പ്രയാഗ്‌രാജ് : മഹാകുംഭമേള ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ഭക്തരെയും തീർത്ഥാടകരെയും ആകർഷിക്കുന്നു. ഇവിടെ എത്തുന്ന സന്ദർശകരിൽ വിവിധ സന്യാസികൾ വേറിട്ടുനിൽക്കുന്നു. പ്രത്യേകിച്ച് വ്യത്യസ്ത വ്യക്തിത്വം വഹിക്കുന്നവർ. ഇപ്പോൾ ഇതാ യുവാക്കളെ ഉണർത്തുക എന്ന ദൗത്യവുമായി ‘പഹൽവാൻ ബാബ’ എന്ന് അറിയപ്പെടുന്ന രാജ്പാൽ സിംഗ് ഏവരുടെയും ശ്രദ്ധ പിടിച്ച് പറ്റുകയാണ്. ആരോഗ്യകരമായ ജീവിതശൈലിക്കുള്ള ആഹ്വാനവുമായി ആത്മീയതയെ സംയോജിപ്പിക്കുന്ന ഒരു പ്രധാന സാന്നിധ്യമായി അദ്ദേഹം ഈ ഒത്തുചേരലിൽ മാറിയിരിക്കുന്നു.
യുവാക്കളെ ഉണർത്തുക, മയക്കുമരുന്ന് ഇല്ലാതാക്കുക, എല്ലാവരെയും ആരോഗ്യവാന്മാരാക്കുക, ഇന്ത്യയെ ഒരു വിശ്വഗുരുവാക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് ബാബ പറയുന്നു. തനിക്ക് 50 വയസ്സായി, ഒരു കൈകൊണ്ട് 10,000 പുഷ്-അപ്പുകൾ ചെയ്യാൻ ഇപ്പോഴും കഴിയും. ഈ പ്രായത്തിൽ തനിക്ക് ഇത്ര കഠിനാധ്വാനം ചെയ്യാൻ കഴിയുമെങ്കിൽ, യുവാക്കൾക്ക് നാലിരട്ടി കൂടുതൽ ചെയ്യാൻ കഴിയുമെന്നും രാജ്പാൽ സിംഗ് പറഞ്ഞു.
കൂടാതെ മാതാപിതാക്കളെയും മുതിർന്നവരെയും ബഹുമാനിക്കാൻ അദ്ദേഹം യുവാക്കളോട് അഭ്യർത്ഥിച്ചു. തെറ്റായ കൂട്ടുകെട്ടിൽ ആയതിനാൽ യുവാക്കൾ മയക്കുമരുന്നിന് അടിമകളാകുന്നത് നമ്മുടെ സമൂഹം നേരിടുന്ന വലിയ ഒരു വെല്ലുവിളിയാണെന്ന് പറഞ്ഞ അദ്ദേഹം എല്ലാവരും അവരുടെ മാതാപിതാക്കളെ ശ്രദ്ധിക്കുകയും സന്യാസിമാരെയും മുതിർന്നവരെയും ബഹുമാനിക്കുകയും ചെയ്യണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു.
ആരോഗ്യകരമായ ജീവിതം നയിക്കാൻ ചെറിയ മിതമായ ഭക്ഷണം സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഫാസ്റ്റ് ഫുഡുകളും വറുത്ത ഭക്ഷണങ്ങളും ഒഴിവാക്കാൻ അദ്ദേഹം എല്ലാവരോടും അഭ്യർത്ഥിക്കുകയും വീട്ടിൽ തന്നെ ഉണ്ടാക്കുന്ന കൂടുതൽ ഭക്ഷണങ്ങൾ കഴിക്കാൻ അവരോട് ശുപാർശ ചെയ്യുകയും ചെയ്തു. കഴിഞ്ഞ വർഷം മുതൽ താൻ ഈ പരിശ്രമത്തിൽ ഏർപ്പെട്ടിട്ടുണ്ട്. വഴിതെറ്റിപ്പോയ തന്റെ ചില ബന്ധുക്കളെ കണ്ടതിന് ശേഷമാണ് താൻ ഇത് ആരംഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ സമൂഹത്തിനുവേണ്ടി പ്രവർത്തിക്കുന്നവരാണ് യഥാർത്ഥ സന്യാസിമാരെന്ന് സന്യാസിമാരുടെ യഥാർത്ഥ അർത്ഥത്തെക്കുറിച്ച് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു
അതേസമയം ഗംഗ, യമുന, സരസ്വതി എന്നീ മൂന്ന് നദികളുടെ പുണ്യ സംഗമമായ ത്രിവേണി സംഗമത്തിൽ പുണ്യസ്നാനം ചെയ്യാൻ ആയിരക്കണക്കിന് ആളുകളാണ് ഘട്ടുകളിൽ ഒത്തുകൂടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: