ന്യൂദെൽഹി:കഴിഞ്ഞ ഒരു ദശകത്തിലേറെയായി ദെൽഹിയുടെ വികസനം തടസ്സപ്പെടുത്തിയ കെജ്രിവാളിന് യമുനാ നദിയിൽ കുളിക്കാൻ കഴിയുമോ എന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വെല്ലുവിളിച്ചു. ദെൽഹി നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രാജ്യതലസ്ഥാനത്ത് ജനക്പുരിയിൽ നടന്ന ബിജെപി റാലിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. തലസ്ഥാനത്ത് ബിജെപിയുടെ ഇരട്ട എഞ്ചിൻ സർക്കാർ വരേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടി. ദെൽഹിയിലെ ഓഖ്ലാമേഖലയിൽ അനധികൃതമായി എത്തിയ ബംഗ്ലാദേശികളെയും റോഹിൻഗകളെയും പാർപ്പിക്കാൻ ആം ആദ്മി പാർട്ടിയും മന്ത്രിമാരും സൗകര്യമൊരുക്കുകയാണെന്ന് യുപി മുഖ്യമന്ത്രി ആരോപിച്ചു. കഴിഞ്ഞ 10 വർഷത്തെ ആം ആദ്മി ഭരണം വിശുദ്ധയായ യമുനാ നദിയെ വൃത്തിഹീനനായ അഴുക്കുചാലാക്കി മാറ്റിയെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ ഞാനും എന്റെ മന്ത്രിമാരും മഹാകുംഭം നടക്കുന്ന പ്രയാഗ് രാജിലെ ത്രിവേണി സംഗമത്തിൽ പുണ്യ സ്നാനം നടത്തി. എന്നാൽ തന്റെ മന്ത്രിമാർക്ക് ഒപ്പം ദെൽഹിയിലെ യമുനാ നദിയിൽ ഇറങ്ങി കുളിക്കാൻ കഴിയുമോയെന്ന് അദ്ദേഹം ചോദിച്ചു. എന്തെങ്കിലും ധാർമികത ഉണ്ടെങ്കിൽ കെജ്രിവാൾ മറുപടി പറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ആം ആദ്മി സർക്കാർ ദെൽഹിയെ മാലിന്യ കൂമ്പാരമാക്കി മാറ്റി. ശുദ്ധജലം, വൈദ്യുതി തുടങ്ങിയ അവശ്യ സേവനങ്ങൾ നൽകുന്നതിൽ ജനങ്ങളോട് ആം ആദ്മി സർക്കാർ നീതിപുലർത്തുന്നില്ല. ഒരിക്കലും വിതരണം ചെയ്യാൻ കഴിയാത്ത സൗജന്യങ്ങളാണ് ഈ സർക്കാർ വാഗ്ദാനം ചെയ്തത്. യുപിയിലെ നോയിഡയിലെയും ഗാസിയാബാദിലെയും റോഡുകൾ ദേശീയ തലസ്ഥാനത്തേക്കാൾ മികച്ചതാണെന്നും യോഗി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: