍ ദില്‍ന, ലഫ്. കമാന്‍ഡര്‍ രൂപ എന്നീ വനിതാ നാവികരുടെ ധീരതയുടെ കഥ. ഇന്ത്യന്‍ നേവല്‍ സെയിലിങ് വെസല്‍(ഐഎന്എസ്വി) തരിണിയിലായിരുന്നു ഈ ധീരനാവികരുടെ യാത്ര.
ലോകത്തിലെ ഏറ്റവും ഒറ്റപ്പെട്ട സ്ഥലമായ ‘നെമോ പോയിന്റ്’ അവര്‍ വിജയകരമായി തരണം ചെയ്തു. പസഫിക് സമുദ്രത്തില്‍ സ്ഥിതിചെയ്യുന്ന ‘പോയിന്റ് നെമോ’ ഭൂമിയിലെ ഏറ്റവും ഏകാന്തമായ സ്ഥലമെന്നാണറിയപ്പെടുന്നത്. ന്യൂസിലാന്റിലും അന്റാര്‍ട്ടിക്കയ്ക്കും ഇടയില്‍ സ്ഥിതിചെയ്യുന്ന ഈ സാങ്കല്പിക പോയിന്റിലേക്ക് ഏറ്റവും അടുത്ത കരയില്‍ നിന്നുള്ള ദൂരം ഏതാണ്ട് 1600 മൈല്‍. അതുകൊണ്ടു തന്നെ സമുദ്രയാത്രികരൊന്നും സാധാരണ ഈ വിജന സമുദ്രഭാഗത്തേക്ക് യാത്ര ചെയ്യാറില്ല. അവിടേക്കാണ് 2024 ഒക്ടോബര്‍ രണ്ടിന് ഗോവയില്‍നിന്ന് പുറപ്പെട്ട ‘തരിണി’യില്‍ ധീരരായ ഇന്ത്യന്‍ തരുണികള്‍ കടന്നുചെന്ന് ചരിത്രം സൃഷ്ടിച്ചത്.
മഹാസമുദ്രത്തിലെ ഏകാന്തമായ ഈ പോയിന്റ് കണ്ടെത്തിയത് ക്രൊയേഷ്യന്‍-കനേഡിയന്‍ സര്‍വേ എഞ്ചിനീയറായ ഹവോജ് ലു കാടേലയാണ്. പ്രത്യേകം തയ്യാറാക്കി വികസിപ്പിച്ചെടുത്ത സോഫ്ട്വെയറുകളുടെ സഹായത്തോടെ… അതിനദ്ദേഹം നല്കിയ പേരാണ്, ‘പോയിന്റ്നെമോ.’ ലാറ്റിന്‍ ഭാഷയില്‍ നെമോ എന്ന വാക്കിന് ‘ആരുമല്ല’ എന്നര്‍ത്ഥം. ‘നെമോ’ എന്ന പേര് അദ്ദേഹത്തിന് ലഭിച്ചതാവട്ടെ പ്രസിദ്ധ ശാസ്ത്രസാഹിത്യകാരനായ ജൂള്‍സ് വെര്‍നെയുടെ ‘ആഴിക്കടിയില്‍ 20000 മൈലുകള്‍’ (20000 ലീഗ്സ് അണ്ടര്‍ ദ സീ….) എന്ന വിശ്രുത നോവലില്‍നിന്നും. ആ നോവലിലെ കേന്ദ്ര കഥാപാത്രമാണ് ക്യാപ്റ്റന്‍ നെമോ.
ഉന്നതവിദ്യാഭ്യാസം നേടിയ വ്യക്തി. ധീരസാഹസികന്‍. സ്വന്തമായി ഉണ്ടാക്കിയെടുത്ത ‘നോട്ടിലസ്’ എന്ന അന്തര്‍വാഹിനിയില്‍ സപ്ത സാഗരങ്ങളും ചുറ്റി സഞ്ചരിച്ചു. ആഴിക്കടിയിലെ അഗ്നിപര്‍വതങ്ങളും കടല്‍ക്കാടുകളും കിടങ്ങുകളുമൊക്കെ പര്യവേഷണം നടത്തി. ചരിത്രാതീതകാലത്ത് കടലില്‍ അമര്‍ന്ന ‘അറ്റ്ലാന്റിസ് ഭൂഖണ്ഡം കണ്ടെത്തി- ജൂള്‍സ് വെര്‍നെ എഴുതുന്നു. യാത്രക്കിടയില്‍ അയാള്‍ തടവുകാരായി പിടിച്ച പ്രൊഫസര്‍ പിയറി അരോനാക്സ്, അദ്ദേഹത്തിന്റെ സേവകന് കോണ്‍സില്‍, തിമിംഗല വേട്ടക്കാരന് നെഡ്ലാന്റ് എന്നിവരും കഥയില്‍ കടന്നുവരുന്നുണ്ട്.
പ്രത്യേക സ്വഭാവവിശേഷത്തിനുടമയാണ് നൊമോ യഥാര്‍ത്ഥ പേര് പ്രിന്‍സ് ഡാക്കര്‍. അഥവാ ഡാക്കര്‍ രാജകുമാരന്. യുപി-മധ്യപ്രദേശ് മേഖലയില്‍ സ്ഥിതിചെയ്തിരുന്ന ‘ബുന്ദേല്‍ ഖണ്ഡ്’ രാജ്യത്തെ രാജകുമാരനായിരുന്നത്രെ ഡാക്കര്‍. സാമ്രാജ്യത്വത്തിന്റെ ക്രൂരമായ ആക്രമണത്തില്‍ അദ്ദേഹത്തിന്റെ ബന്ധുമിത്രാദികള്‍ കൊല്ലപ്പെട്ടു. ഭാരതത്തിന്റെ സ്വാതന്ത്ര്യസമരകാലത്താണത് സംഭവിച്ചത്. അന്ന് രാജ്യം അന്യാധീനപ്പെട്ടു. അപ്പോഴാണ് എല്ലാം ഇട്ടെറിഞ്ഞ് ആ രാജകുമാരന് കടലിനടിയിലെ യാത്രക്കൊരുങ്ങിയത്. പ്രത്യേകതരം സ്വഭാവക്കാരനായിരുന്നു അദ്ദേഹം. ശാസ്ത്രജ്ഞന്, സാഹസികന്, സംഗീതജ്ഞന്… പക്ഷേ അസ്വാതന്ത്ര്യത്തിനും അടിച്ചമര്‍ത്തലിനുമെതിരെ അടരാടും. സാമ്രാജ്യത്വത്തിനെതിരെയുള്ള നെമോയുടെ പക ഇന്ത്യ കയ്യേറിയ ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ള പകയാവാമെന്ന് പല നിരൂപകരും കരുതുന്നു. 1870 ലാണ് ഫ്രഞ്ച് സാഹിത്യകാരനായ ജൂള്‍സ് വെര്‍നെ ഈ ഗ്രന്ഥം പ്രസിദ്ധീകരിക്കുന്നതെന്നതും ഓര്‍ക്കുക.
‘മിസ്റ്റിരിയസ് ഐലന്റ്’ അഥവാ അത്ഭുത ദ്വീപ് എന്ന തന്റെ സാഹസിക നോവലില്‍ ജൂള്‍സ് വെര്‍നെ വീണ്ടും ക്യാപ്റ്റന്‍ നെമോയെ കൊണ്ടുവരുന്നുണ്ട്. അമേരിക്കന്‍ ആഭ്യന്തരയുദ്ധ കാലത്ത് ഒരു ഹോട്ട് ബലൂണില്‍ രക്ഷപ്പെടുന്ന അഞ്ച് അമേരിക്കന്‍ യുദ്ധത്തടവുകാരുടെ കഥയാണ് അത്ഭുതദ്വീപിലെ ഇതിവൃത്തം. തെക്കന്‍ പസഫിക് സമുദ്രത്തിലെ ആരും ഇന്നേവരെ കണ്ടെത്തി അടയാളപ്പെടുത്തിയിട്ടില്ലാത്ത ഒരു ദ്വീപിലാണ് അവരെത്തിയത്. ജീവിതം നിലനിറുത്താനായി ബുദ്ധിയും ശക്തിയും പരമാവധി പ്രയോഗിക്കുന്ന അവര്‍ക്ക് അദൃശ്യ രക്ഷകനായി എല്ലായ്പ്പോഴും ക്യാപ്റ്റന്‍ നെമോ ഉണ്ടായിരുന്നു. ദ്വീപിനടിയിലെ ഒരു പ്രത്യേക അറയില്‍ രഹസ്യവാസം നയിച്ചിരുന്നപ്പോഴും അടിച്ചമര്‍ത്തപ്പെട്ട സഹജീവികളെ സഹായിക്കാന്‍ അയാള്‍ മുന്നോട്ടുവന്നു.
ജൂള്‍സ് വെര്‍നെ ‘മിസ്റ്റിരിയസ് ഐലന്റ്’ എഴുതിയത് 1870 ല്‍ ആയിരുന്നു. അതിനുശേഷം ക്യാപ്റ്റന്‍ നെമോ ഉണ്ടായിരുന്നില്ല…
കൃത്യമായി പറഞ്ഞാല്‍ കരഭൂമിയില്‍ നിന്ന് 2688 കിലോമീറ്റര്‍ അകലെയാണ് ഏകാന്തതയുടെ തുരുത്തായ ‘നെമോ പോയിന്റ്.’ പസഫിക് സമുദ്രത്തിലെ പിറ്റ്കാന് ദ്വീപുസമൂഹത്തിന്റെ ഭാഗമായ ഡൂസി ദ്വീപാണ് പോയിന്റ് നെമോയുടെ ഏറ്റവും അടുത്തുള്ള കരഭൂമി. സമീപകാലത്ത് പോയിന്റ് നെമോ മറ്റൊരു വസ്തുതകൊണ്ടു കൂടി അറിയപ്പെടുന്നു-ബഹിരാകാശ യാത്ര കഴിഞ്ഞ് ഉപേക്ഷിക്കപ്പെട്ട ബഹിരാകാശ വാഹനങ്ങള്‍ തകര്‍ത്ത് കളയാനുള്ള പ്രദേശം. ആകാശവാഹനങ്ങളുടെ അവശിഷ്ടങ്ങള്‍ ജനവാസമേഖലകള്‍ക്ക് സമീപം തകര്‍ന്നുവീഴുന്നത് ഒഴിവാക്കാനായി അന്താരാഷ്ട്ര ബഹിരാകാശ വിക്ഷേപണ ഏജന്‍സികള്‍ ഉപയോഗപ്പെടുത്തുന്നത്. നെമോ പോയിന്റിലുള്ള അഗാധമായ വിജനസമുദ്രമാണ്. ഒരുതരത്തില്‍ പറഞ്ഞാല്‍ ബഹിരാകാശ യാനങ്ങളുടെ ശവപ്പറമ്പ്…
‘നെമോ’ ഗ്രീക്ക് പുരാണത്തിലുമുണ്ട്. ഗ്രീക്കില്‍ നിന്നാണത്രെ ഈ പ്രയോഗം ലാറ്റിനില്‍ എത്തിയത്. ഹോമറുടെ വിശ്രുത ഇതിഹാസമായ ‘ഒഡിസ്സി’യില്‍ ഒഡിസസിനെയും സംഘത്തെയും പോളിഫിമസ് പിടികൂടുന്നതായി പറയുന്നു. അയാള്‍ നീയാര് എന്നു ചോദിക്കുമ്പോള്‍ ഒഡിസസ് പറയുന്നതിങ്ങനെ-നെമോ. അതായത് ആരുമല്ലാത്തവന്…
ഒരുപക്ഷേ മഹാസമുദ്രത്തിന്റെ അനന്തമായ വിജനതയില്‍ മനുഷ്യന്റെ നിസ്സാരത ഓര്മിപ്പിക്കാനാവണം ‘പോയിന്റ് നിയോ’ എന്ന പേര് നല്‍കിയത്. ക്യാപ്റ്റന്‍ ‘നിയോ’ ബുന്ദേര്‍ ഖണ്ഡിലെ രാജകുമാരനായിരുന്നുവെന്നത് നാം ഭാരതീയര്‍ക്ക് അല്‍പ്പം അഭിമാനവും നല്കുന്നില്ലേ?
#
പ്രതികരിക്കാൻ ഇവിടെ എഴുതുക: