ആലപ്പുഴ: പാണ്ടനാട് ഗ്രാമപഞ്ചായത്തില്‍ സിപിഎം പിന്തുണയോടെ കോണ്‍ഗ്രസിന് പ്രസിഡന്റ് സ്ഥാനം. ഇന്‍ഡി സഖ്യത്തിന്റെ ഭാഗമായുള്ള അവിശുദ്ധ കുട്ടുകെട്ടില്‍ സിപിഎമ്മില്‍ പൊട്ടിത്തെറി. കോണ്‍ഗ്രസിലെ അമ്മാളുകുട്ടി സണ്ണിയാണ് പഞ്ചായത്ത് പ്രസിഡന്റായത്. അമ്മാളുകുട്ടിക്ക് ഏഴും ബിജെപിയിലെ ഷൈലജ രഘുനാഥിന് ആറു വോട്ടും ലഭിച്ചു. ഒരു സിപിഎം അംഗത്തിന്റെ വോട്ട് ബിജെപിക്കു ലഭിച്ചു.
കോണ്‍ഗ്രസ് പിന്തുണയില്‍ എല്‍ഡിഎഫ് ഭരിച്ചിരുന്ന പഞ്ചായത്തില്‍ എല്‍ഡിഎഫിലെ ജെയിന്‍ ജിനു ജേക്കബ് പ്രസിഡന്റ് സ്ഥാനം രാജിവച്ച സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്. ഒന്‍പത് മാസം കൂടി കാലാവധി ബാക്കിയുള്ളപ്പോഴാണ് വ്യക്തിപരമായ കാരണമെന്ന് അറിയിച്ചു രാജിവച്ചത്. എന്നാല്‍ ജെയിന്‍ ജിനു ജേക്കബിന്റെ രാജി സിപിഎം നേതൃത്വവും കോണ്‍ഗ്രസുമായുള്ള ധാരണ പ്രകാരമാണെന്നാണ് വിവരം. ബിജെപിയെ അധികാരത്തില്‍ നിന്ന് പുറത്തു നിര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് പഞ്ചായത്തംഗങ്ങളുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനം മാത്രമുള്ള കോണ്‍ഗ്രസിന് സിപിഎം പിന്തുണ നല്‍കിയത്. ഘടകകക്ഷികള്‍ തമ്മിലുള്ള ധാരണയെന്ന നിലയിലാണ് സിപിഎമ്മും, കോണ്‍ഗ്രസും ഇവിടെ പ്രസിഡന്റ് സ്ഥാനം വീതംവെച്ചെടുത്തതെന്നാണ് വിമര്‍ശനം.
ജനങ്ങളെ വഞ്ചിച്ചുള്ള സിപിഎം നേതൃത്വത്തിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് സിപിഎം അഗം ബിജെപിയെ പിന്തുണച്ചത്. നേരത്തെ ബിജെപി ഭരണത്തിലിരുന്ന പഞ്ചായത്തില്‍ കോണ്‍ഗ്രസ് പിന്തുണയോടെ എല്‍ഡിഎഫ് ഭരണം പിടിക്കുകയായിരുന്നു. ഇവിടെ ബിജെപി ഭരണത്തിലിരിക്കെ, അന്നത്തെ പ്രസിഡന്റ് ആശ വി.നായര്‍ പാര്‍ട്ടി അംഗത്വം ഉള്‍പ്പെടെ രാജിവച്ചതോടെയാണ് അവിശുദ്ധ സഖ്യത്തിന് തുടക്കമായത്. ആശയുടെ വാര്‍ഡില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ അവര്‍ എല്‍ഡിഎഫ് സ്വതന്ത്രയായാണു വീണ്ടും മത്സരിച്ചത്. എന്നാല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ജോസ് വല്യാനൂര്‍ ആശയെ പരാജയപ്പെടുത്തി. തുടര്‍ന്നു കക്ഷിനില ബിജെപി- അഞ്ച്, എല്‍ഡിഎഫ് – അഞ്ച്, കോണ്‍ഗ്രസ് – മൂന്ന് എന്ന നിലയിലായി. പിന്നീട് കോണ്‍ഗ്രസ് പിന്തുണയില്‍ സി
പിഎം ഭരണം പിടിക്കുകയായിരുന്നു.
സ്ഥലം എംഎല്‍എയായ മന്ത്രി സജി ചെറിയാനും, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായുള്ള അവിശുദ്ധ നീക്കുപോക്കാണ് നടന്നതെന്ന് ബിജെ
പി കുറ്റപ്പെടുത്തി. ചെങ്ങന്നൂര്‍, ഹരിപ്പാട് നിയോജകമണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് വിജയങ്ങളില്‍ സിപിഎമ്മിലെയും കോണ്‍ഗ്രസിലെയും ഒരു വിഭാഗം പരസ്പരം സഹായിക്കുന്നു എന്നത് പരസ്യമായ രഹസ്യമാണ്.
കോണ്‍ഗ്രസുമായുള്ള സഹകരണം തുടരുമെന്ന സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ കരടു രാഷ്‌ട്രീയ പ്രമേയത്തിന് അനുസൃതമായി ജനവിധി അട്ടിമറിച്ചുള്ള കൂട്ടുകെട്ടാണ് ജില്ലയില്‍ വിവിധ പഞ്ചായത്തുകളില്‍ നടക്കുന്നത്. കോടംതുരുത്ത്, തിരുവന്‍വണ്ടൂര്‍, പാണ്ടനാട്, ചെന്നിത്തല പഞ്ചായത്തുകളില്‍ ഇടതുവലതു സഖ്യമാണ് ഭരണം നടത്തുന്നത്. രമേശ് ചെന്നിത്തലയുടെ സ്വന്തം പഞ്ചായത്തില്‍ കോണ്‍ഗ്രസ് പിന്തുണയില്‍ ഇടതുപക്ഷത്തിനാണ് പ്രസിഡന്റ് സ്ഥാനം. ഇവിടെ ബിജെപിക്കും, യുഡിഎഫിനും, ഇടതുപക്ഷത്തിനും ആറംഗങ്ങള്‍ വീതമാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: