പാലക്കാട്:അയല്‍വാസി പുഷ്പയെ വെറുതെ വിട്ടതില്‍ നിരാശയുണ്ടെന്ന് നെന്്മാറ ഇരട്ടക്കൊലപാതക കേസിലെ പ്രതി ചെന്താമര. തന്റെ ഭാര്യ പിണങ്ങി പോകാന്‍ കാരണം പുഷ്പയാണ്. തെളിവെടുപ്പിനായി പൊലീസ് കസ്റ്റഡിയിലിരിക്കെയാണ് ചെന്താമര പൊലീസിനോട് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.
താന്‍ പുറത്തിറങ്ങാതിരിക്കാന്‍ കൂട്ട പരാതി നല്‍കിയവരില്‍ പുഷ്പയും ഉണ്ട്. ഇനി പുറത്തിറങ്ങണമെന്ന് ആഗ്രഹിക്കുന്നില്ല. അതിനാല്‍ പുഷ്പ രക്ഷപ്പെട്ടുവെന്നും ചെന്താമര പറഞ്ഞു.
നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമരയുമായി ചൊവ്വാഴ്ച പൊലീസ് തെളിവെടുപ്പ് നടത്തി. കൊലപാതകം നടന്ന സ്ഥലത്തും പ്രതി ഓടി രക്ഷപ്പെട്ട പ്രദേശത്തുമാണ് തെളിവെടുപ്പ് നടത്തിയത്. നാട്ടുകാരുടെ പ്രതിഷേധം കണക്കിലെടുത്ത് കനത്ത സുരക്ഷയിലായിരുന്നു തെളിവെടുപ്പ്. ബുധനാഴ്ചയും തെളിവെടുപ്പ് തുടരും.
ചൊവ്വാഴ്ച രാവിലെ 11 മണിയ്‌ക്കാണ് ചെന്താമരയെ വിയ്യൂര്‍ ജയിലില്‍ നിന്ന് ആലത്തൂര്‍ കോടതിയില്‍ എത്തിച്ചത്. കസ്റ്റഡിയില്‍ വാങ്ങിയ ശേഷം പൊലീസ് പ്രതിയുമായി പോത്തുണ്ടിയിലെ ബോയന്‍ കോളനിയിലെത്തി. കൊല നടത്തിയ സ്ഥലത്താണ് ആദ്യമെത്തിച്ചത്. അതിനുശേഷം വീട്ടിലേക്ക് പോയതും മലയില്‍ പോയി ഒളിച്ചത് എങ്ങനെയെന്നത് ഉള്‍പ്പെടെ യാതൊരു ഭാവഭേദവുമില്ലാതെയാണ് ചെന്താമര പൊലീസിനോട് വിശദീകരിച്ചത്.
പകല്‍ പാടത്തെ ചെറിയ ചാലില്‍ തന്നെ നിന്ന ശേഷം രാത്രി കനാലിലൂടെ മലകയറി. അവിടെ ഒരു ഗുഹയിലായിരുന്നു താമസം. മലയിലേക്ക് പോയ വഴിയും തിരിച്ചുവന്ന വഴിയും ഉള്‍പ്പെടെ ചെന്താമര പൊലീസിന് കാട്ടികൊടുത്തു.കേസിലെ സാക്ഷികളെ ഉള്‍പ്പെടെ എത്തിച്ചാണ് പൊലീസ് തെളിവെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക