ലക്നൗ : ഉത്തർപ്രദേശിലെ അലിഗഡ് മുസ്ലിം സർവകലാശാല എപ്പോഴും ഒന്നല്ലെങ്കിൽ മറ്റൊരു വിവാദത്തിൽ അകപ്പെട്ടിട്ടുണ്ട്. ഇപ്പോൾ ഇതാ സർവകലാശാലയിലെ മെനുവിൽ വരുത്തിയ മാറ്റത്തെക്കുറിച്ചുള്ള അറിയിപ്പുമായി അവർ പുതിയ വിവാദത്തിലേക്ക് കടന്നിരിക്കുന്നു.
ഞായറാഴ്ച മുതൽ മെനുവിൽ വരുത്തിയ മാറ്റത്തെക്കുറിച്ചുള്ള സർവകലാശാലയുടെ അറിയിപ്പ് സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. സർവകലാശാലയിൽ ആവശ്യക്കാരുടെ എണ്ണം വർധിച്ചത് കാരണം ചിക്കൻ ബിരിയാണിക്ക് പകരം ഞായറാഴ്ച തോറും ഉച്ചഭക്ഷണ മെനുവിൽ ബീഫ് ബിരിയാണി വിളമ്പുമെന്നാണ് നോട്ടീസിൽ പറയുന്നത്. പുതിയ മെനു സർവകലാശാലയിലെ താമസക്കാർ ആസ്വദിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും നോട്ടീസിൽ വ്യക്തമാക്കുന്നുണ്ട്.
അലിഗഡ് മുസ്ലിം സർവകലാശാലയിലെ സുലൈമാൻ ഹാൾ മെസ്സിലെ ഭക്ഷണ മെനുവിനെക്കുറിച്ചാണ് നോട്ടീസിൽ പറഞ്ഞിരിക്കുന്നത്. ഡൈനിംഗ് ഹാളിലെ സീനിയർ ഫുഡ് ഓഫിസർമാരായ മുഹമ്മദ് ഫൈസുള്ളയുടെയും മുജാസിം അഹമ്മദ് ഭാട്ടിയുടെയും പേരുകൾ നോട്ടീസിൽ ഉണ്ട്. അതേ സമയം ഈ വൈറൽ വാർത്ത ശ്രദ്ധയിൽപ്പെട്ട അലിഗഡ് പോലീസ് നിയമങ്ങൾക്കനുസൃതമായി നടപടിയെടുക്കുന്നുണ്ടെന്ന് അറിയിച്ചു.
അലിഗഡ് മുസ്ലീം സർവകലാശാലയിൽ പുരുഷന്മാർക്കും സ്ത്രീകൾക്കും വേണ്ടിയുള്ള 20 ഹോസ്റ്റലുകളിലും താമസക്കാർക്ക് ഒരു ദിവസം മൂന്ന് നേരവും ഭക്ഷണം വിളമ്പുന്നുണ്ട്. അതേസമയം സർവകലാശാല പ്രൊഫസർ മുഹമ്മദ് വസീം അലി ദേശീയ മാധ്യമത്തോട് പറഞ്ഞത് ഇത് ഒരു അക്ഷരത്തെറ്റായിരുന്നു എന്നാണ്. ചിക്കൻ ബിരിയാണിയിൽ നിന്ന് മെനുവിലെ മാറ്റത്തെക്കുറിച്ച് സംസാരിക്കുമ്പോൾ അവർ ചിക്കൻ ബിരിയാണിക്ക് പകരം ബീഫ് ബിരിയാണി ടൈപ്പ് ചെയ്തതായി തോന്നുന്നുവെന്നാണ് അദ്ദേഹത്തിന്റെ ഭാഷ്യം.
അതേ സമയം 1955 ലെ ഉത്തർപ്രദേശ് ഗോവധ നിരോധന നിയമപ്രകാരം പശുക്കളെ കൊല്ലുന്നതും ബീഫ് വിൽക്കുന്നതും കൊണ്ടുപോകുന്നതും നിരോധിച്ചിട്ടുണ്ടെന്നും പശുക്കൾക്കളെ ഉപദ്രവിക്കുന്നത് ക്രിമിനൽ കുറ്റമായി കണക്കാക്കപ്പെടുന്നുവെന്നുമാണ് നിയമം നിഷ്കർഷിച്ചിരിക്കുന്നത്.
നിലവിൽ സംസ്ഥാനത്ത് പശുവിനെ കൊല്ലുന്നത് പത്ത് വർഷം തടവും അഞ്ച് ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: