Kerala

മണവാളന്റെ മുടി മുറിച്ച് ജയിൽ അധികൃതർ; അസ്വസ്ഥത പ്രകടിപ്പിച്ച ഷഹീൻ ഷായെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി

Published by

തൃശൂർ: കേരള വർമ കോളേജിലെ വിദ്യാർത്ഥികളെ കാറിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ച കേസിൽ അറസ്റ്റിലായ യൂ ട്യൂബർ മണവാളന്റെ മുടി മുറിച്ചു. ‘മണവാളൻ വ്‌ളോഗ്സ്’ എന്ന യൂട്യൂബ് ചാനലിന്റെ ഉടമ മുഹമ്മദ് ഷഹീൻ ഷായുടെ മുടിയാണ് ജയിൽ അധികൃതർ മുറിച്ചത്. ജയിൽ ചട്ടപ്രകാരമാണ് മുടിമുറിച്ചതെന്നാണ് സൂപ്രണ്ടിന്റെ വിശദീകരണം.

മുടി മുറിച്ചതിനെ തുടർന്ന് അസ്വസ്ഥത പ്രകടിപ്പിച്ച “മണവാളനെ” തൃശൂർ പടിഞ്ഞാറെകോട്ടയിലെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. 2024 ഏപ്രിൽ 19 ന് കേരളവർമ്മ കോളേജിലുണ്ടായ തർക്കത്തെ തുടർന്ന് ഇയാളും സംഘവും വിദ്യാർത്ഥികളെ കാറിടിച്ചു കൊല്ലാൻ ശ്രമിച്ചിരുന്നു. പിന്നാലെ ഒളിവിൽ പോയി. പത്ത് മാസത്തോളം ഒളിവിൽ കഴിഞ്ഞു. ഇയാൾക്കെതിരെ ലുക്കൗട്ട് നോട്ടീസും പുറത്തിറക്കിയിരുന്നു.

ചൊവ്വാഴ്ച രാത്രി കർണാടകയിലെ കൂർഗിൽ നിന്നാണ് ഷഹീൻ ഷായെ തൃശൂർ വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. റിമാൻഡിലായ ഷഹീൻഷാ ജയിൽ കവാടത്തിനു മുന്നിൽ വച്ച് റീൽസ് ചിത്രീകരിച്ചിരുന്നു. റീൽസ് പകർത്തുമ്പോൾ ‘ശക്തമായി തിരിച്ചുവരും’ എന്ന് ചിരിച്ചുകൊണ്ട് മുഹമ്മദ് ഷഹിൻ ഷാ പറയുന്നുണ്ടായിരുന്നു. കുടകില്‍ നല്ല ക്ലൈമറ്റായതിനാല്‍ ട്രിപ്പ് പോയതാണെന്നായിരുന്നു പോലീസ് സ്റ്റേഷനിൽ വച്ച് പ്രതി പരിഹാസത്തോടെ പറഞ്ഞത്.

വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ നിന്നും വൈദ്യ പരിശോധനയ്‌ക്കും കോടതിയിലേക്കുമായി കൊണ്ടുപോകുമ്പോഴും പ്രതി മാദ്ധ്യമ പ്രവർത്തകരെ വിലങ്ങണിയിച്ച കൈകൾ ഉയർത്തിക്കാട്ടിയിരുന്നു. തൃശൂർ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ഇയാളെ 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്‌തത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by