Sports

വിശ്വനാഥന്‍ ആനന്ദ് പിന്‍വാങ്ങിയെങ്കിലും ഗുകേഷ് പോരിനിറങ്ങുന്നു; ചെസ് ലോകത്തെ സമാധാനം കെടുത്തി മാഗ്നസ് കാള്‍സന്റെ ഫ്രീസ്റ്റൈല്‍ ചെസ്

ഏഴര ലക്ഷം ഡോളര്‍ സമ്മാനത്തുകയുമായി മാഗ്നസ് കാള്‍സന്‍റെ നേതൃത്വത്തില്‍ 2025ലെ ഫ്രീസ്റ്റൈല്‍ ചെസ് ടൂര്‍ണ്ണമെന്‍റ് ജര്‍മ്മനിയിലെ വെയ്സന്‍ഹോസില്‍ ആരംഭിക്കുകയാണ്. ഫെബ്രവരി ഏഴിന് ആരംഭിക്കുന്ന ടൂര്‍ണ്ണമെന്‍റില്‍ നിന്നും കാള്‍സനുമായുള്ള അഭിപ്രായഭിന്നതകള്‍ മൂലം വിശ്വനാഥന്‍ ആനന്ദ് പിന്മാറിയെങ്കിലും ലോക ചെസ് ചാമ്പ്യനായ ഇന്ത്യയുടെ ഗുകേഷ് മത്സരിക്കുന്നുണ്ട്.

ന്യൂദല്‍ഹി: ഏഴര ലക്ഷം ഡോളര്‍ സമ്മാനത്തുകയുമായി മാഗ്നസ് കാള്‍സന്റെ നേതൃത്വത്തില്‍ 2025ലെ ഫ്രീസ്റ്റൈല്‍ ചെസ് ടൂര്‍ണ്ണമെന്‍റ് ജര്‍മ്മനിയിലെ വെയ്സന്‍ഹോസില്‍ ആരംഭിക്കുകയാണ്. ഫെബ്രവരി ഏഴിന് ആരംഭിക്കുന്ന ടൂര്‍ണ്ണമെന്‍റില്‍ നിന്നും കാള്‍സനുമായുള്ള അഭിപ്രായഭിന്നതകള്‍ മൂലം വിശ്വനാഥന്‍ ആനന്ദ് പിന്മാറിയെങ്കിലും ലോക ചെസ് ചാമ്പ്യനായ ഇന്ത്യയുടെ ഗുകേഷ് മത്സരിക്കുന്നുണ്ട്. സാധാരണ ചെസ് താരങ്ങള്‍ ഫിഡെയ്‌ക്കൊപ്പം നില്‍ക്കണോ അതോ വന്‍സമ്മാനത്തുക നല്‍കുന്ന ഫ്രീസ്റ്റൈല്‍ ചെസ്സിനൊപ്പം നില്‍ക്കണോ എന്ന ആശങ്കയിലാണ്.

തലയെടുപ്പുള്ള താരങ്ങള്‍ തന്നെയാണ് 2025ലെ ഫ്രീസ്റ്റൈല്‍ ഗ്രാന്‍റ് സ്ലാം ടൂര്‍ണ്ണമെന്‍റില്‍ മത്സരിക്കുന്നത്. മാഗ്നസ് കാള്‍സന്‍, ഫാബിയാനോ കരുവാന, ഹികാരു നകാമുറ, ഗുകേഷ്, നോര്‍ഡിര്‍ബെക് അബ്ദുസത്തൊറോവ്, വിന്‍സെന്‍റ് കെയ്മര്‍, വ്ളാഡിമിര്‍ ഫെഡോസീവ്, അലിറെസ ഫീറൂഷ, ലെവോണ്‍ ആറോണിയന്‍, ജവോഖിര്‍ സിന്ദറോവ് എന്നിവര്‍ മത്സരിക്കുന്നുണ്ട്. ആദ്യദിവസം മാഗ്നസ് കാള്‍സന്‍ ഹികാരു നകാമുറയുമായി എറ്റുമുട്ടുമ്പോള്‍ ഗുകേഷ് നോഡിര്‍ബെക് അബ്ദുസത്തൊറോവുമായി മത്സരിക്കും. ഈ കളിയില്‍ കാള്‍സനും ഗുകേഷും തമ്മിലും ഏറ്റുമുട്ടും.

ഫ്രീസ്റ്റൈല്‍ ലോക ചാമ്പ്യന്‍ഷിപ്പ് എന്നായിരുന്നു ടൂര്‍ണ്ണമെന്‍റിന്റെ ആദ്യപേര്. എന്നാല്‍ ഇതിനെ വിശ്വനാഥന്‍ ആനന്ദും ലോക ചെസ് ഫെഡറേഷനായ ഫിഡെ എതിര്‍ത്തിരുന്നു. വിശ്വനാഥന്‍ ആനന്ദ് ഫിഡെയുടെ വൈസ് പ്രസിഡന്‍റ് കൂടിയാണ്. കാരണം ഇത് നിലവില്‍ ഫിഡെ സംഘടിപ്പിക്കുന്ന ക്ലാസിക്കല്‍ ചെസ് ലോകചാമ്പ്യന്‍ഷിപ്പിനെ അപ്രസക്തമാക്കുമെന്നതിനാല്‍ ഇങ്ങിനെ പേര് കൊടുക്കാന്‍ കഴിയില്ലെന്ന് ഫിഡെ വാദിക്കുകയായിരുന്നു. അവസാന നിമിഷമാണ് ഒത്തുതീര്‍പ്പുണ്ടായത്. ഇത് പ്രകാരം ഫ്രീസ്റ്റൈല്‍ ചെസ് ടൂര്‍ണ്ണമെന്‍റ് സംഘടിപ്പിക്കുന്ന മാഗ്നസ് കാള്‍സനും ജര്‍മ്മന്‍ ബിസിനസ്സുകാരനായ ജാന്‍ ഹെന്‍റിക് ബ്യുയെറ്റ്നറും ലോക ചാമ്പ്യന്‍ ഷിപ്പ് എന്ന വാക്ക് എടുത്തുകളയാന്‍ സമ്മതിക്കുകയായിരുന്നു. പകരം 2025 ഫ്രീസ്റ്റൈല്‍ ഗ്രാന്‍റ് സ്ലാം ചെസ് ടൂര്‍ണ്ണമെന്‍റ് എന്നാണ് പുതിയ പേര് നല്‍കിയിരിക്കുന്നത്.

പക്ഷെ അതിന് മുന്‍പ് തന്നെ ഈ ടൂര്‍ണ്ണമെന്‍റില്‍ പങ്കെടുക്കാമെന്ന് ഏറ്റിരുന്ന വിശ്വനാഥന്‍ ആനന്ദ് താന്‍ പങ്കെടുക്കില്ലെന്ന് പ്രഖ്യാപിക്കുകയായിരുന്നു. ലോക റാപ്പിഡ് ചാമ്പ്യന്‍ഷിപ്പില്‍ നിന്നും ജീന്‍സ് ധരിച്ച് വന്ന മാഗ്നസ് കാള്‍സനെ പുറത്താക്കിയതിന്റെ പേരില്‍ വിശ്വനാഥന്‍ ആനന്ദിനെ കാള്‍സന്‍ പരസ്യമായി വിമര്‍ശിച്ചിരുന്നു. പക്ഷെ പിന്നീട് ജീന്‍സ് ധരിച്ച് വന്ന മാഗ്നസ് കാള്‍സനെ ലോക ബ്ലിറ്റ് സ് ടൂര‍്ണ്ണമെന്‍റില്‍ പങ്കെടുക്കാന്‍ ഫിഡെ അനുവദിച്ചതും ആനന്ദിനെ വേദനിപ്പിച്ചിരുന്നു. മാത്രമല്ല, ബ്ലിറ്റ്സ് ചെസില്‍ ഫൈനലില്‍ എത്തിയ മാഗ്നസ് കാള്‍സന്‍ എതിരാളിയായ ഹികാരു നകാമുറയുമായി ട്രോഫി പങ്കുവെയ്‌ക്കാന്‍ തീരുമാനിച്ചു. ഇതും ഫിഡെയുടെ നിയമത്തിന് എതിരായിരുന്നു. ഫൈനലില്‍ വിജയിയായി ഒരാളെ നിശ്ചയിക്കുന്നതുവരെ സമയം ചുരുക്കി നല്‍കി ഫൈനലിസ്റ്റുകള്‍ തമ്മില്‍ ഏറ്റുമുട്ടുക എന്നതാണ് ഫിഡെയുടെ ശൈലി. പകരം സ്വന്തം ഇഷ്ടപ്രകാരം ഫിഡെയുടെ നിയമം കാറ്റില്‍പ്പറത്തി മാഗ്നസ് കാള്‍സന്‍ കിരീടം പങ്കുവെയ്‌ക്കുന്നതായി പ്രഖ്യാപിച്ചു. ഇതും ഫിഡെ വകവെച്ചുകൊടുത്തു. ഇങ്ങിനെ അടിക്കടി ഫിഡെയുടെ പ്രസക്തി ഇല്ലാതാക്കുക എന്നതായിരുന്നു മാഗ്നസ് കാള്‍സന്റെ ഗൂഢപദ്ധതി. ഇതോടെ കാള്‍സനും ആനന്ദും തമ്മിലുള്ള ബന്ധം വഷളായി. ആനന്ദ് ഫിഡെയുടെ വൈസ് പ്രസിഡന്‍റ് ജോലിക്ക് യോഗ്യനല്ല എന്ന് വരെ മാഗ്നസ് കാള്‍സന്‍ വിമര്‍ശിച്ചു. ഇതിന്റെ തുടര്‍ച്ചയായിട്ട് കൂടിയാണ് ആനന്ദ് ഫ്രീസ്റ്റൈല്‍ ചെസ് ടൂര്‍ണ്ണമെന്‍റില്‍ നിന്നും പിന്‍മാറിയത്. അതേ സമയം ഗുകേഷ് നേരത്തെ പറഞ്ഞുറപ്പിച്ചത് പ്രകാരം ടൂര്‍ണ്ണമെന്‍റില്‍ മത്സരിക്കുന്നുണ്ട്. എന്തായാലും ഫിഡെയും മാഗ്നസ് കാള്‍സന്‍ നേതൃത്വം നല്‍കുന്ന ഫ്രീസ്റ്റൈല്‍ ചെസ്സും തമ്മില്‍ ഒരു യുദ്ധത്തിലാണ്. ഇതേക്കുറിച്ച് ഫിഡെയുടെ സിഇഒ എമില്‍ സുടോവ്സ്കി മാഗ്നസ് കാള്‍സന് കഴിഞ്ഞ ദിവസം താക്കീത് നല്‍കിയിരുന്നു. ഫിഡെയ്‌ക്കും മകുളിലാണ് താനെന്ന ചിലരുടെ ഭാവം നല്ലതല്ലെന്നും ഫിഡെയെ മുന്‍പ് വെല്ലുവിളിച്ച ബോബി ഫിഷറിനും ഗാരി കാസ്പറോവിനും എന്ത് സംഭവിച്ചു എന്നത് ഓര്‍മ്മിക്കുന്നത് നല്ലതാണെന്നും ആയിരുന്നു എമില്‍ സുടോവ്സ്കി പറഞ്ഞത്. ഫിഡെയെ വെല്ലുവിളിച്ചാല്‍ കാള്‍സന്‍ അതേ വിധിയായിരിക്കും എന്ന സൂചനയാണ് സുടോവ്സ്കി.നല്‍കിയിരിക്കുന്നത്.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക