Kerala

സ്‌കൂട്ടര്‍ തട്ടിപ്പ് കേസില്‍ കെ.എന്‍.ആനന്ദകുമാറിന് നേരേയും പോലീസ് അന്വേഷണം

Published by

കൊച്ചി: സ്‌കൂട്ടര്‍ തട്ടിപ്പ് കേസില്‍ എന്‍ജിഒ കോണ്‍ഫെഡറേഷന്‍ ചെയര്‍മാനായിരുന്ന കെ.എന്‍.ആനന്ദകുമാറിന് നേരേയും പോലീസ് അന്വേഷണം വ്യാപിപ്പിക്കുന്നു. ആനന്ദകുമാറിന് എല്ലാ മാസവും 10 ലക്ഷം രൂപ വീതം നല്‍കിയിരുന്നുവെന്ന മുഖ്യപ്രതി അനന്തുകൃഷ്ണന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം സായ് ഗ്ലോബല്‍ ട്രസ്റ്റ് ചെയര്‍മാന്‍ കൂടിയായ ആനന്ദകുമാറിലേക്ക് വ്യാപിപ്പിച്ചത്.

പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവരുടെ അടുത്ത് അനന്തു കകൃഷ്ണന് പോകാന്‍ അവസരം ലഭിച്ചത് ആനന്തകുമാര്‍ മുഖേനയാണ്‌.മുഖ്യമന്ത്രി പിണറായി വിജയന്റെ കേരളരക്ഷാ യാത്രയുടെ പ്രഭാത വിരുന്നിലും പങ്കെടുത്തിരുന്നു

പകുതി വിലയ്‌ക്ക് സ്‌കൂട്ടര്‍ വാഗ്ദാനം ചെയ്തുള്ള തട്ടിപ്പിന്റെ പൂര്‍ണ ഉത്തരവാദിത്വം അനന്തുകൃഷ്ണനാണെന്ന് നേരത്തെ ആനന്ദകുമാര്‍ പറഞ്ഞിരുന്നു. മാസങ്ങള്‍ക്ക് മുമ്പ് എന്‍ജിഒ കോണ്‍ഫെഡറേഷനില്‍ നിന്ന് രാജിവെച്ചതാണെന്നും പിന്നീട് സംഭവിച്ച കാര്യങ്ങളുമായി ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു. സ്‌കൂട്ടര്‍ വിതരണം ചെയ്യുന്ന പദ്ധതി കോണ്‍ഫെഡറേഷന് മുന്നില്‍ അവതരിപ്പിച്ചത് അനന്തുകൃഷ്ണനാണ്. പണം മുഴുവന്‍ വാങ്ങിയതും അനന്തുവിന്റെ അക്കൗണ്ടിലേക്കാണെന്നും ആനന്ദകുമാര്‍ പറയുന്നു. പദ്ധതിയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ കൃത്യമായ വിശദീകരണം നല്‍കാതെ വന്നതോടെയാണ് ഫെഡറേഷനില്‍ നിന്ന് രാജിവെച്ചതെന്നും ആനന്ദകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. 

എന്നാല്‍ എല്ലാ മാസവും നിശ്ചിത തുക ആനന്ദകുമാറിന് നല്‍കിയിരുന്നുവെന്നാണ് അനന്തുകൃഷ്ണന്‍ പോലീസിന് നല്‍കിയ മൊഴി. പിന്നീട് അദ്ദേഹവുമായി തെറ്റിയെന്നും സ്‌കൂട്ടര്‍ വിതരണവുമായി ബന്ധപ്പെട്ടാണ് തെറ്റിയതെന്നും അനന്തു പോലീസിനോട് പറഞ്ഞു. ആദ്യ ഘട്ടത്തില്‍ കേന്ദ്രപദ്ധതികളാണ് അനന്തുലക്ഷ്യമിട്ടിരുന്നത്. അതുമായി ബന്ധപ്പെട്ട് വിശദമായ പഠനം നടത്തിയിരുന്നു. എന്നാല്‍ അതൊന്നും നടന്നില്ല. തുടര്‍ന്നാണ് സിഎസ്ആര്‍ ഫണ്ടിലേക്ക് പോയത്. എന്നാല്‍ സിഎസ്ആര്‍ ഫണ്ടായി ഒരു രൂപ പോലും അനന്തുവിന് ലഭിച്ചിട്ടില്ല. കേസില്‍ ഇതിനകം നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടുകഴിഞ്ഞു. പറവൂരില്‍ വന്ന കേസില്‍ ജനസേവ ട്രസ്റ്റിന്റെ ഭാരവാഹികളായ ഡോ. മധു, മേരി എന്നിവരും അനന്തുകൃഷ്ണനൊപ്പം പ്രതികളാണ്.

സ്‌കൂട്ടര്‍ തട്ടിപ്പ് കേസിലെ മുഖ്യപ്രതി അനന്തുകൃഷ്ണന് സത്യസായ് ഓര്‍ഫനേജ് ട്രസ്റ്റുമായി അടുത്ത ബന്ധം. സത്യസായ് ഓര്‍ഫനേജ് കോര്‍ഡിനേറ്റര്‍ എന്ന പദവി ഉപയോഗിച്ചാണ് അനന്തുകൃഷ്ണന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടത്. ആ കൂടിക്കാഴ്‌ച്ചയില്‍ സായ് ഗ്ലോബല്‍ ട്രസ്റ്റ് ചെയര്‍മാന്‍ കെ.എന്‍ ആനന്ദകുമാറും കൂടെയുണ്ടായിരുന്നു.

2024 ഫെബ്രുവരിയില്‍ തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ പ്രധാനമന്ത്രി എത്തിയപ്പോഴായിരുന്നു കൂടിക്കാഴ്ച. പ്രധാനമന്ത്രിയെ കാണാനുള്ള പ്രത്യേക പാസിന്റെ ചിത്രം അനന്തുകൃഷ്ണന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. അതില്‍ സത്യസായ് ഓര്‍ഫനേജ് ട്രസ്റ്റിന്റെ സംസ്ഥാന കോര്‍ഡിനേറ്റര്‍ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ദേശീയ എന്‍.ജി.ഒ കോണ്‍ഫെഡറേഷന്റെ ചെയര്‍മാന്‍ ആനന്ദകുമാറും സെക്രട്ടറി അനന്തുകൃഷ്ണനുമായിരുന്നു. ഇവര്‍ രണ്ടുപേരും ചേര്‍ന്നാണ് സംഘടന മുന്നോട്ടുകൊണ്ടുപോയിരുന്നത്. സത്യസായ് ഓര്‍ഫനേജ് ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങളില്‍ അനന്തുവിനേയും ആനന്ദകുമാര്‍ ഉള്‍പ്പെടുത്തിയിരുന്നു. പല സ്ഥലങ്ങളിലും നടന്ന സ്‌കൂട്ടര്‍ വിതരണത്തില്‍ ആനന്ദകുമാര്‍ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം സ്‌കൂട്ടര്‍ തട്ടിപ്പ് കേസില്‍ താനും കബളിപ്പിക്കപ്പെടുകയായിരുന്നുവെന്നാണ് ആനന്ദകുമാര്‍ പ്രതികരിച്ചത്. തട്ടിപ്പിന്റെ മുഴുവന്‍ ഉത്തരവാദിയും അനന്തുകൃഷ്ണന്‍ തന്നെയാണെന്നും ഇടപാടുകളില്‍ തട്ടിപ്പുണ്ടെന്ന് തിരിച്ചറിഞ്ഞാണ് രാജിവെച്ചതെന്നും ആനന്ദകുമാര്‍ പറഞ്ഞു.

എന്നാല്‍ തട്ടിപ്പാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ അതിനെതിരെ പ്രതികരിക്കാത്തത് എന്താണെന്ന ചോദ്യത്തിന് ആനന്ദകുമാര്‍ മറുപടി നല്‍കിയില്ല. സംഘടനയില്‍ നിന്ന് സ്ഥാനമൊഴിയുക മാത്രമാണ് ചെയ്തത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സെന്റാണ് അനന്തുകൃഷ്ണനെ പരിചയപ്പെടുത്തിയതെന്നും ആനന്ദകുമാര്‍ ആരോപിച്ചിരുന്നു. എന്നാല്‍ ഈ ആരോപണം ലാലി വിന്‍സെന്റ് തള്ളിയിരുന്നു. കേസിലെ ഏഴാം പ്രതിയാണ് ലാലി. അതേസമയം ആനന്ദകുമാറിനെതിരെ റിട്ട. ജസ്റ്റിസ് സി.എന്‍ രാമചന്ദ്രന്‍ നായരും രംഗത്തെത്തിയിരുന്നു. ആനന്ദകുമാറാണ് എന്‍.ജി.ഒ കോണ്‍ഫെഡറേഷന്റെ ഉപദേശകനായി തന്നെ നിയമിച്ചതെന്നും തട്ടിപ്പിന് വിശ്വാസ്യത വര്‍ധിപ്പിക്കാനായിരിക്കാം ഇങ്ങനെ ചെയ്തതെന്നും രാമചന്ദ്രന്‍ നായര്‍ വ്യക്തമാക്കി. സംഘടന പിരിവ് നടത്തുന്നുണ്ടെന്ന് അറിഞ്ഞതോടെ തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുവെന്നും ആനന്ദകുമാര്‍ കള്ളമാണ് പറയുന്നതെന്ന് കരുതിയില്ലെന്നും രാമചന്ദ്രന്‍ നായര്‍ വ്യക്തമാക്കി.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by