മെല്‍ബണ്‍: ‘വനിത ആഷസില്‍ സമ്പൂര്‍ണ ജയം സ്വന്തമാക്കി ഓസീസ്. മൂന്ന് വീതം ട്വന്റി20യും ഏകദിനങ്ങളും ഒരു ടെസ്റ്റും ഉള്‍പ്പെട്ട മത്സരങ്ങളെല്ലാം ജയിച്ചാണ് ഇക്കുറി ഓസീസ് ആഷസ് സ്വന്തമാക്കിയത്. ഏറ്റവും ഒടുവില്‍ ഏക ടെസ്റ്റ് മത്സരത്തില്‍ ഇന്നിങ്‌സിനും 122 റണ്‍സിനുമാണ് ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചത്.
ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 170 റണ്‍സെടുത്ത് പുറത്തായി. മറുപടിയായി 440 റണ്‍സെടുത്ത ആതിഥേയര്‍ക്കെതിരെ ഇംഗ്ലണ്ടിന് രണ്ടാം ഇന്നിങ്‌സില്‍ 148 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ഓഫ് സ്പിന്നര്‍മാരായ ആഷ്‌ലേ ഗാര്‍ഡ്‌നറിന്റെ നാല് വിക്കറ്റ് പ്രകടനവും അലാന കിങ്ങിന്റെ അഞ്ച് വിക്കറ്റുമാണ് ഇംഗ്ലണ്ടിന്റെ വീഴ്‌ച്ച പൂര്‍ണമാക്കിയത്. ആദ്യ ഇന്നിങ്‌സില്‍ ഓസീസ് ബാറ്റര്‍മാരായ അന്നാബെല്‍ സതര്‍ലാന്‍ഡിന്റെും(163) ബെത്ത് മൂണി(106)യും നേടിയ സെഞ്ച്വറി മികവിലാണ് ടീം വമ്പന്‍ സ്‌കോര്‍ കണ്ടെത്തിയത്. അന്നാബെല്‍ കളിയിലെ താരമായി. ആദ്യ ഇന്നിങ്‌സിലും നാല് വിക്കറ്റുമായി കസറിയെ അലാന കിങ് പരമ്പരയുടെ താരമായി.
പുരുഷ വിഭാഗത്തില്‍ ആഷസ് പരമ്പരയില്‍ ഇംഗ്ലണ്ടും ഓസ്ട്രേലിയയും തമ്മിലുള്ള ടെസ്റ്റ് മത്സരങ്ങള്‍ മാത്രമാണ് ഉള്‍പ്പെടുന്നതെങ്കില്‍ വനിതാ വിഭാഗത്തില്‍ 2013 മുതല്‍ ടെസ്റ്റ്, ഏകദിന, ടി-20 മത്സരങ്ങള്‍ എല്ലാം ആഷസിന്റെ ഭാഗമാണ്. മാത്രവുമല്ല പോയിന്റ് രീതിയും ഇതിലുണ്ട്. 2015 മുതല്‍ വനിതാ വിഭാഗത്തില്‍ ഇതുവരെ നടന്ന ആറ് പരമ്പരകളും നേടിയിരിക്കുന്നത് ഓസ്ട്രേലിയയാണ്. 2013, 2014 വര്‍ഷങ്ങളില്‍ ഇംഗ്ലണ്ടായിരുന്നു ജേതാക്കള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: