കാഠ്മണ്ഡു : സാമൂഹിക പ്രവർത്തനത്തിന്റെ മറവിൽ ഹിന്ദുക്കളെ നിയമവിരുദ്ധമായി മതപരിവർത്തനം നടത്താനുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുവെന്നാരോപിച്ച് 17 യുഎസ് പൗരന്മാർക്കും ഒരു ഇന്ത്യൻ പൗരനുമെതിരെ നേപ്പാൾ അന്വേഷണം ആരംഭിച്ചു. അന്താരാഷ്‌ട്ര മാധ്യമ റിപ്പോർട്ടുകൾ പ്രകാരം അവരുടെ പാസ്‌പോർട്ടുകൾ അധികൃതർ പിടിച്ചെടുത്തുവെന്നും നാടുകടത്തൽ സാധ്യത ഉൾപ്പെടെയുള്ള നിയമനടപടികൾ നേപ്പാൾ ഇമിഗ്രേഷൻ വകുപ്പ് വിലയിരുത്തിവരികയെന്നുമാണ്.
റയാൻ മാത്യു കാർട്ടർ, സിലാസ് ഡാനിയേൽ ഫോക്സ്, റസ്സൽ തോമസ് ഹോവൽസ്, റോസ് ബ്രയാൻ ഹോവൽസ്, മാർക്ക് അലൻ സമ്മേഴ്‌സ്, മാത്യു ബ്രയാൻ കെന്നഡി, പാട്രിക് ഇർവിൻ സമ്മേഴ്‌സ്, ഡുവാൻ മൈക്കൽ ഗോഡ്‌ലിംഗ്, ബെഞ്ചമിൻ വാർഡ് കോഫ്മാൻ, ബ്രയാൻ വാർഡ് കോഫ്മാൻ, ഡിലൻ ജാക്‌സൺ ബോൺസോ, കാത്‌ലീൻ സ്യൂ മൂർ, ഡോസൺ ആൻഡ്രൂ കാർട്ടർ, ജെയിംസ് നഥാൻ ഓസ്റ്റിൻ, വില്യം റെയ്മണ്ട് വിവിയാനോ ജൂനിയർ, കെന്നത്ത് ഡേവിഡ് ഗ്രേ, ജെയിംസ് റേ മർഫി എന്നിവരാണ് അറസ്റ്റിലായ വ്യക്തികൾ. കൂടാതെ പശ്ചിമ ബംഗാളിൽ നിന്നുള്ള ഇന്ത്യൻ പൗരനായ ബസന്ത് ലാമയും അന്വേഷണത്തിൽ ഉൾപ്പെട്ടിട്ടുണ്ട്.
ടൂറിസ്റ്റ് വിസയിലാണ് വ്യക്തികൾ നേപ്പാളിൽ പ്രവേശിച്ചതെന്ന് റിപ്പോർട്ടുണ്ട്. സുൻസാരിയിലെ ധരനിൽ പ്രേരണ കല്യാൺകാരി സൊസൈറ്റിക്ക് വേണ്ടി ഒരു കെട്ടിടം നിർമ്മിക്കാൻ അവർ സന്നദ്ധത പ്രകടിപ്പിച്ചു. എന്നാൽ ഇത് തദ്ദേശീയരെ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യുന്നതിനുള്ള ഒരു മറ മാത്രമായിരുന്നുവെന്ന് പിന്നീടാണ് വ്യക്തമായത്.
നേപ്പാളിൽ മതപരിവർത്തനം നിരോധിക്കുന്ന കർശനമായ നിയമങ്ങളുണ്ട്. തദ്ദേശീയരെ മതപരിവർത്തനം ചെയ്യുന്നതിനുള്ള ഒരു രഹസ്യ പദ്ധതിക്കായി പ്രതികൾ അവരുടെ ടൂറിസ്റ്റ് വിസ ദുരുപയോഗം ചെയ്തതായി അധികൃതർ സംശയിക്കുന്നു. അവരുടെ വിസ കാലാവധി അവസാനിച്ചിട്ടില്ലാത്തതിനാൽ, തുടർനടപടികൾക്കായി കേസ് ഇമിഗ്രേഷൻ വകുപ്പിന് അയച്ചിട്ടുണ്ടെന്ന് സുൻസാരിയിലെ ചീഫ് ജില്ലാ ഓഫീസർ ധർമ്മേന്ദ്ര കുമാർ മിശ്ര പറഞ്ഞു.
കൂടാതെ നേപ്പാളിലെ മത, കുടിയേറ്റ നിയമങ്ങൾ ലംഘിച്ചതിന് പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തിയാൽ അവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പതിനഞ്ച് ദിവസത്തെ ടൂറിസ്റ്റ് വിസയിലാണ് വ്യക്തികൾ നേപ്പാളിൽ പ്രവേശിച്ചതെന്ന് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. മാനദണ്ഡങ്ങൾ ലംഘിക്കുന്നതായി കണ്ടെത്തിയാൽ, 1992 ലെ ഇമിഗ്രേഷൻ ആക്ട് പ്രകാരം അവർക്ക് നാടുകടത്തലും പ്രവേശന നിരോധനവും നേരിടേണ്ടിവരുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
കുത്തനെ ഉയർന്ന് നേപ്പാളിലെ മതപരിവർത്തനം
നേപ്പാളിൽ ക്രിസ്ത്യൻ മതപരിവർത്തനം ഭയാനകമായ നിരക്കിലാണ് നടക്കുന്നത്. 2023 ജനുവരിയിൽ ക്രിസ്ത്യൻ മിഷനറിമാരുടെ പ്രത്യേകിച്ച് ദക്ഷിണ കൊറിയയിൽ നിന്നുള്ളവരുടെ വൻ പ്രവർത്തനമാണ് ഗ്രാമങ്ങളിൽ പോലും നടന്നിരുന്നത്. നേപ്പാളിൽ ക്രിസ്ത്യൻ ജനസംഖ്യ ഒരു ദശാബ്ദത്തിനുള്ളിൽ 68% വർദ്ധിച്ചതായി റിപ്പോർട്ട് ഉണ്ട്.
‘ക്രിസ്ത്യൻ മിഷനറിമാർ നേപ്പാളിൽ ബുദ്ധന്റെ ജന്മസ്ഥലം ലക്ഷ്യമിടുന്നു’ എന്ന തലക്കെട്ടിലുള്ള ബിബിസിയുടെ റിപ്പോർട്ട് അടുത്തിടെ പുറത്ത് വന്നിരുന്നു. പ്രത്യേകിച്ച് ദക്ഷിണ കൊറിയ എങ്ങനെയാണ് നേപ്പാളിലേക്ക് സുവിശേഷകരെ അയയ്‌ക്കുന്നതെന്നും റിപ്പോർട്ട് വിശദീകരിക്കുന്നുണ്ട്. 2011 ലെ സെൻസസ് കണക്കുകൾ പ്രകാരം നേപ്പാളിൽ 3,76,000 ക്രിസ്ത്യാനികൾ ഉണ്ടായിരുന്നു, ഇപ്പോൾ അത് ഏകദേശം 5,45,000 ആയി വർദ്ധിച്ചു, അതായത് 68 ശതമാനം വർദ്ധനവ്. ഏറ്റവും പുതിയ സെൻസസ് പ്രകാരം ഈ സംഖ്യ 5,12,313 ആയി മാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക