Kerala

ജീവജലത്തിന് ഒരു മണ്‍പാത്രം രണ്ടു ലക്ഷത്തിലേക്ക്; 17 ന് മഹാപരിക്രമണം ഉദ്ഘാടനം, നാളെ മഹാസമര്‍പ്പണം

Published by

കൊച്ചി: ശ്രീമന്‍ നാരായണന്‍ മിഷന്റെ ജീവജലത്തിന് ഒരു മണ്‍പാത്രം പദ്ധതി ഈ വേനല്‍ക്കാലത്തെ വിതരണത്തോടെ രണ്ടു ലക്ഷത്തിലേക്കെത്തും. ജലസ്രോതസുകള്‍ മിക്കതും വറ്റിവരണ്ട് പക്ഷികള്‍ക്ക് കുടിവെള്ളം കിട്ടാന്‍ പ്രയാസമേറുന്ന കടുംവേനലില്‍ വെള്ളം സംഭരിക്കാനുള്ള മണ്‍പാത്രങ്ങള്‍ സൗജന്യമായി വിതരണം ചെയ്യുന്ന പദ്ധതിയാണ് ജീവജലത്തിന് ഒരു മണ്‍പാത്രം പദ്ധതി. ദശലക്ഷക്കണക്കിന് പക്ഷികള്‍ക്കാണ് ഈ പദ്ധതി കൊണ്ട് പ്രയോജനം ലഭിച്ചത്. പതിനായിരക്കണക്കിന് പക്ഷികള്‍ക്കാണ് അതിജീവനം സാധ്യമായത്.

കഴിഞ്ഞ വര്‍ഷം വരെ 1,60,000 മണ്‍പാത്രങ്ങള്‍ വിതരണം ചെയ്തിരുന്നു. 40,000 പാത്രങ്ങള്‍ കൂടി വിതരണം ചെയ്ത് രണ്ടു ലക്ഷം തികയ്‌ക്കാനുള്ള തീവ്രശ്രമങ്ങള്‍ നടക്കുകയാണ്. ആലുവ കീഴ്മാട് സൊസൈറ്റിയിലും തത്തപ്പിള്ളിയിലും മൂന്നു മാസങ്ങള്‍ മുമ്പു മുതല്‍ തന്നെ ഇതിനായുള്ള പാത്ര നിര്‍മാണം തുടങ്ങിയിരുന്നു.

നാളെ രാവിലെ 7 മണിക്ക് കൊടുങ്ങല്ലൂര്‍ കുറുമ്പ ഭഗവതി ക്ഷേത്രനടയില്‍ മണ്‍പാത്രത്തിന്റെ മഹാസമര്‍പ്പണവും വിതരണവും കേന്ദ്രമന്ത്രി സുരേഷ് ഗോപി നിര്‍വ്വഹിക്കും. 17ന് രാവിലെ 11 മണിക്ക് മുപ്പത്തടം കവലയില്‍ സംസ്ഥാന മണ്‍പാത്ര വിതരണ മഹാപരിക്രമണം വ്യവസായ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് വാഹനം മന്ത്രി ഫഌാഗ് ഓഫ് ചെയ്യും. 10 ദിവസം കൊണ്ട് കേരളത്തിലെ എല്ലാ ജില്ലകളിലും മഹാപരിക്രമണത്തിലൂടെ മണ്‍പാത്രങ്ങള്‍ വിതരണം ചെയ്യുമെന്ന് ശ്രീമന്‍ നാരായണന്‍ അറിയിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക