India

മഹാകുംഭമേളയില്‍ എത്തുന്ന അഘോരികളും നാഗസാധുക്കളും ഒന്നാണോ?

മഹാകുംഭമേളയ്ക്ക് എത്തുന്ന അഘോരികളും നാഗസാധുക്കളും ഒന്നല്ല. വ്യത്യസ്തരാണ്. ഇരുവിഭാഗക്കാരും ശിവഭക്തരാണെങ്കിലും ഇവര്‍ തമ്മില്‍ ഒട്ടേറെ വ്യത്യാസങ്ങള്‍ ഉണ്ട്.

Published by

പ്രയാഗ് രാജ്: മഹാകുംഭമേളയ്‌ക്ക് എത്തുന്ന അഘോരികളും നാഗസാധുക്കളും ഒന്നല്ല. വ്യത്യസ്തരാണ്. ഇരുവിഭാഗക്കാരും ശിവഭക്തരാണെങ്കിലും ഇവര്‍ തമ്മില്‍ ഒട്ടേറെ വ്യത്യാസങ്ങള്‍ ഉണ്ട്.

വസ്ത്രധാരണം:

നാഗസാധുക്കള്‍ എന്നാല്‍ നാഗത്തെ വഹിക്കുന്ന സാധുക്കള്‍ അല്ല. നാഗ എന്നാല്‍ നഗ്നം എന്നാണ് അര്‍ത്ഥം. നാഗസാധുക്കള്‍ കൂടുതലും നഗ്നരാണ്. ദിക്കുകള്‍ ആണ് അവരുടെ വസ്ത്രങ്ങള്‍. അതിനാല്‍ ദിഗംബരര്‍ എന്നും വിളിക്കും. ചിലര്‍ പേരിന് എന്തെങ്കിലും വസ്ത്രം ധരിച്ചെന്നുവരും.ശരീരം മുഴുവന്‍ ഭസ്മം പൂശിയവരാണ്. എല്ലാം ത്യജിച്ചവരും പരിശുദ്ധ ആത്മീയവാദികളുമാണ്.

ഘോരമല്ലാത്തവര്‍ അതല്ലെങ്കില്‍ ഹിംസയില്ലാത്തവര്‍ എന്നാണ് അഘോരി എന്ന വാക്കിനര്‍ത്ഥം. അഘോരികള്‍ വസ്ത്രങ്ങള്‍ ധരിക്കും. ചിലപ്പോള്‍ തലയോട്ടികളും കയ്യില്‍ കരുതുകയോ ശരീരത്തെ അലങ്കരിക്കുകയോ ചെയ്യും.

വാസസ്ഥലം:
നാഗസാധുക്കള്‍ അഖാഡകള്‍ അല്ലെങ്കില്‍ അഖാരകള്‍ എന്ന് വിളിക്കുന്ന മഠങ്ങളില്‍ കൂട്ടമായി വസിക്കുന്നവരാണ്. ജുന അഖാര മുതല്‍ 13ാമത്തെ അഖാഡയായി ഗുരു ഗോബിന്ദ് സിങ്ങ് രൂപീകരിച്ച നിര്‍മ്മല അഖാര വരെ 13 അഖാരകള്‍ ആണുള്ളത്. അതല്ലെങ്കില്‍ ഹിമാലയ സാനുക്കളില്‍ കൂട്ടത്തോടെ ആണ് താമസിക്കുക. യാത്രചെയ്യുമ്പോഴും സംഘമായേ യാത്ര ചെയ്യൂ.

അഘോരികളാകട്ടെ ശ്മശാനങ്ങളില്‍ താമസിച്ച് തപസ്സുചെയ്യുന്നവരാണ്. ഇവര്‍ ഏകാകികളായിരിക്കും.

ഭക്ഷണക്രമം:

നാഗസാധുക്കളില്‍ ചിലര്‍ സസ്യഭുക്കുകളാണ്. മറ്റ് ചിലര്‍ മാംസഭുക്കുകളും.
അഘോരികള്‍ ഇറച്ചി കഴിക്കും. ചിലപ്പോള്‍ മനുഷ്യമാംസം ഭക്ഷിക്കുമെന്നും വിദേശികളായ ഗവേഷകര്‍ പറയുന്നു. പൂജാവിധികളുമായി ബന്ധപ്പെട്ട് മദ്യവും കഴിയ്‌ക്കും.

ആചാരങ്ങള്‍
നാഗസാധുക്കള്‍ ധ്യാനവും പൂജാവിധികളും കര്‍ശനമായി പാലിക്കും.
അഘോരികള്‍ അസാധാരണമായ താന്ത്രികവിധികള്‍ നടത്തും.

സാമൂഹ്യ സമ്പര്‍ക്കം
നാഗസാധുക്കള്‍ ഹിന്ദു ആചാരങ്ങള്‍ നിലനിര്‍ത്താന്‍ വേണമെങ്കില്‍ പൊരുതുകയും ചെയ്യും. മുഗളന്മാരോട് വരെ നാഗസാധുക്കള്‍ ഏറ്റുമുട്ടിയ കഥകള്‍ ചരിത്രത്തിലുണ്ട്.
അഘോരികള്‍ എല്ലാവരില്‍ നിന്നും ഒറ്റപ്പെട്ട് വസിക്കുന്നവരാണ്. ഏകാന്തതയാണ് അവര്‍ക്ക് പ്രിയം.

എങ്ങിനെ നാഗസാധുവാകാം?
അഖാഡകളില്‍ ഗുരുക്കന്മാര്‍ പറയുന്ന കര്‍ശനമായ ചിട്ടകള്‍ പാലിച്ചും ബ്രഹ്മചര്യം പാലിച്ചും നിരവധി വര്‍ഷങ്ങള്‍ കഴിഞ്ഞാലാണ് നാഗസാധുവാകാന്‍ സാധിക്കുക. ഗുരു അഖാഡയുടെ തലവനോ മറ്റേതെങ്കിലും മുതിര്‍ന്ന സന്യാസിയോ ആകാം. ഗുരുവിനെ സേവിച്ച് ഗുരുപ്രസാദം ലഭിച്ചാല്‍ മാത്രമേ നാഗ സാധുവിന് അടുത്ത ഘട്ടത്തിലേക്ക് കടക്കാന്‍ സാധിക്കൂ.

എങ്ങിനെ അഘോരിയാകാം?
ശ്മശാനത്തില്‍ നടത്തുന്ന ഘോരതപസ്സാണ് അഘോരി ബാബയാകാനുള്ള വഴി. അഘോരിയെ സംബന്ധിച്ച് ഗുരുക്കന്മാര്‍ ആവശ്യമില്ല. ശിവന്‍ തന്നെയാണ് അവരുടെ ഗുരു. ശ്മശാനങ്ങളില്‍ നടത്തുന്ന ഘോരതപസ്സിനൊടുവിലാണ് അവര്‍ ആത്മീയ ശക്തിനേടുക.

കുംഭമേളയില്‍ അമൃതസ്നാനം ചെയ്യുമ്പോള്‍ ആദ്യം മുങ്ങിക്കുളിക്കാന്‍ അവകാശം ആര്‍ക്ക്?
നാഗസാധുക്കള്‍ക്കാണ് കുംഭമേളകളില്‍ ത്രിവേണിസംഗമത്തില്‍ അമൃതസ്നാനം (പഴയ പേര് ഷാഹി സ്നാന്‍) നടത്തുമ്പോള്‍ ആദ്യം കുളിക്കാന്‍ അവസരം ലഭിക്കുക. കാരണം ഇവര്‍ കഠിതതപസ്വികളാണ്. കഠിനമായ ബ്രഹ്മചര്യവ്രതം അനുഷ്ഠിക്കുന്നവരാണ്. മാത്രമല്ല ശിവനോടുള്ള ഇവരുടെ ഭക്തിയും കഠിനമാണ്.

കുംഭമേളയിലെ ത്രിവേണി സംഗമത്തില്‍ സ്നാനം ചെയ്യുന്ന ചടങ്ങില്‍ അഘോരികള്‍ മുഖ്യപങ്ക് വഹിക്കാറില്ല.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക