ഡെറാഡൂണ്‍: ദേശീയ ഗെയിംസിന്റെ അഞ്ചാം ദിനം കേരളം സ്വന്തമാക്കിയത് മൂന്ന് സ്വര്‍ണം. പുരുഷന്‍മാരുടെ വുഷുവിലെ തൗലോ നങ്കുന്‍ വിഭാഗത്തിലായിരുന്നു ഇന്നലെ കേരളത്തിന്റെ ആദ്യസ്വര്‍ണം. 8.35 പോയിന്റ് നേടി മുഹമ്മദ് ജാസില്‍ ഇന്നലത്തെ സ്വര്‍ണകൊയ്‌ത്ത് തുടങ്ഹി. സജന്‍ പ്രകാശ് ഇക്കുറി തന്റെ ആദ്യ സ്വര്‍ണനേട്ടം സ്വന്തമാക്കിയാണ് ഇന്നലെ കേരളത്തിന്റെ രണ്ടാം മെഡല്‍ കൂട്ടിചേര്‍ത്തത്. പിന്നാലെ വനിതാ നീന്തല്‍ താരം ഹര്‍ഷിത ജയറാമും സ്വര്‍ണം നേടി. ഹര്‍ഷിതയുടെ രണ്ടാം സ്വര്‍ണമെഡലാണിത്.
വുഷുവില്‍ ഉടനീളം മെഡലുകള്‍ വാരിക്കൂട്ടിയ മണിപൂര്‍ താരങ്ങളെ മറികടന്നായിരുന്നു മുഹമ്മദ് ജാസിലിന്റെ പൊന്‍ നേട്ടം. മത്സരത്തില്‍ ഉടനീളം ഊര്‍ജ്ജസ്വലമായി കളിച്ചത് ഗുണം ചെയ്തു. ദേശീയ ഗെയിംസ് ആരംഭിക്കുന്നതിന് പത്തിലധികം ദിവസം മുന്ന് വുഷു ടീം ഡെറാഢൂണിലെത്തിയിരുന്നു. നേരെത്തെ എത്തി കാലാവസ്ഥയുമായി ഇണങ്ങിചേരാന്‍ സാധിച്ചതും ഗുണകരമായി. മുമ്പ് ജൂനിയര്‍ ദേശീയ മത്സരങ്ങളിലും സീനിയര്‍ ദേശീയ മത്സരങ്ങളിലും ഓള്‍ ഇന്ത്യന്‍ യൂണിവേഴ്സിറ്റി മത്സരങ്ങളിലും ജാസില്‍ മെഡലുകള്‍ നേടിയിട്ടുണ്ട്. വുഷുവിന് പുറമെ കരാട്ടെ, കളരി, സാംമ്പോ, ജുടിട്സു എന്നീ കായിക ഇനങ്ങളിലും ജാസില്‍ മത്സരിക്കാറുണ്ട്.
മലപ്പുറം ജില്ലയിലെ ചെറുകര കുപ്പൂത്ത് വീട്ടില്‍ മുഹമ്മദ് അലിയുടെയും സാജിതയുടെയും മകനാണ്. ഫാത്തിമ, ആയിശ, ഹൈമന്‍ ഹാദി എന്നിവരാണ് സഹോദരങ്ങള്‍.
നീന്തല്‍ കുളത്തിലെ കേരളത്തിന്റെ മെഡല്‍ വേട്ടക്കാരന്‍ സജന്‍ പ്രകാശ് 200 മീറ്റര്‍ ബട്ടര്‍ഫൈ സ്‌ട്രോക്കില്‍ ആണ് ഇത്തവണത്തെ തന്റെ ആദ്യ സ്വര്‍ണനേട്ടം ആഘോഷിച്ചത്. തുടര്‍ച്ചയായി നാലം ദേശീയ ഗെയിംസിലാണ് സജന്‍ ഈ ഇനത്തില്‍ ഒന്നാമതാകുന്നത്. 2015(കേരളം), 2022(ഗുജറാത്ത്), 2023(ഗോവ) ദേശീയ ഗെയിംസുകളിലും സജന്‍ ഇതേ ഇനത്തില്‍ സ്വര്‍ണം നേടിയിരുന്നു. സജന്റെ ഇഷ്ട ഇനവും ഇതുതന്നെ. ഇതോടെ ദേശീയ ഗെയിംസില്‍ സജന്റെ ആകെ മെഡല്‍ നേട്ടം 29 ആയി.
50 മീറ്റര്‍ ബ്രസ്റ്റ്സ്റ്റ്റോക്കിലാണ് ഹര്‍ഷിത ജയറാം ഇന്നലെ സ്വര്‍ണം നേടിയത്. ഉത്തരാഖണ്ഡ് ദേശീയ ഗെയിംസില്‍ ഹര്‍ഷിതയുടെ രണ്ടാം സ്വര്‍ണമാണ്. കഴിഞ്ഞ ദിവസം 200 മീറ്റര്‍ ബ്രസ്റ്റ്സ്റ്റ്റോക്കിലും സ്വര്‍ണം സ്വന്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: