പ്രയാഗ് രാജ് : സന്യാസിനിയായി മാറിയ ബോളിവുഡ് നടി മമത കുല്‍ക്കര്‍ണിയ്ക്ക് കിന്നര്‍ അഖാഡ പുതിയ പേരിട്ടു- യമൈ മമത നന്ദ്ഗിരി. സന്യാസിനിയാകുന്നതിന്റെ ഭാഗമായി ലൗകിക ജീവിതം ഉപേക്ഷിക്കുന്നതിനായി മമത കുല്‍ക്കര്‍ണി തന്റെ പുര്‍വ്വജന്മത്തിന് പിണ്ഡദാന കര്‍മ്മം ചെയ്തിരുന്നു. മഹാകുംഭമേള നടക്കുന്ന പ്രയാഗ് രാജിലെ ഗംഗ, യമുന, സരസ്വതി നദികളുടെ സംഗമമായ ത്രിവേണി സംഗമത്തിലായിരുന്നു പിണ്ഡദാന കര്‍മ്മം നടത്തിയത്.
പിണ്ഡദാനത്തിന് ശേഷം കിന്നര്‍ അഖാഡ മമത കുല്‍ക്കര്‍ണിക്ക് നല്‍കിയ പട്ടാഭിഷേകച്ചടങ്ങ്:
പിന്നീട് ഇവരെ സന്യാസത്തിലേക്ക് സ്വീകരിക്കുന്നതിന് മുന്‍പ് യമൈ മമത നന്ദ്ഗിരി എന്ന പുതിയ പേരും കിന്നര്‍ അഖാഡ നല്‍കി. ഇതിന്റെ ഭാഗമായാണ് പുതിയ സന്യാസവേഷം ധരിപ്പിക്കുന്ന പട്ടാഭിഷേകച്ചടങ്ങ് നടന്നു. ഇതിന്റെ ഭാഗമായി കാഷായ വേഷം ധരിച്ച മമത കുല്‍ക്കര്‍ണിയെ നിരവധി പുഷ്പഹാരങ്ങള്‍ അണിയിക്കുകയും ചെയ്തു.
സാധാരണ സന്യാസിനിയായല്ല, കുറെക്കൂടി പ്രധാന്യമുള്ള ആചാര്യപദവിയായ മഹാമണ്ഡലേശ്വര്‍ പദവിയാണ് മമത കുല്‍ക്കര്‍ണിക്ക് നല്‍കിയിരിക്കുന്നത്. 2015ല്‍ ആരംഭിച്ച കിന്നര്‍ അഖാഡയ്‌ക്ക് സ്വതന്ത്ര അഖാഡ പദവി ലഭിച്ചത് ഈയിടെയാണ്. ഇനി തങ്ങളുടെ അഖാഡ വളര്‍ത്തുക എന്ന ദൗത്യമാണ് മമത കുല്‍ക്കര്‍ണിയെ ഏല്‍പിക്കാന്‍ പോകുന്നത്. കിന്നര്‍ അഖാഡയുടെ പ്രധാന ആചാര്യ ലക്ഷ്മി നാരായണ്‍ ഒരു ട്രാന്‍സ് ജെന്‍ഡര്‍ ആണ്. പക്ഷെ ഈ അഖാഡയിലേക്ക് പുരുഷനും സ്ത്രീയ്‌ക്കും ട്രാന്‍സ് ജെന്‍ഡറിനും പ്രവേശനമുണ്ട്.
മമത കുല്‍ക്കര്‍ണിയുടെ ജീവിതത്തിലെ വിവാദ അധ്യായം
90കളില്‍ ബോളിവുഡില്‍ നിറഞ്ഞു നിന്ന നടിയായിരുന്നു മമത കുല്‍ക്കര്‍ണി. മലയാളത്തില്‍ ചാന്ദ മാമ എന്ന സിനിമയില്‍ അതിഥി താരമായി എത്തുന്നുണ്ട്. തമിഴ്, തെലുങ്ക്, കന്നട സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
മമത കുല്‍ക്കര്‍ണിയുടെ ജീവിതത്തില്‍ വിവാദത്തിന്‍റേതായ ഒരു അധ്യായവും ഉണ്ട് 90കളില്‍ ബോളിവുഡില്‍ തിളങ്ങി നിന്ന അവര്‍ പിന്നീട് ഛോട്ടാ രാജന്‍ എന്ന അധോലോക നായകന്റെ കാമുകിയായി. ആ ബന്ധം പക്ഷെ കുറച്ചുകഴിഞ്ഞപ്പോള്‍ മുറിഞ്ഞു. അതോടെ മയക്കമരുന്ന് രാജാവ് വിക്കി ഗോസ്വാമിയെ വിവാഹം കഴിച്ചു. പക്ഷെ പിന്നീട് ചില റെയ്ഡുകള്‍ നടന്നു. അത് മമത കുല്‍ക്കര്‍ണിയുടെ ജീവിതത്തെ ഉലച്ചു. അവര്‍ പിന്നീട് ഇന്ത്യ വിട്ടു. 25 വര്‍ഷത്തോളം വിദേശത്തായിരുന്നു. അതിന് ശേഷമാണ് ഇപ്പോള്‍ സന്യാസത്തിലേക്ക് തിരിയാനായി ഇന്ത്യയിലേക്ക് എത്തിയത്. ഇനി കിന്നര്‍ അഖാഡയുടെ സനാതനസന്ദേശങ്ങള്‍ പ്രചരിപ്പിക്കാന്‍ ജീവിതം ഉഴിഞ്ഞുവെയ്‌ക്കുന്ന ഒരു മമത കുല്‍ക്കര്‍ണിയെയാണ് കാണാന്‍ കഴിയുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക