പ്രയാഗ് രാജ് : മഹാകുംഭമേളയിലെ അവസാന വിശുദ്ധസ്നാനത്തിനുള്ള ദിവസമായ ബസന്തപഞ്ചമി നാളായ തിങ്കളാഴ്ച ത്രിവേണി സംഗമത്തില്‍ അമൃതസ്നാനത്തിന് എത്തിയത് 1.2 കോടി പേര്‍. നാലാമത്തെ അമൃതസ്നാനമാണ് മഹാകുംഭമേളയില്‍ തിങ്കളാഴ്ച നടന്നത്. വസന്തകാലത്തിന്റെ തുടക്കമാണ് ബസന്തപഞ്ചമിയായി ആഘോഷിക്കുന്നത്. സ്വാമിമാരും സാധുക്കളും വിവിധ അഖാഡകളിലെ അംഗങ്ങളും അമൃതസ്നാനം ചെയ്തു. ഇക്കുറി തീരെ പിഴവില്ലാത്ത ചടങ്ങാണ് ഉത്തര്‍പ്രദേശ് മുുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍ദേശിച്ചിരുന്നതെന്നതിനാല്‍ കര്‍ശന നിയന്ത്രണങ്ങളോടെയാണ് ചടങ്ങ് നടന്നത്.
പുലര്‍ച്ചെ അഞ്ച് മണിക്ക് അമൃതസ്നാനച്ചടങ്ങുകള്‍ ആരംഭിച്ചു. വിവിധ അഖാഡകളിലെ മഹാമണ്ഡലേശ്വര്‍മാരാണ് ഭക്തരുടെ സ്നാനത്തിന് നേതൃത്വം നല്‍കിയത്. മഹാകുംഭമേളയിലെ ഏറ്റവും വിശുദ്ധദിവസമായാണ് ബസന്ത് പഞ്ചമി നാളിലെ അമൃതസ്നാനത്തെ കാണുന്നത്. ലോകത്തെമ്പാടുനിന്നും ലക്ഷക്കണക്കിന് പേര്‍ ത്രിവേണി സംഗമത്തില്‍ എത്തി. ഉച്ചയ്‌ക്ക് 12 മണിവരെയുള്ള കണക്കനുസരിച്ച് 1.25 കോടി പേര്‍ അമൃതസ്നാനം ചെയ്തു.
ഫെബ്രുവരി നാല് ചൊവ്വാഴ്ച വരെ പ്രയാഗ്രാജില്‍ വാഹനങ്ങളുടെ പ്രവേശനം നിരോധിച്ചിട്ടുണ്ട്. സ്നാനം കഴിഞ്ഞുള്ള ഭക്തരുടെ മടക്കയാത്രയും സുഗമമാക്കാനായിരുന്നു ഈ സംവിധാനം.. വിവിഐപി പാസും റദ്ദാക്കി. നിരീക്ഷണത്തിനായി ഹെലികോപ്ടര്‍ വിന്യസിച്ചിട്ടുണ്ട്. 2750 സിസിടിവികള്‍ വഴിയും നിരീക്ഷണം ശക്തമാക്കി.
ഇനി രണ്ട് അമൃതസ്നാനം കൂടി ബാക്കിയുണ്ട്. ഫെബ്രുവരി 12ന് മാഘപൂര്‍ണ്ണിമയിലാണ് അഞ്ചാമത്തെ അമൃതസ്നാനം നടക്കുക. അവസാനത്തേതും ആറാമത്തേതുമായ അമൃതസ്നാനം ഫെബ്രുവരി 26ന് മഹാശിവരാത്രി നാളില്‍ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക