മുംബൈ : ഒരു മതവിഭാഗത്തിന്റെയും അനിവാര്യമായ ആചാരമല്ല ലൗഡ്‌സ്പീക്കറുകളുടെ ഉപയോഗമെന്ന് ബോംബെ ഹൈക്കോടതി . ജസ്റ്റിസുമാരായ അജയ് ഗഡ്കരി, ശ്യാം ചന്ദക് എന്നിവരടങ്ങിയ ബെഞ്ചാണ് മുംബൈ പോലീസിനോട് 2000-ലെ ശബ്ദമലിനീകരണ നിയമങ്ങൾ കർശനമായി നടപ്പിലാക്കാൻ നിർദ്ദേശിച്ചത്.
ബാങ്ക് വിളി, മതപ്രഭാഷണങ്ങൾ തുടങ്ങിയ മതപരമായ പ്രവർത്തനങ്ങൾക്ക് ലൗഡ്‌സ്പീക്കറുകൾ ഉപയോഗിക്കുന്നത് ശബ്ദമലിനീകരണത്തിന് കാരണമാകുകയും അവരുടെ പ്രദേശങ്ങളിലെ സമാധാനം തകർക്കുകയും ചെയ്യുന്നുവെന്ന് കാട്ടിയാണ് ഹർജിക്കാർ കോടതിയിൽ കേസ് ഫയൽ ചെയ്തത്.
പള്ളികളിലും മറ്റ് മതപരമായ പരിപാടികളിലും ഉപയോഗിക്കുന്ന ലൗഡ്‌സ്പീക്കറുകളിൽ നിന്നുള്ള ശബ്ദം അനുവദനീയമായ പരിധി കവിയുന്നുവെന്നും അത്തരം ആചാരങ്ങൾ സമാധാനപരമായ അന്തരീക്ഷത്തിനുള്ള അവകാശത്തെ ലംഘിക്കുന്നുവെന്നും ഹർജിയിൽ പറയുന്നു .
മുംബൈയിലെ കുർള, ചുനഭട്ടി പ്രദേശങ്ങളിലെ രണ്ട് റസിഡന്റ് വെൽഫെയർ അസോസിയേഷനുകളാണ് ഹർജികൾ സമർപ്പിച്ചത്. ആവർത്തിച്ച് പരാതി നൽകിയിട്ടും, അത്തരം ലൗഡ്‌സ്പീക്കറുകളുടെ ഉപയോഗത്തിനെതിരെ നടപടിയെടുക്കുന്നില്ലെന്നും ഹർജികളിൽ കൂട്ടിച്ചേർത്തു.
മതം ആചരിക്കാനും പ്രചരിപ്പിക്കാനുമുള്ള സ്വാതന്ത്ര്യം ഭരണഘടന ഉറപ്പുനൽകുന്നുണ്ടെങ്കിലും, മറ്റുള്ളവരുടെ അവകാശങ്ങളെ ബാധിക്കുന്ന ആചാരങ്ങൾക്ക് ഈ അവകാശം ബാധകമല്ലെന്ന് കോടതി പറഞ്ഞു. ഏതെങ്കിലും മതപരമായ ആചാരത്തിന്റെ അവിഭാജ്യ ഘടകമായി ലൗഡ്‌സ്പീക്കറുകളുടെ ഉപയോഗം കണക്കാക്കാനാവില്ല .
അത്തരം ലൗഡ്‌സ്പീക്കറുകളുടെയും ആംപ്ലിഫയറുകളുടെയും ഡെസിബെൽ പരിധികൾ കൃത്യമാക്കാൻ സർക്കാരിന് നിർദ്ദേശങ്ങൾ പുറപ്പെടുവിക്കാമെന്ന് കോടതി നിർദ്ദേശിച്ചു.ലംഘനങ്ങൾ കണ്ടെത്തിയാൽ, പോലീസ് ഉപകരണങ്ങൾ പിടിച്ചെടുത്ത് ഉചിതമായ നടപടി സ്വീകരിക്കണമെന്നും കോടതി കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: