Kerala

പനമരം പഞ്ചായത്ത് അംഗം ബെന്നി ചെറിയാനെ ആക്രമിച്ചതില്‍ ഡിവൈഎഫ്‌ഐ നേതാക്കളെ പ്രതികളാക്കി കേസ്

എല്‍ഡിഎഫ് ഭരിക്കുന്ന പനമരം പഞ്ചായത്തിലെ ഭരണമുന്നണി അംഗം ആയിരിക്കെ തന്നെ പഞ്ചായത്തിനെതിരെ ബെന്നി ചെറിയാന്‍ സമരം നടത്തി

Published by

വയനാട് : പനമരം പഞ്ചായത്ത് അംഗം ബെന്നി ചെറിയാനെ ആക്രമിച്ചതില്‍ ഡിവൈഎഫ്‌ഐ നേതാക്കളെ പ്രതികളാക്കി പൊലീസ് കേസെടുത്തു.പനമരം സ്വദേശികളും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുമായ ഷിഹാബ് ,അക്ഷയ,് ഇര്‍ഷാദ, സനല്‍ എന്നിവര്‍ ഉള്‍പ്പെടെ ഏഴു പേര്‍ക്കെതിരെയാണ് കേസെടുത്തത്.

ഇതില്‍ ഷിഹാബും ഇര്‍ഷാദും മറ്റൊരു വധശ്രമ കേസിലെ കേസിലെ പ്രതികള്‍ കൂടിയാണ്.പനമരം പഞ്ചായത്തില്‍ ഈ മാസം 29ന് പ്രസിഡണ്ട് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ബെന്നിയെ ആക്രമിച്ചത്.

എല്‍ഡിഎഫ് ഭരിക്കുന്ന പനമരം പഞ്ചായത്തിലെ ഭരണമുന്നണി അംഗം ആയിരിക്കെ തന്നെ പഞ്ചായത്തിനെതിരെ ബെന്നി ചെറിയാന്‍ സമരം നടത്തിയിരുന്നു. പഞ്ചായത്തിലെ അഴിമതിയും കെടുകാര്യസ്ഥതയും ഉന്നയിച്ച് 16 ദിവസം നിരാഹാരം കിടന്നതോടെ ജെഡിഎസ് അംഗം ബെന്നി ചെറിയാനെ പാര്‍ട്ടിയില്‍ നിന്നും മുന്നണിയില്‍ നിന്നും പുറത്താക്കി.

യുഡിഎഫ് കൊണ്ടു വന്ന അവിശ്വാസ പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തതാണ് തന്നെ ആക്രമിക്കാന്‍ കാരണമെന്ന് ബെന്നി പറഞ്ഞു. അതേസമയം, സിപിഎം നേതാവിനെയും അമ്മയെയും അസഭ്യം പറഞ്ഞതിന് ബെന്നി വലിയ വില നല്‍കേണ്ടി വരുമെന്നുളള മുന്‍ ജില്ലാ സെക്രട്ടറി ഗഗാറിന്റെ പ്രസംഗത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.

ഇക്കഴിഞ്ഞ 16ന് ബെന്നി ചെറിയാനെതിരെ സിപിഎം പനമരത്ത് പ്രതിഷേധയോഗം നടത്തിയിരുന്നു. സിപിഎം ഏരിയ കമ്മിറ്റി അംഗം ഷിജുവിനും അമ്മയ്‌ക്കുമെതിരെ ബെന്നി അസഭ്യം പറഞ്ഞുവെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. ഇതില്‍ നിലവിലെ ജില്ലാ സെക്രട്ടറി കെ റഫീക്കും പങ്കെടുത്തിരുന്നു. ഈ പരിപാടിയിലാണ് ബെന്നിക്കെതിരെ മുന്‍ ജില്ലാ സെക്രട്ടറി ഗഗാറിന്‍ ഭീഷണി പ്രസംഗം നടത്തിയത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by