ന്യൂയോര്‍ക്ക് : ലാഭത്തിലുള്ള കമ്പനികളെ വിമര്‍ശിക്കുന്ന ചില ധനകാര്യറിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിക്കുക, അത് വഴി ആ കമ്പനികളെ വീഴ്ത്തുക- ഇതായിരുന്നു ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് എന്ന സ്ഥാപനത്തിന്റെ പ്രഖ്യാപിത പരിപാടി. . ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചാല്‍ കമ്പനികള്‍ തകരുമെന്ന് മുന്‍കൂട്ടി മനസ്സിലാക്കുക വഴി ഓഹരിവിപണിയില്‍ മുതലെടുപ്പ് നടത്തി ലാഭം കൊയ്യാന്‍ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് ഉടമ ആന്‍ഡേഴ്സണ്‍ ഒരു ഹെഡ് ജ് ഫണ്ടുമായി രഹസ്യധാരണ ഉണ്ടാക്കിയിരുന്നുവെന്നും ഇത് വഴി കോടികള്‍ സമ്പാദിച്ചുവെന്നുമുള്ള ആരോപണം ശക്തമാവുകയാണ്. ഇതേക്കുറിച്ച് യുഎസ് ഓഹരി വിപണി ആന്‍ഡേഴ്സണെതിരെ അന്വേഷണം തുടങ്ങിയിട്ടുണ്ടെന്നും അമേരിക്കയിലെ ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
അതിനിടെ ഇക്കാര്യം നിഷേധിച്ചുകൊണ്ട് കഴിഞ്ഞ ദിവസം ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് ഉടമ ആന്‍ഡേഴ്സണ്‍ കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. അദാനി ഗ്രൂപ്പിനെതിരെ ചില സാമ്പത്തിക ആരോപണങ്ങള്‍ ഉയര്‍ത്തി റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ച ആന്‍ഡേഴ്സണ്‍ അമേരിക്കയില്‍ പ്രസിഡന്‍റായി ഡൊണാള്‍ഡ് ട്രംപ് രംഗത്ത് വന്നതോടെ ഹിന്‍ഡന്‍ ബര്‍ഗ് റിസര്‍ച്ച് എന്ന സ്ഥാപനം തന്നെ അടച്ചുപൂട്ടുന്നതായി പ്രഖ്യാപിക്കുകയായിരുന്നു. പ്രധാനമന്ത്രി മോദി, അദാനി ഗ്രൂപ്പ് എന്നിവയോട് ആഭിമുഖ്യമുള്ള ട്രംപിന്റെ വരവ് ആന്‍ഡേഴ്സണ്‍ ഭീഷണിയായി കാണുന്നുണ്ടായിരുന്നു. ചിലപ്പോള്‍ തനിക്കെതിരെ നിയമനടപടി ഉണ്ടാകുമോ എന്നും ആന്‍ഡേഴ്സണ്‍ ഭയന്നു. മാത്രമല്ല, ട്രംപിന്റെ പാര്‍ട്ടിയായ റിപ്പബ്ലിക് പാര്‍ട്ടിയുടെ ഒരു എംപി തന്നെ ആന്‍ഡേഴ്സണെ പരസ്യമായി വിമര്‍ശിക്കുകയും അദാനി ഗ്രൂപ്പിനെതിരെ കൈക്കൂലിക്കുറ്റം ആരോപിച്ച് വിധി പ്രസ്താവിച്ചതിന് കാരണം കാണിക്കാന്‍ ആവശ്യപ്പെട്ട് യുഎസ് അറ്റോര്‍ണി ജനറലിന് കത്തയയ്‌ക്കുകയും ചെയ്തിരുന്നു. അതില്‍ ഇന്ത്യ ലോകത്തെ അതിവേഗത്തില്‍ വളരുന്ന സമ്പദ് ഘടനയാണെന്നും അവിടുത്തെ പ്രധാന ബിസിനസ് ഗ്രൂപ്പായ അദാനിയെ വിമര്‍ശിക്കുന്നത് ട്രംപ് സര്‍ക്കാരിനെ ലോകം തെറ്റിദ്ധരിക്കുന്നതിന് കാരണമാകുമെന്നും ട്രംപിന്റെ അനുയായിയായ എംപി ഈ കത്തില്‍ സൂചിപ്പിച്ചിരുന്നു. കാര്യങ്ങള്‍ പന്തിയല്ലെന്ന് കണ്ട ആന്‍ഡേഴ്സണ്‍ ഉടനെ താന്‍ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് എന്ന കമ്പനി പൂട്ടുകയാണെന്ന് പ്രഖ്യാപിക്കുകയായിരുന്നു.
ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിനെതിരെ ഇന്ത്യയിലെ ഓഹരിവിപണി നിയന്ത്രിക്കുന്ന സര്‍ക്കാര്‍ സ്ഥാപനമായ സെബി ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരുന്നു. സെബിയുടെ ചെയര്‍പേഴ്സണായ മാധബി പുരി ബുച്ചാണ് ഈ കാരണം കാണിക്കല്‍ നോട്ടീസ് അയച്ചത്. ഇങ്ങിനെ ഒരു നോട്ടീസ് അയയ്‌ക്കാന്‍ കാരണമുണ്ട്. പ്രശാന്ത് ഭൂഷണ്‍ ഉള്‍പ്പെടെയുള്ള എന്‍ജിഒ പിന്തുണയുള്ള ചില അഭിഭാഷകര്‍ സുപ്രീംകോടതിയെ സമീപിക്കുകയും ഹിന്‍ഡന്‍ബര്‍ഗ് ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ അദാനി ഗ്രൂപ്പിനെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് സുപ്രീംകോടതി നിര്‍ദേശിച്ചത് പ്രകാരം ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് ഉയര്‍ത്തിയ ആരോപണങ്ങളെക്കുറിച്ച് അന്വേഷിച്ച സെബിക്ക് ഈ ആരോപണങ്ങളില്‍ ഒരു ശതമാനം പോലും കഴമ്പില്ലെന്ന് മനസ്സിലായി. ഈ റിപ്പോര്‍ട്ട് ഇവര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിക്കുക മാത്രമല്ല, എന്തിനാണ് തെളിവുകളില്ലാതെ ഗുരുതരമായ ആരോപണങ്ങള്‍ അദാനിയ്‌ക്കെതിരെ ഉന്നയിച്ചതെന്നും ഇതിന് കാരണം കാണിക്കണമെന്നും സെബി അധ്യക്ഷ മാധബി പുരി ബുച്ച് ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ചാണ് അവര്‍ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് ഉടമ ആന്‍ഡേഴ്സനെതിരെ കാരണം കാണിക്കല്‍ നോട്ടീസ് അയച്ചത്. അന്ന് ആന്‍ഡേഴ്സണ്‍ ഒരു തൊടുന്യായം ഉന്നയിക്കുകയായിരുന്നു. അതായത് ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന്റെ ഓഫീസ് അമേരിക്കയിലാണെന്നും ഇന്ത്യയിലെ ഒരു കോടതിയ്‌ക്കും അമേരിക്കയിലെ ഒരു കമ്പനിയ്‌ക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയയ്‌ക്കാന്‍ നിയമപരമായ അധികാരമില്ലെന്നും അതിനാല്‍ ഇത് മറുപടി അര്‍ഹിക്കുന്നില്ലെന്നുമുള്ള ധിക്കാരപരമായ മറപുടിയാണ് ആന്‍ഡേഴ്സണ്‍ നല്‍കിയത്. പിന്നീട് സെബിയുടെ കരുത്തയായ അധ്യക്ഷ മാധബി പുരി ബുച്ചിനെ പേടിപ്പിക്കാന്‍ അവര്‍ക്കും ഭര്‍ത്താവിനും എതിരെ കുറെ ആരോപണങ്ങള്‍ ഉന്നയിച്ച് ആന്‍ഡേഴ്സണ്‍ വീണ്ടും ഒരു റിപ്പോര്‍ട്ട് കൂടി പ്രസിദ്ധീകരിച്ചു നോക്കി. എന്നാല്‍ ഇത് ആരും മുഖവിലയ്‌ക്ക് പോലും എടുത്തില്ല. അത് കഴിഞ്ഞ് കോണ്‍ഗ്രസ് നേതാക്കളെക്കൊണ്ട് മാധബി പുരി ബുച്ചിനെതിരെ വിരട്ടാന്‍ ഇല്ലാത്ത അഴിമതിയാരോപണങ്ങള്‍ ഉയര്‍ത്തി നോക്കി. എന്നാല്‍ മാധബി പുരി ബുച്ച് തല ഉയര്‍ത്തിത്തന്നെ നിന്നു. ട്രംപ് കൂടി അമേരിക്കയില്‍ അധികാരത്തില്‍ എത്തിയതോടെ അമേരിക്കയും ഇന്ത്യയും കൈകോര്‍ത്തുപിടിച്ച് തനിയ്‌ക്കെതിരെ അന്വേഷണം കൊണ്ടുവന്നേക്കാമെന്ന് ഭയന്നാണ് ആന്‍ഡേഴ്സണ്‍ ഹിന്‍ഡന്‍ബര്‍ഗ് അടച്ചുപൂട്ടിയതെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. അങ്ങിനെ ഒരു അന്വേഷണം വന്നാല്‍ ആന്‍ഡേഴ്സണ്‍ കുടുങ്ങുമെന്നും ഉറപ്പ്. കാരണം അദാനിയ്‌ക്കെതിരെ ചെളി വാരിയെറിയാനല്ലാതെ ഒന്നിനും പോലും ആന്‍ഡേഴ്സണന്റെ കയ്യില്‍ തെളിവില്ല.
ഇപ്പോഴിതാ താന്‍ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് എന്ന സ്ഥാപനം അടച്ചുപൂട്ടിയത് വ്യക്തിപരമായ കാരണങ്ങൾകൊണ്ട് മാത്രമാണെന്ന പ്രതികരണവുമായി കഴിഞ്ഞ ദിവസം ആൻഡേഴ്സൺ വീണ്ടും രംഗത്ത് വന്നിട്ടുണ്ട്. അപ്പോഴും എന്തുകൊണ്ട് ട്രംപ് അധികാരത്തില്‍ വന്നയുടന്‍ ഇങ്ങിനെ ഒരു തീരുമാനമെടുത്തു എന്ന കാര്യത്തിന് മാത്രം ആന്‍ഡേഴ്സണ് ഉത്തരം പറയാന്‍ കഴിഞ്ഞിട്ടില്ല. .
പ്രതികരിക്കാൻ ഇവിടെ എഴുതുക