കാസർഗോഡ്: കാസർഗോഡ് ജില്ലയിലെ ചില പ്രദേശങ്ങളിൽ ഇന്ന് പുലർച്ചെ ഭൂചലനം ഉണ്ടായതായി റിപ്പോർട്ട്. വ്യാഴാഴ്ച പുലർച്ചെ 1.35 ഓടെയാണ് ഭൂചലനമനുഭവപ്പെട്ടത്. വെള്ളരിക്കുണ്ട് താലൂക്കിലെ വിവിധയിടങ്ങളിലാണ് ഭൂചലനം റിപ്പോർട്ട് ചെയ്തത്. ബിരിക്കുളം, കൊട്ടമടൽ, പരപ്പ ഒടയംചാൽ, ബളാൽ, കൊട്ടോടി എന്നിവിടങ്ങളിലാണ് ഭൂചലനം ഉണ്ടായത്.
കട്ടിൽ ഉൾപ്പെടെ കുലുങ്ങി. പരപ്പ, മാലോം, നർക്കിലക്കാട്, പാലംകല്ല് എന്നിവിടങ്ങളിലും നേരിയ തോതിൽ ഭൂചലനം അനുഭവപ്പെട്ടു. തടിയൻ വളപ്പ് ഭാഗത്തും ഭൂചലനം ഉണ്ടായി. ചുള്ളിക്കര കാഞ്ഞിരത്തടിയിൽ ചിലർ വീട്ടിൽ നിന്നും പുറത്തേക്ക് ഇറങ്ങി ഓടി. ഫോൺ ഉൾപ്പെടെ പ്രകമ്പനത്തിൽ താഴെ വീണതായും വിവരം ലഭിച്ചു.
ഏകദേശം അഞ്ച് സെക്കൻഡ് നേരം അസാധാരണമായ ശബ്ദം കേട്ടുവെന്നും നാട്ടുകാർ പറഞ്ഞു. നിലവിൽ വലിയ തോതിലുള്ള നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഭൂചലനം അനുഭവപ്പെട്ട ഇടങ്ങളിൽ ഇന്ന് വിദഗ്ധ സമിതി എത്തി പരിശോധന നടത്തുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക