കോണ്‍ഗ്രസ് ഭരണകാലത്ത് പ്രധാനമന്ത്രി ഇന്ദിരാഗാന്ധി, ‘നാം രണ്ട്, നമുക്ക് രണ്ട്’ എന്ന് സര്‍ക്കാര്‍ മുദ്രാവാക്യമിറക്കി; ജനസംഖ്യാ വര്‍ധനവ് തടയാനായിരുന്നു. അത് പ്രലോഭന വഴിയില്‍ പ്ലാസ്റ്റിക് ബക്കറ്റും ലോട്ടറിട്ടിക്കറ്റുമായി തീവ്ര കുടുംബക്ഷേമ യജ്ഞങ്ങളില്‍ പുരോഗമിച്ചു. അടുത്ത ഘട്ടത്തില്‍ മകന്‍ സഞ്ജയ് ഗാന്ധിയുടെ പ്രയോഗത്തില്‍ അത് ‘നിര്‍ബന്ധിത വന്ധ്യംകരണ’മായി. അതിനോടൊക്കെയുള്ള പ്രതിഷേധം വന്നപ്പോള്‍ പ്രത്യുല്‍പ്പാദനത്തിനു പുറമേ, പ്രതികരണശേഷിയും ഇല്ലാതാക്കിക്കൊണ്ട് അടിയന്തരാവസ്ഥയും വന്നു. നയം നടപ്പാക്കുന്നതിലെ ദീര്‍ഘവീക്ഷണമില്ലായ്മയും നയരൂപീകരണക്കാരുടെ ഭാവി സങ്കല്‍പ്പങ്ങളുടെ വൈകല്യവുമായിരുന്നു ഇതിലൊക്കെയെന്ന് ഇന്ന് വ്യക്തമാകുന്നു. ”വന്ധ്യംകരണം മനുഷ്യശേഷി ഇല്ലാതാക്കു”മെന്ന് സാമൂഹ്യ- ജൈവ ശാസ്ത്രീയ ബോധങ്ങളോടെ അഭിപ്രായം പറഞ്ഞവരെ അധിക്ഷേപിച്ചു. വ്യക്തിക്ക് ശാരീരിക കര്‍മ്മശേഷി കുറച്ചതുപോലെ അത് സമൂഹത്തിനും കുറച്ചുവെന്നതാണ് ഇന്ന് അനുഭവപാഠം. കാലക്രമത്തില്‍ സര്‍ക്കാരിന്റെ ‘നാം രണ്ട്, നമുക്ക് രണ്ട്’ മുദ്രാവാക്യം, സമൂഹവും വ്യക്തികളും ഏറ്റെടുത്ത്, ആദ്യം ‘ഒന്നുമതി’യെന്ന് ചുരുക്കി അണുകുടുംബങ്ങളുമാക്കി. പിന്നീട് ”ഒന്നുമേവേണ്ടെ”ന്ന സ്ഥിതിയിലെത്തിച്ചിരിക്കുന്നതാണ് ആനുകാലിക സ്ഥിതി ‘ജാതകം’. ‘ജാതക’ത്തിന് അര്‍ത്ഥം ”ജാതഃകം” എന്നാണ്; എപ്പോള്‍ ജനിച്ചു എന്നത്ഥം.
‘കുട്ടികള്‍ ഇപ്പോള്‍ വേണ്ട’ എന്നുള്ള നവദമ്പതിമാരുടെ സങ്കല്‍പം ‘കുട്ടികള്‍ വേണ്ടേവേണ്ട’ എന്ന നിലയിലേക്ക് എത്തിച്ചത് ഒരു വിചിത്ര പരിഷ്‌കാര പ്രചാരണത്തിലൂടെയായിരുന്നു. സാമ്പത്തികഭദ്രത ഏതെങ്കിലും വിധത്തില്‍ നിലനിന്നിരുന്ന കൂട്ടുകുടുംബ സംവിധാനത്തെ അണുകുടുംബമാക്കി വിഭജിച്ചതു വഴി ആ പാശ്ചാത്യ പരിഷ്‌കാരങ്ങള്‍ ഒരു സംസ്‌കാരത്തെത്തന്നെ തളര്‍ത്തിത്തകര്‍ക്കുകയായിരുന്നുവെന്നതാണ് വാസ്തവം. ആ പരിഷ്‌കരണങ്ങള്‍ക്കു പിന്നാലേ ഇപ്പോഴും പരക്കം പായുന്നവരും അതിനെ പാടിപ്പുകഴ്‌ത്തുന്നവരും പക്ഷേ നടപ്പാക്കിയ പരിഷ്‌കാരങ്ങളുടെ ഗുണദോഷങ്ങള്‍ സത്യസന്ധമായി വിലയിരുത്തുന്നില്ല. അത് നയരൂപീകരണക്കാരും ചെയ്യുന്നില്ലാ എന്നതിലാണ് ഖേദം.
പഞ്ചവത്സര പദ്ധതികളും കേരള മോഡലുമൊക്കെ മഹത്തരമെന്ന് ഇപ്പോഴും വാഴ്‌ത്തപ്പെടുന്നത് അതുകൊണ്ടാണല്ലോ. സാംസ്‌കാരികമായി, സാമൂഹികമായി, രാഷ്‌ട്രീയമായി ജനസംഖ്യാ നിയന്ത്രണ പദ്ധതി മൂലം സംഭവിച്ചിരിക്കുന്ന ഗുണദോഷ വിചിന്തനത്തിന് ഇനി വൈകരുതെന്ന സന്ദേശമാണ് 2024 ലെ പുതിയ ജനനനിരക്ക് കണക്കുകള്‍ രാജ്യത്തിന് നല്‍കുന്നത്.
1970 കളില്‍ത്തന്നെ ജനപ്പെരുപ്പം ഒരു ആഗോള പ്രശ്നമായി ഉയര്‍ന്നുവന്നു. പല രാജ്യങ്ങളും അതിന് പരിഹാരം ആലോചിച്ചു. അക്കാലത്ത് ശാസ്ത്രകാര്യങ്ങളും എഴുതുമായിരുന്ന പ്രധാന സാഹിത്യകാരന്‍, ഡോ.കെ. ഭാസ്‌കരന്‍ നായര്‍ എഴുതിയ ഒരു ലേഖനം 1980-90 കളില്‍ കേരള പാഠാവലിയില്‍ ചേര്‍ത്ത് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളെ പഠിപ്പിച്ചിരുന്നു. ”ഭാവിക്ക് ഒരു ഭീഷണി” എന്നായിരുന്നു പാഠത്തിന് പേര്. ജനപ്പെരുപ്പം ഈ രീതിയില്‍ തുടര്‍ന്നാല്‍ ഭാവിയില്‍ വസിക്കാന്‍ ഇടമില്ലാതാകും, പ്രകൃതിയുടെ സ്രോതസ്സുകള്‍ തീരും, 2025 ആകുമ്പോള്‍ ആവശ്യത്തിന് കുടിവെള്ളം പോലും ലഭിക്കാതാകും എന്നിങ്ങനെ ആശങ്കപ്പെടുത്തി. ജനസംഖ്യാനിയന്ത്രണമായിരുന്നു അതിനും പ്രതിവിധി നിശ്ചയിച്ചിരുന്നത്. ജനനനിയന്ത്രണമായിരുന്നു മാര്‍ഗ്ഗമായി വിധിച്ചത്.
സര്‍ക്കാരിന്റെ ജനനനിയന്ത്രണ സംവിധാനങ്ങളും മാര്‍ഗ്ഗങ്ങളും പദ്ധതികളുമൊക്കെ തുടക്കത്തിലേ സാമൂഹ്യ അസ്വാരസ്യങ്ങള്‍ ഉണ്ടാക്കിയിരുന്നു. ചില വിഭാഗങ്ങള്‍ മാത്രം സര്‍ക്കാര്‍ പദ്ധതി അനുസരിക്കുന്നു, മറ്റു ചിലര്‍ വിയോജിക്കുന്നു, ഇത് മതപരമായി അസന്തുലിതാവസ്ഥ ജനസംഖ്യയില്‍ ഉണ്ടാക്കുമെന്നെല്ലാമുള്ള വാദം വന്നു. അത് ഏറെക്കുറേ ശരിയായെന്ന് തെളിഞ്ഞു. ഇടക്കാലത്ത്, 1950 മുതല്‍ 80 വരെ രാജ്യത്ത് സാമ്പത്തിക വളര്‍ച്ചാ നിരക്ക് നാല് ശതമാനത്തില്‍ താഴെയായി. അന്നത്തെ പ്രമുഖ ധനതത്ത്വശാസ്ത്രജ്ഞനായിരുന്ന പ്രൊഫ. രാജ്കൃഷ്ണ എന്ന ദല്‍ഹി സര്‍വകലാശാലാദ്ധ്യാപകന്‍ ”ഹിന്ദുവളര്‍ച്ചാ നിരക്ക്” എന്ന് അതിനെ വിശേഷിപ്പിച്ചു. ഹിന്ദുക്കളുടെ പൊതുസ്വഭാവം മടിയും അലസതയുമാണെന്ന പൊതുആക്ഷേപത്തിലാണ് അങ്ങനെ പറഞ്ഞതെങ്കിലും ജനസംഖ്യാ നിയന്ത്രണത്തില്‍ ഹിന്ദു സമൂഹത്തിന്റെ സക്രിയ പങ്കാളിത്തവും പരിണത ഫലവും ആ പ്രയോഗത്തിന് പ്രേരിപ്പിച്ചിട്ടുണ്ടാവണം എന്ന് കരുതുന്നതില്‍ തെറ്റില്ല. വാസ്തവത്തില്‍ ആദ്യ പ്രധാനമന്ത്രി നെഹ്റു തുടര്‍ന്ന റഷ്യന്‍ സാമ്പത്തിക നയ മോഡലിന്റെ വൈകല്യമാണ് ഭാരത സമ്പദ് വളര്‍ച്ച അന്ന് മുരടിപ്പിച്ചത്. നെഹ്റുവിന്റെ പഞ്ചവത്സര പദ്ധതികളുടെ പോരായ്മയാണ് ഭാരതത്തെ വികസിതരാജ്യമാകുന്നതില്‍ നിന്ന് പതിറ്റാണ്ടുകള്‍ പിന്നോട്ടു പിടിച്ചു നിര്‍ത്തിയത്. ഭാരത മോഡലിനു പകരം റഷ്യന്‍ മോഡല്‍ പിന്തുടര്‍ന്നതും ഇനിയും ഭാരതവല്‍ക്കരിക്കപ്പെട്ടിട്ടില്ലാത്ത, ഭാരത വിനാശകാരിയായ ചിന്താപദ്ധതികളുള്ള, കമ്യൂണിസ്റ്റുകാരുടെ ‘ചാടിക്കളിക്കുന്ന കുഞ്ഞിരാമ’നായി നെഹ്റു മാറിയതുമാണ് സൂക്ഷ്മമായി ചിന്തിച്ചാല്‍ യഥാര്‍ത്ഥ കാരണങ്ങള്‍. അതും പക്ഷേ, ”ഹിന്ദു”വിന്റെ തലയില്‍ കെട്ടിവക്കുകയായിരുന്നു, നെഹ്റുവിനെ വെള്ളപൂശിയ പ്രൊഫ. രാജ്കൃഷ്ണയുമെന്നതാണ് ഇപ്പോള്‍ തെളിയുന്ന യാഥാര്‍ത്ഥ്യം.
പഞ്ചവത്സര പദ്ധതികള്‍ ആദ്യം ഉപേക്ഷിച്ച (1977) ജനതാസര്‍ക്കാരിനും ആ സര്‍ക്കാര്‍ നയിച്ച മൊറാര്‍ജി ദേശായിക്കും ഇപ്പോള്‍, പ്ലാനിങ് കമ്മീഷനെന്ന സംവിധാനം തന്നെ അഴിച്ചുപണിഞ്ഞ് നിതി ആയോഗ് ആക്കിയ നരേന്ദ്ര മോദിക്കും ഗൗരവത്തോടെ രാജ്യകാര്യങ്ങള്‍ ചിന്തിക്കുന്നവര്‍ നല്ല നമസ്‌കാരം പറയും.
ജനസംഖ്യ കുറയുന്നത് നല്ലതാണെങ്കിലും അതിന് ജനനനിരക്ക് അസന്തുലിതമായി കുറയ്‌ക്കുന്നത് അപകടമാണെന്ന് 1970 കളില്‍ ചിന്തിക്കാന്‍ കഴിയാതെ പോയതാണ് ആസൂത്രണത്തിലെ അപാകത. അതുകൊണ്ടാണിപ്പോള്‍ രാജ്യത്തെ ദേശീയതല ജനനനിരക്ക് അപകടകരമായി കുറഞ്ഞ്, 1.5 ല്‍ താഴെയായത്. അതായത്, ലളിതമായി പറഞ്ഞാല്‍ ആയിരംപേരില്‍ ഒരു സ്ത്രീ രണ്ടുകുട്ടികള്‍ക്കെങ്കിലും ജന്മം നല്‍കുകയെന്ന രാജ്യത്തിന്റെ യൗവ്വന ശക്തിയുടെ നിലനില്‍പ്പിനാവശ്യമായ ജനനനിരക്കിലും താഴെയാണ് ഇന്ന് ഭാരതത്തിലെ സ്ഥിതി. യുവജനത ഇല്ലാതാവുകയും പ്രായം ചെന്നവര്‍ വര്‍ധിക്കുകയും ചെയ്യുമ്പോള്‍ സംഭവിക്കുന്നത് വലിയ സാമൂഹ്യ- സാംസ്‌കാരിക- സാമ്പത്തിക പ്രശ്നങ്ങളാണല്ലോ. രാജ്യത്തിന്റെ ഉല്‍പ്പാദന മേഖലയില്‍ സാങ്കേതിക സംവിധാനങ്ങളുടെ അതിസഹായത്തോടെയാണെങ്കിലും സാക്ഷാത്കരിക്കേണ്ട വികസന- വളര്‍ച്ചകള്‍ക്ക് തടസ്സങ്ങള്‍ സ്വാഭാവികമായും ഉണ്ടാവും. ഈ ശൂന്യതയോ വിടവോ ജനസംഖ്യാനിയന്ത്രണത്തിനു വേണ്ടി ”കുടുംബക്ഷേമ തീവ്രയത്നങ്ങള്‍” ആസൂത്രണം ചെയ്തവര്‍ക്ക് ബോധ്യപ്പെട്ടില്ലെന്നിടത്താണ് ആദ്യ പരാജയം സംഭവിച്ചത്.
എന്നാല്‍, ”കുടുംബാസൂത്രണ കുമാര്‍ഗ്ഗ” പദ്ധതികളിലെ കുഴപ്പങ്ങള്‍ പ്രവചിച്ചവരുടെ പക്ഷത്തിന് ഭരണാവസരം കിട്ടിയപ്പോള്‍ ചിലത് ചെയ്തു തുടങ്ങിയിരുന്നു.
അടല്‍ബിഹാരി വാജ്പേയിയുടെ ഭരണകാലത്തെ നൈപുണ്യ വികസന ആസൂത്രണവും പ്രവര്‍ത്തന പദ്ധതികളും അതിനായിരുന്നു. വിരമിച്ചവര്‍ക്കും വീട്ടിലിരിക്കുന്നവര്‍ക്കും ഉല്‍പാദന മേഖലയില്‍ പങ്കുവഹിക്കാനുള്ള അവസരമുണ്ടാക്കി. നരേന്ദ്ര മോദി സര്‍ക്കാര്‍ നൈപുണ്യ വികസനത്തിന് പുതിയ മാനം തന്നെ നല്‍കി. കുടില്‍വ്യവസായത്തിന്റെ പഴയകാല മാതൃകക്ക് ആധുനികകാല സമ്പ്രദായത്തിനനുസൃതമായി വളര്‍ത്തി. വീട്ടമ്മമാരും നിരക്ഷരരും പോലും സാങ്കേതികവിദ്യകളില്‍ പരിശീലനം നേടി. ചെറുതല്ല, ഇന്ന് ആ രംഗത്തെ വികസനവും വളര്‍ച്ചയും.
സാമ്പത്തിക വികസനവും വളര്‍ച്ചയും കണക്കാക്കുന്ന അന്താരാഷ്‌ട്ര സ്ഥാപനങ്ങളും സംവിധാനങ്ങളും ഭാരതത്തെ മൂല്യനിര്‍ണ്ണയം ചെയ്യുമ്പോള്‍ കണക്കില്‍ ചേര്‍ക്കാത്ത ഒരു വലിയ മേഖലയാണത്. അതുകൊണ്ടാണ് ഭാരത സമ്പദ്വ്യവസ്ഥയെക്കുറിച്ചുള്ള ചില പ്രതികൂല വിലയിരുത്തലുകള്‍ ”ഏട്ടിലെ പശുക്കളെ”പ്പോലെയാകുന്നത്; അങ്ങനെ വാസ്തവം അവരുടെ പ്രവചനങ്ങള്‍ക്ക് വിരുദ്ധമാകുന്നു.
എന്നാല്‍ ഇതുകൊണ്ടൊന്നുമായില്ല. ആരോഗ്യരംഗത്ത് കേരള മോഡല്‍ ഏറെ പ്രശംസിക്കപ്പെട്ടതില്‍ രോമാഞ്ചം കൊണ്ടിരുന്നപ്പോള്‍ കേരളത്തിലെ ജനനനിരക്ക് ഒന്നില്‍ താഴെയാകുന്നുവെന്നതാണ് 2024 ലെ സ്ഥിതി. അതായത്, യുവജനത കേരളത്തിനില്ലാതാകുന്നു. കേരളത്തിന് വയസ്സാകുന്നു. പ്രായം ചെന്നവര്‍ യുവജനതയേക്കാള്‍ കൂടുന്നു കാരണങ്ങള്‍ പലതാണ്. ‘കേരള മോഡല്‍’ എന്ന് ഒരുകാലത്ത് കൊട്ടിഘോഷിച്ചിരുന്ന പലതും പതിറ്റാണ്ടുകള്‍ കഴിഞ്ഞപ്പോള്‍ കാലഹരണപ്പെടുന്നുവര്‍ത്ഥം. പ്രൊഫ. രാജ്കൃഷ്ണയെപ്പോലെ, നെഹ്രുവിയന്‍ മോഡലും അതിനാധാരമായ റഷ്യന്‍ മാതൃകയും പിന്തുടര്‍ന്ന ‘ഇഎംഎസ് സ്‌കൂളില്‍’ പഠിപ്പിച്ചതൊക്കെ ഒരു കുറഞ്ഞ കാലത്തേക്കേ കേരളത്തില്‍ ഫലിച്ചുള്ളൂ; നാളത്തെ കാലം കാണാന്‍ ഭൂമിയില്‍ സ്വര്‍ഗ്ഗം പണിയുമെന്ന് വാഗ്ദാനം നല്‍കിയ രാഷ്‌ട്രീയക്കാര്‍ക്ക് പലര്‍ക്കും കഴിഞ്ഞില്ലെന്ന് ചുരുക്കം.
കേരളത്തിന് പുതിയ മോഡല്‍ വേണം. ജനനനിരക്ക് കുറയുന്നത് ഭാരതത്തിലെമ്പാടുമുള്ള പ്രശ്നമാണ് എന്നത് ശരി. എന്നല്ല, കൊറിയയും ജപ്പാനും അതിന്റെ ഇരയായി നമുക്കു മുന്നിലുണ്ട്. പല ലോകരാജ്യങ്ങള്‍ക്കും പ്രതിസന്ധിയുണ്ട്. പലരും അതിനെ മറികടക്കാന്‍ പദ്ധതി അവതരിപ്പിക്കുന്നുണ്ട്. പക്ഷേ ‘കട്ടിങ് സൗത്തായി’ നില്‍ക്കുന്ന കേരളത്തിന് പരിപാടിയില്ല. ആന്ധ്രാപ്രദേശില്‍ ചന്ദ്രബാബു നായിഡു നയം പ്രഖ്യാപിക്കുന്നു. തമിഴ്നാട്ടില്‍ സ്റ്റാലിന്‍ ഈ വിഷയം പരസ്യമായി പറയാനെങ്കിലും തയ്യാറായിരിക്കുന്നു. കേരളം ഇപ്പോഴും ‘പണ്ട് അച്ഛന്‍ ആനപ്പുറത്തു കയറിയതിന്റെ തഴമ്പ് മക്കള്‍ സ്വന്തം ശരീരത്തില്‍ ഉണ്ടെ’ന്ന് നടിച്ചും ‘ന്റുപ്പൂപ്പാക്കൊരാനേണ്ടാര്‍ന്ന്’ എന്ന് അഭിമാനിച്ചും കഴിയുകയാണ്.
‘ഏജ് വേഴ്സസ് എബിലിറ്റി’ (പ്രായവും ശേഷിയും തമ്മില്‍), തത്ത്വവും പ്രയോഗവും തമ്മില്‍, സങ്കല്‍പ്പവും പ്രായോഗികതയും തമ്മില്‍ പൊങ്ങച്ചവും യാഥാര്‍ത്ഥ്യവും തമ്മില്‍ തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കാന്‍ കേരളം തയ്യാറാകുകയാണ് വേണ്ടത്. ഭരണകൂടം രാഷ്‌ട്രീയ പിടിവാശി വിടുകയാണതിന്റെ ആദ്യപടി. നയം മാറണം, നിയമം മാറ്റണം, നിലപാട് മാറ്റണം, കേരളജനതയുടെ മനസ്ഥതി മാറ്റണം. ‘പൂച്ചയ്‌ക്ക് ആര് മണികെട്ടു ‘മെന്നല്ല ചോദ്യം ഉയരേണ്ടത്; പൂച്ച് പുറത്താകട്ടെ എന്നു പറയാനുള്ള ധൈര്യം കാട്ടുകയാണ്.
പിന്‍കുറിപ്പ്:
മഹാകുംഭമേളയില്‍, ആദിശങ്കരന്റെ ജന്മനാടായ കേരളത്തിനെ ഔദ്യോഗികമായി കാണാനില്ലെന്ന് ചിലര്‍ ചൂണ്ടിക്കാട്ടുന്നു. പ്രയാഗ്രാജ് എത്രയകലെയാണ്! 2458 കിലോമീറ്റര്‍ റോഡുവഴിയുണ്ട്. കന്യാകുമാരി വിവേകാനന്ദ സ്മാരകത്തിന്റെ നിര്‍മാണത്തില്‍ ഇക്കൂട്ടര്‍ ഉണ്ടായിരുന്നോ? വെറും 97 കിലോമീറ്ററേ ഉള്ളു. കമ്യൂണിസ്റ്റുകളുടെ മനസ്സിന് ഭാരത സംസ്‌കാത്തിന്റെ കാര്യത്തില്‍ ഒരു മാറ്റവുമില്ല; ആട്ടുകല്ലിനെ കൊടുങ്കാറ്റൊന്നും ബാധിക്കില്ലല്ലോ?
പ്രതികരിക്കാൻ ഇവിടെ എഴുതുക: