ഹല്‍ദ്വാനി: ഇരുപത്തിയെട്ട് വര്‍ഷത്തെ കാത്തിരിപ്പ് അവസാനിച്ചു. കേരളത്തിന് ദേശീയ ഗെയിംസ് ഫുട്ബോളില്‍ സ്വര്‍ണം. സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ ഫൈനലില്‍ പരാജയപ്പെട്ട കേരളത്തിന് ഇത് സന്തോഷ ജയം. ഫൈനലില്‍ കേരളം എതിരില്ലാത്ത ഒരു ഗോളിന് ആതിഥേയരായ ഉത്തരാഖണ്ഡിനെ തോല്‍പ്പിച്ചു. ഗോകുലാണ് കേരളത്തിന് വേണ്ടി വലകുലുക്കിയത്. ദേശീയ ഗെയിംസില്‍ ഫുട്ബോളില്‍ കേരളത്തിന്റെ മൂന്നാം സ്വര്‍ണമാണിത്.
മത്സരത്തിന്റെ ആദ്യ പകുതില്‍ തന്നെ കേരളം അധിപത്യം കാണിച്ചു തുടങ്ങി. ഇവവേളകളില്‍ കേരളത്തിന്റെ ഗോകുലിനെ തേടി നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും കൃത്യമായി വിനിയോഗിക്കാന്‍ കേരളത്തിന് സാധിച്ചില്ല. സ്വന്തം മൈതാനത്തിന്റെ ഗുണം കൈപ്പറ്റിയാണ് ഉത്തരാഖണ്ഡ് ഇറങ്ങിയത്. എല്ലാ കേരളത്തിന്റെ പ്രതിരോധത്തിന് മുന്നില്‍ ഉത്തരാഖണ്ഡ് പകച്ചു നിന്നു.
53 ാം മിനിറ്റിലാണ് കേരളം കാത്തിരുന്ന നിമിഷമെത്തിയത്. ആദ്യ പകുതിയില്‍ നഷ്ടപ്പെടുത്തിയ അവസരങ്ങള്‍ക്ക് പ്രായച്ഛിത്തമെന്നോണം പിറന്ന ഗോള്‍. ഇടതു വിങ്ങില്‍ നിന്ന് എസ്. സന്ദീപ് ബോക്സിലേക്ക് നല്‍കിയ ക്രോസ് ആദില്‍ സ്വീകരിച്ചു. ഗോളടിക്കാന്‍ ശ്രമിക്കാതെ വലതു വിങ്ങിലൂടെ ഓടിയെത്തിയ ഗോകുലിന് കൈമാറുകയായിരുന്നു. ഗോകുല്‍ ഉത്തരാഖണ്ഡ് ഗോള്‍കീപ്പറുടെ കാലിനിടയിലൂടെ കൃത്യമായി വലയിലാക്കി.
73 ാം മിനിറ്റില്‍ കേരളത്തിന് വെല്ലുവിളിയായി പ്രതിരോധ താരം സഫ്വാന് ചുവപ്പ് കാര്‍ഡ് കണ്ടു. കേരളത്തിന്റെ പ്രതിരോധത്തെ കീറിമുറിച്ച് ഉത്തരാഖണ്ഡ് താരം ഗോളിനു ശ്രമിക്കവേ ബോക്സിന് മുന്നില്‍ സഫ്വാന്‍ അദ്ദേഹത്തെ ഫൗള്‍ ചെയ്ത് വീഴ്‌ത്തുകയായിരുന്നു. ആദ്യ ഘട്ടത്തില്‍ റഫറി മഞ്ഞ കാര്‍ഡ് കാണിച്ചെങ്കിലും പിന്നീട് സഹ റഫറിയോട് വിവരം തിരക്കി ചുവപ്പ് കാര്‍ഡ് നല്‍കുകയായിരുന്നു. നിശ്ചിത സമയം അവസാനിക്കാനിരിക്കെ ഉത്തരാഖണ്ഡിന്റെ ഷലീന്തര്‍ സിംങ് നഗിക്കും ചുവപ്പ് കാര്‍ഡ് ലഭിച്ചു. രണ്ടാം ഫൗളിലൂടെയാണ് ചുവപ്പായത്. നിശ്ചിത സമയത്തിന് ശേഷം ഒമ്പത് മിനുട്ട് അധിക സമയം നല്‍ക്കിയെങ്കിലും ഉത്തരാഖണ്ഡിന് കാര്യമായി ചലനങ്ങള്‍ ഉണ്ടാക്കാന്‍ സാധിച്ചില്ല. കേരള താരങ്ങള്‍ ഉത്തരാഖണ്ഡ് ഗോള്‍ മുഖം ലക്ഷ്യമിട്ട് ആക്രമണങ്ങള്‍ നടത്തി. ഉത്തരാഖണ്ഡ് ഗോള്‍ കീപ്പര്‍ രക്ഷകനായി.
ആദ്യ മത്സരത്തില്‍ മണിപ്പൂരിനെയും രണ്ടാം മത്സരത്തില്‍ ഡല്‍ഹിയോട് പരാജയപ്പെട്ടും നിര്‍ണായക മത്സരത്തില്‍ സര്‍വീസസിനെ മൂന്ന് ഗോളിന് തകര്‍ത്തുമാണ് കേരളം സെമിയിലെത്തിയത്. സെമിയില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ആസാമിനെ തകര്‍ക്കുകയായിരുന്നു. ഇതുവരെ ദേശീയ ഗെയിംസില്‍ കേരളം രണ്ട് സ്വര്‍ണവും രണ്ട് വെള്ളിയും ഒരു വെങ്കലവും നേടിയിട്ടുണ്ട്. 1997ല്‍ ബംഗളുരുവില്‍ നടന്ന ദേശീയ ഗെയിംസിലാണ് കേരളം അവസാനമായി സ്വര്‍ണമണിഞ്ഞത്. 2022ലെ ഗുജറാത്ത് ഗെയിംസില്‍ വെള്ളി നേടിയപ്പോള്‍ ഗോവയില്‍ വെങ്കലമായിരുന്നു.
ടീം അംഗങ്ങള്‍: അജയ് അലക്സ്, അഫ്നാസ് ടിഎന്‍, ഷിനു എസ്, സച്ചിന്‍ സുനില്‍, ജേകബ് സി, മഹേഷ് കെ, ബിബിന്‍ ബോബന്‍, ഗോകുല്‍ എസ്, ജ്യോതിഷ് യു, സഫവാന്‍ എം, സല്‍മാന്‍ ഫാരിസ് സി, ജിദു കെ റോബി, ബബിള്‍ സിവരി, ആദില്‍ പി, ബിജീഷ് ബാലന്‍, അഭിനവ്, യാഷിം മാലിക്ക്, അല്‍ക്കേഷ് രാജ് ടിവി, സെബാസ്റ്റിയന്‍ എസ്, മുഹമ്മദ് ഷാദില്‍ പിപി, മുഹമ്മദ് ഇഖ്ബാല്‍ സി, സന്ദീപ്. ഷഫീഖ് ഹസ്സന്‍ മടത്തില്‍ (മുഖ്യപരിശീലകന്‍), ഷാസിന്‍ ചന്ദ്രന്‍ കെ (സഹപരിശീലകന്‍), എല്‍ഡോ പോള്‍ (ഗോള്‍കീപ്പര്‍ പരിശീലകന്‍), രാജീവ് ബിഎച്ച് (മാനേജര്‍), മുഹമ്മദ് അദീബ് യു (ഫിസിയോ).
പ്രതികരിക്കാൻ ഇവിടെ എഴുതുക: