വിവിധ മന്ത്രാലയങ്ങള്‍ക്ക് അനുവദിച്ചത്
പ്രതിരോധം- 4,91,732 കോടി രൂപ
ഗ്രാമ വികസനം- 2,66,817 കോടി
റെയില്‍വേ- 2.52 ലക്ഷം കോടി
ആഭ്യന്തരം- 2,33,211 കോടി
കൃഷിക്കും അനുബന്ധ മേഖലയ്‌ക്കും- 1,71,437 കോടി
വിദ്യാഭ്യാസം- 1,28,650 കോടി
ആരോഗ്യം- 98,311 കോടി
നഗരവികസനം-96,777 കോടി
ഐടി, ടെലികോം- 95,298 കോടി
ഊര്‍ജ്ജം- 81,174 കോടി
വാണിജ്യം,വ്യവസായം- 65,553 കോടി
സാമൂഹ്യക്ഷേമം- 60,052 കോടി
ശാസ്ത്രസാങ്കേതികം- 55,679 കോടി
വിദേശകാര്യം- 20,516 കോടി
കാന്‍സര്‍ രോഗികള്‍ക്ക് ആശ്വാസം
കാന്‍സര്‍ ചികിത്സക്ക് ചെലവേറുകയും രോഗികള്‍ വര്‍ദ്ധിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ മുഴുവന്‍ ജില്ലാ ആശുപത്രികളിലും ഡേ കെയര്‍ കാന്‍സര്‍ സെന്റുകള്‍ സ്ഥാപിക്കും. 2025-2026 വര്‍ഷത്തില്‍ തന്നെ 200 എണ്ണം സ്ഥാപിക്കും.
മെഡിക്കല്‍ വിദ്യാഭ്യാസം
അടുത്ത വര്‍ഷത്തോടെ മെഡിക്കല്‍ കോളജുകളില്‍ 10,000 സീറ്റുകള്‍ കൂടി കൂട്ടിച്ചേര്‍ക്കും. അഞ്ചു വര്‍ഷം കൊണ്ട് 75000 സീറ്റുകളാണ് കൂട്ടിയത്.
ഇന്‍ഷ്വറന്‍സ് മേഖല
ഇന്‍ഷ്വറന്‍സ് മേഖലയില്‍ 74 ശതമാനം വരെയാണ് നേരിട്ടുള്ള വിദേശ നിക്ഷേപത്തിന് ഇതുവരെ അനുമതി ഉണ്ടായിരുന്നത്. ഇത് 100 ശതമാനമായി ഉയര്‍ത്തി. ലഭിക്കുന്ന പ്രീമിയം തുകകള്‍ ഭാരതത്തില്‍ തന്നെ നിക്ഷേപിക്കുന്ന കമ്പനികള്‍ക്കാകും രാജ്യത്ത് 100 ശതമാനം നിക്ഷേപം അനുവദിക്കുക.
തെരുവോര കച്ചവടക്കാര്‍ക്ക് 30,000 രൂപയുടെ ക്രെഡിറ്റ് കാര്‍ഡും വായ്പയും
തെരുവോര കച്ചവടക്കാര്‍ക്ക് മോദി സര്‍ക്കാരിന്റെ ഈ ബജറ്റിലും കൈ നിറയെ അനുകൂല്യങ്ങള്‍. അവര്‍ക്കുള്ള സ്വനിധി പദ്ധതി ഇതിനകം 68 ലക്ഷം പേര്‍ക്ക് ഗുണകരമായതായി ബജറ്റ് അവതരിപ്പിച്ച് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ ചൂണ്ടിക്കാട്ടി. ഈ പദ്ധതിയില്‍ അംഗമാകുന്നവര്‍ക്കുള്ള യുപിഎയുമായി ബന്ധപ്പെടുത്തിയ ക്രെഡിറ്റ് കാര്‍ഡുകളുടെ പരിധി 30,000 രൂപയായി വര്‍ദ്ധിപ്പിച്ചു. ഇവര്‍ക്ക് കൂടുതല്‍ വായ്‌പ്പകളും ലഭ്യമാക്കും. തെരുവോര കച്ചവടക്കാര്‍ക്ക് വ്യാപാരം മെച്ചപ്പെടുത്താന്‍ എളുപ്പത്തില്‍ വായ്‌പ്പ നല്‍കുന്ന സ്വനിധി പദ്ധതി 2020ലാണ് മോദി സര്‍ക്കാര്‍ തുടങ്ങിയത്. ഒരു വര്‍ഷത്തെ കാലാവധിയില്‍ മാസം തോറും ചെറിയ തുകകളായി അടയ്‌ക്കാന്‍ കഴിയുന്ന തരത്തിലാണ് വായ്പാ ഘടന. ഇൗട് നല്‍കേണ്ടാത്ത വായ്‌പ്പയാണിത്.
മൊബൈലുകള്‍ക്കും ഇലക്ട്രിക് വാഹനങ്ങള്‍ക്കും വില കുറയും
മൊബൈലുകളിലും വൈദ്യുത വാഹനങ്ങളിലും ഉപയോഗിക്കുന്ന ലിഥിയം അയോണ്‍ ബാറ്ററികളുടെ തീരുവ കേന്ദ്ര സര്‍ക്കാര്‍ വെട്ടിക്കുറച്ചു. ഇതോടെ ഇവയുടെ വില കുറയും.
പതിനായിരം ഫെലോഷിപ്പുകള്‍
പ്രധാനമന്ത്രിയുടെ റിസര്‍ച്ച് ഫെലോഷിപ്പ് പദ്ധതി പ്രകാരം അടുത്ത അഞ്ചു വര്‍ഷം കൊണ്ട് 10,000 ഫെലോഷിപ്പുകള്‍ അനുവദിക്കും. തെരഞ്ഞെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് എജ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് എന്നിവയില്‍ നേരിട്ട് അഡ്മിഷന്‍ നല്‍കുന്ന പദ്ധതിയാണിത്. പ്രതിമാസം 70,000 -80,000 രൂപ വരെ ഇവര്‍ക്ക് ഫെലോഷിപ്പ് ലഭിക്കുന്നതാണ്. റിസര്‍ച്ച് ഗ്രാന്റായി പ്രതിവര്‍ഷം രണ്ട് ലക്ഷം രൂപയും ലഭിക്കും.പ്രതിവര്‍ഷം രണ്ടായിരം പേര്‍ക്ക് സൗജന്യ ഫെലോഷിപ്പ് ലഭിക്കും.
തപാല്‍ ഓഫീസുകള്‍ ലോജിസ്റ്റിക്ക് കേന്ദ്രങ്ങളാകും
ഗ്രാമീണ മേഖലകളിലുള്ള പോസ്റ്റ് ഓഫീസുകളെ ലോജിസ്റ്റിക്ക് ( ചരക്ക് കടത്ത്) കേന്ദ്രങ്ങളാക്കി മാറ്റും. 1.5 ലക്ഷം പോസ്റ്റ് ഓഫീസുകളാണ് ഗ്രാമീണ മേഖലയില്‍ സ്ഥിതി ചെയ്യുന്നത്. രാജ്യത്തിന്റെ എല്ലാം കോണിലും ഇവയുടെ സേവനം ലഭ്യമാണ്. ഇത് പ്രയോജനപ്പെടുത്തി തപാല്‍ വകുപ്പിന്റെ വരുമാനം 50-60 ശതമാനം വര്‍ദ്ധിപ്പിക്കാനാണ് ശ്രമം.
ധനധാന്യ യോജന
രാജ്യത്തെ 1.7 കോടി ഗ്രാമീണ കര്‍ഷകര്‍ക്ക് സഹായകമാകുന്ന ധനധാന്യ യോജന കേന്ദ്രം നടപ്പാക്കും. ഉത്പാദന ശേഷി കുറഞ്ഞ 100 ജില്ലകള്‍ കേന്ദ്രീകരിച്ച് കാര്‍ഷിക വികസനം ത്വരിതപ്പെടുത്തുകയാണ് ലക്ഷ്യം.
വിള വൈവിധ്യവത്കരണം, സുസ്ഥിര കൃഷി രീതികള്‍, പഞ്ചായത്ത്, ബ്ലോക്ക് തലങ്ങളില്‍ വിളവെടുപ്പിന് ശേഷമുള്ള സംഭരണം, ജലസേചന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക, ഉയര്‍ന്ന ഉത്പാദന ശേഷിയുള്ള വിത്തുകള്‍ ലഭ്യമാക്കുക, ദീര്‍ഘകാല, ഹ്രസ്വകാല വായ്പകള്‍ ലഭ്യമാക്കുക എന്നിവയിലൂടെ കാര്‍ഷിക ഉത്പാദനക്ഷമത വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം.
കാര്‍ഷിക വായ്പ
ഇപ്പോള്‍ വെറും നാലര ശതമാനം പലിശയ്‌ക്ക് നല്‍കുന്ന കാര്‍ഷിക വായ്‌പ്പകളുടെ പരിധി മൂന്നു ലക്ഷം രൂപയാണ്. ഒരാള്‍ക്ക് മൂന്നു ലക്ഷം വരെ മാത്രമേ ലഭിക്കൂ. ഇത്തരം കാര്‍ഷിക വായ്‌പ്പകളുടെ പരിധി പുതിയ ബജറ്റില്‍ അഞ്ചു ലക്ഷമാക്കി കൂട്ടി.
പയറുവര്‍ഗങ്ങളുടെ ഉത്പാദനത്തില്‍ സ്വാശ്രയത്വം കൈവരിക്കാന്‍ പ്രത്യേക ദൗത്യം തുടങ്ങും. കര്‍ഷകരില്‍ നിന്ന് മൂന്നിനം പയറുവര്‍ഗങ്ങള്‍ നാഫെഡ്, എന്‍സിസിഎഫ് തുടങ്ങിയ കേന്ദ്ര ഏജന്‍സികള്‍ സംഭരിക്കും.
50,000 സര്‍ക്കാര്‍ സ്‌കൂളുകളില്‍ കൂടി അടല്‍ ടിങ്കറിങ് ലാബുകള്‍
വിദ്യാര്‍ത്ഥികളില്‍ ശാസ്ത്രാവബോധം വളര്‍ത്താന്‍ അഞ്ചു വര്‍ഷത്തിനുള്ളില്‍ 50,000 സര്‍ക്കാര്‍ സ്‌കൂളുകളില്‍ കൂടി അടല്‍ ടിങ്കറിങ് ലാബുകള്‍ സ്ഥാപിക്കും.
വിദ്യാര്‍ഥികള്‍ക്ക് ഭാരതീയ ഭാഷാ പുസ്തക പദ്ധതി നടപ്പാക്കും. ഇതുവഴി പുസ്തകങ്ങളുടെ ഡിജിറ്റല്‍ പതിപ്പുകള്‍ അവര്‍ക്ക് ലഭ്യമാക്കാനാണ് പദ്ധതി. രാജ്യത്തെ സര്‍ക്കാര്‍ ഹയര്‍ സെന്‍ഡറി വിദ്യാലയങ്ങളിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ബോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാക്കും.
ഗവേഷണത്തിന് 20,000 കോടി
സ്വകാര്യ മേഖലയിലെ ഗവേഷണം, വികസനം, നവീകരണം എന്നിവയ്‌ക്കായി 20,000 കോടി.
എഐ മികവിന്റെ കേന്ദ്രം
വിദ്യാഭ്യാസ രംഗത്ത് നിര്‍മിത ബുദ്ധി( എഐ)യുടെ മികവിന്റെ കേന്ദ്രം സ്ഥാപിക്കും. ഇതിന് 500 കോടി ബജറ്റില്‍ അനുവദിച്ചു.
ആണവോര്‍ജ്ജത്തിന് മോഡുലാര്‍ റിയാക്ടറുകള്‍ ചെലവ് 20,000 കോടി
20,000 കോടി മുതല്‍മുടക്കില്‍ ആണവോര്‍ജ്ജ ഉത്പാദനത്തിന് ചെറുകിട മോഡുലാര്‍ റിയാക്ടറുകള്‍ സ്ഥാപിക്കും. ഇവ വികസിപ്പിക്കാന്‍ ന്യൂക്ലിയര്‍ മിഷന്‍ സ്ഥാപിക്കും. 2033ഓടെ ഇത്തരം അഞ്ചെണ്ണമെങ്കിലും സ്ഥാപിക്കും. 2047 ഓടെ 100 വാട്ട് ആണവോര്‍ജ്ജം ഉത്പാദിപ്പിക്കുകയാണ് ലക്ഷ്യം.
സ്ത്രീകള്‍ക്കും പട്ടിക ജാതി വര്‍ഗക്കാര്‍ക്കും പദ്ധതി; ഭാരതം കളിപ്പാട്ട ഹബ്
അഞ്ചു ലക്ഷം സ്ത്രീകള്‍ക്കും പട്ടിക ജാതി വര്‍ഗത്തില്‍പ്പെട്ടവരുമായ ആദ്യ സംരംഭകര്‍ക്ക് അഞ്ചു വര്‍ഷം കൊണ്ട് രണ്ടു കോടി രൂപവരെ വായ്‌പ്പ നല്‍കുന്ന പദ്ധതി തുടങ്ങും. ഭാരതത്തെ കളിപ്പാട്ട ഹബ്ബാക്കും. മികച്ച നിലവാരമുള്ള, പുതിയതരം കളിപ്പാട്ടങ്ങളാകും നിര്‍മിക്കുക. ആസാമില്‍ 12.7 ലക്ഷം മെട്രിക് ടണ്‍ വാര്‍ഷിക ശേഷിയുള്ള യൂറിയ പ്ലാന്റ് സ്ഥാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക