India

മഹാകുംഭമേളയിലെ തിക്കും തിരക്കും മരണവും: ഗൂഢാലോചന നടത്തിയെന്ന് കരുതുന്ന 120 പേരെ തിരിച്ചറിയാന്‍ യോഗി സര്‍ക്കാര്‍; ഇവര്‍ എത്തിയത് ഒരു ബസില്‍

മഹാകുംഭമേളയില്‍ അമൃതസ്നാനത്തിനിടയില്‍ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 30 പേര്‍ മരിച്ച സംഭവത്തിന് പിന്നില്‍ ഗൂഢാലോചന നടത്തിയ 120 പേരെ തിരിച്ചറിഞ്ഞതായി യോഗി സര്‍ക്കാര്‍. ഒരൊറ്റ ബസില്‍ വന്നിറങ്ങിയവരാണ് ഈ 120 പേരും എന്നറിയുന്നു.

Published by

പ്രയാഗ് രാജ്: മഹാകുംഭമേളയില്‍ അമൃതസ്നാനത്തിനിടയില്‍ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 30 പേര്‍ മരിച്ച സംഭവത്തിന് പിന്നില്‍ ഗൂഢാലോചന നടത്തിയവരെന്ന് സംശയിക്കുന്ന 120 പേരെ തിരിച്ചറിയാനും കണ്ടെത്താനുമുള്ള ശ്രമവുമായി യോഗി സര്‍ക്കാര്‍. ഒരൊറ്റ ബസില്‍ വന്നിറങ്ങിയവരാണ് ഈ 120 പേരും എന്നറിയുന്നു. ഇവരെ തിരിച്ചറിയാന്‍ ഒപ്പറേഷന്‍ 120 എന്ന ദൗത്യം യുപി സര്‍ക്കാര്‍ തുടക്കം കുറിച്ചിരിക്കുന്നു. ഇതിന് ചുക്കാന്‍ പിടിക്കുന്നതോ യോഗി ആദിത്യനാഥും.

ഈ വ്യക്തികളാണോ തിക്കും തിരക്കും ഉണ്ടാക്കിയത് എന്ന കാര്യമാണ് അന്വേഷിക്കുന്നത്. എഐയില്‍ പ്രവര്‍ത്തിക്കുന്ന 2500 എഐക്യാമറകളില്‍ നിന്നുള്ള ദൃശ്യങ്ങളുടെ സഹായത്തോടെയാണ് യുപിയിലെ ഭീകരവാദവിരുദ്ധ സ്ക്വാഡും യുപിയുടെ പ്രത്യേക ദൗത്യസംഘവും 30 പേരുടെ മരണത്തെക്കുറിച്ച് അന്വേഷിച്ചുകൊണ്ടിരിക്കുന്നത്. ഓപ്പറേഷന്‍ 120 എന്ന പേരില്‍ മുഖ്യമന്ത്രി യോഗിയുടെ നേതൃത്വത്തില്‍ തന്നെ ഇതേക്കുറിച്ച് അന്വേഷണം നടന്നുവരികയാണ്.

ഒരൊറ്റ ബസില്‍ വന്നിറങ്ങിയ 120 പേരാണ് എഐ ക്യാമറയില്‍ സംശയാസ്പദമായി പതിഞ്ഞിരിക്കുന്നത്. ഇവര്‍ അപവാദം പ്രചരിച്ചാണോ അതോ തിക്കും തിരക്കും സൃഷ്ടിക്കുകയായിരുന്നോ എന്നകാര്യമാണ് മനസ്സിലാക്കാന്‍ ശ്രമിക്കുന്നത്.

രണ്ട് വീഡിയോകള്‍

മഹാകുംഭമേളയില്‍ 30 പേരുടെ മരണത്തിനിടയാക്കിയ തിക്കും തിരക്കും കൃത്രിമമായി സൃഷ്ടിക്കപ്പെട്ടതാണെന്നും ഇതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും തെളിയിക്കുന്ന രണ്ട് വീഡിയോകള്‍ കണ്ടെത്തിയിട്ടുണ്ട്. ഒന്ന് ഡിവൈഎസ്പി റാങ്കിലുള്ള ഒരു പൊലീസുദ്യോഗസ്ഥന്‍ രാത്രി ഒന്നരമണിക്ക് ഭക്തരെ കുളിക്കാന്‍ നിര്‍ബന്ധിക്കുന്ന വീഡിയോ ആണ്. സാധാരണ മൗനി അമാവാസ്യ നാളിലെ അമൃതസ്നാനത്തിന് പോകേണ്ടത് ബ്രാഹ്മമുഹൂര്‍ത്തമായ മൂന്നരമണിയോടെയാണെന്ന് ഭക്തര്‍ക്ക് ഒരു ധാരണയുണ്ട്. അതിനിടെയാണ് വേഗം പോയി കുളിക്ക് അല്ലെങ്കില്‍ തിക്കും തിരക്കും ഉണ്ടാകും എന്ന് നിര്‍ബന്ധിക്കുന്ന പൊലീസുകാരന്റെ വീഡിയോ പുറത്ത് വന്നിരിക്കുന്നത്. ഇത് ബോധപൂര്‍വ്വം തിക്കും തിരക്കുമുണ്ടാക്കാനുള്ള തന്ത്രമായാണ് കരുതപ്പെടുന്നത്.

രണ്ടാമത്തെ വീഡിയോ 15ഓളം ചെറുപ്പക്കാര്‍ തിരക്കിട്ട് വന്ന് ബാരിക്കേഡിനുള്ളിലേക്ക് കയറാന്‍ ശ്രമിക്കുന്നതാണ്. ഇവരില്‍ ഒരാള്‍ ബാരിക്കേഡിന്റെ ഒരു ഭാഗം പൊളിക്കാനും ശ്രമിക്കുന്നുണ്ട്. ഇത് തിക്കും തിരക്കും ഉണ്ടായി എന്ന് വരുത്തി ഭക്തര്‍ക്കിടയില്‍ ഭീതിപരത്താനുള്ള ശ്രമമായിരുന്നു എന്ന് കരുതപ്പെടുന്നു. ഈ രണ്ട് വീഡിയോകളും യുപി പൊലീസ് പഠിച്ചുവരികയാണ്.

മൂന്നാമത്തെ ഒരു വീഡിയോ മരിച്ചവരുടെ കിഡ്നിയും കരളും പറിച്ചെടുത്ത് പുഴയില്‍ എറിയാന്‍ പറയുന്ന യുവാക്കളുടെ വീഡിയോ ആണ്. അതുപോലെ ചില സമൂഹമാധ്യമ അക്കൗണ്ടുകളുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെക്കുറിച്ച് അന്വേഷണം നടക്കുന്നു.ഇതുപോലെ വേറെ വീഡിയോകളും ലഭ്യമായിട്ടുണ്ട്. ഇത് യുപി പൊലീസ് രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്.

അതുപോലെ ഒട്ടേറെ ദൃക്സാക്ഷി മൊഴികളും പൊലീസിന്റെ പക്കലുണ്ട്. അതില്‍ ഒന്ന് ചെങ്കോടി പിടിച്ച് ഏതാനും യുവാക്കള്‍ വന്ന് തിക്കുംതിരക്കും ഭീതിയും സൃഷ്ടിച്ചു എന്ന മൊഴിയാണ്. ആരാണ് ചെങ്കോടി പിടിച്ച യുവാക്കള്‍? നക്സലൈറ്റുകളാണോ? അതോ, കമ്മ്യൂണിസ്റ്റുകാരെന്ന തെറ്റിദ്ധാരണയുണ്ടാക്കാന്‍ മറ്റ് ചിലര്‍ നടത്തിയ ഗൂഢശ്രമത്തിന്റെ ഭാഗമോ?

16000 മൊബൈല്‍ ഫോണുകള്‍ സ്വിച്ചോഫായ സംഭവം
തിക്കും തിരക്കും കഴിഞ്ഞ് 30 പേര്‍ മരിച്ച ശേഷം ഏകദേശം 16000 മൊബൈല്‍ ഫോണുകള്‍ സംശയാസ്പദമായ രീതിയില്‍ പൊടുന്നനെ സ്വിച്ചോഫായി എന്ന് യുപി പൊലീസ് പറയുന്നു. അപകടം നടന്ന മൗനി അമാവാസ്യ ദിവസമായ ജനവരി 29ന് പ്രയാഗ് രാജിലെ ത്രിവേണി സംഗമത്തിലെ നൗജ് പ്രദേശത്താണ് ഈ മൊബൈലുകള്‍ സീജവമായിരുന്നത്. ഇതിലെ ഒരു 100 നമ്പറുകളെ കേന്ദ്രീകരിച്ചാണ് കൂടുതല്‍ അന്വേഷണം നടക്കുന്നത്. കാരണം ഇവര്‍ ആള്‍ക്കൂട്ടത്തിന്റെ നടുവില്‍ ഉണ്ടായിരുന്നതായി പറയപ്പെടുന്നു. പൊടുന്നനെ ഇവര്‍ ബഹളമുണ്ടാക്കുകയും ആളുകളെ തള്ളിമാറ്റുകയും ചെയ്ത് കൃത്രിമമായി ഒരു ഭീതി സൃഷ്ടിക്കുകയായിരുന്നു. ഇവരെ തിരിച്ചറിയാന്‍ സിസിടിവി ഫുട്ടേജുകള്‍ പരിശോധിക്കുന്നു.

തിക്കിനും തിരക്കിനും മുന്‍പ് സംശയാസ്പദമായെന്തെങ്കിലും?

മഹാകുംഭമേളയില്‍ ത്രിവേണി സംഗമത്തിനടുത്ത് തിക്കും തിരക്കും ഉണ്ടാകുന്നതിന് മുന്‍പ് സംശയാസ്പദമായെന്തെങ്കിലും സംഭവിച്ചോ എന്ന കാര്യം അന്വേഷിക്കുന്നുണ്ട്. ഇതേക്കുറിച്ച് തെരുവില്‍ മാലയും സാധനങ്ങളും വിറ്റിരുന്ന കച്ചവടക്കാരോടും തിരക്കിവരുന്നു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക