ഗജേന്ദ്ര സിങ് ഷെഖാവത്ത്,
കേന്ദ്ര സാംസ്‌കാരിക മന്ത്രി
നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 128-ാം ജന്മവാര്‍ഷികദിനം ‘പരാക്രം ദിവസ്’ ആയി ആചരിക്കുന്നതിലൂടെ, ഭാരതത്തിന്റെ സ്വാതന്ത്ര്യസമരത്തിന് അദ്ദേഹം നല്‍കിയ മഹത്തായ സംഭാവനകളെയും പുതുതലമുറ യുവാക്കളെ ഇന്നും പ്രചോദിപ്പിക്കുന്ന അദ്ദേഹത്തിന്റെ അനശ്വരമായ ആത്മാവിനെയും നാം ആദരിക്കുകയാണ്. ദീര്‍ഘദര്‍ശിയായ ആ നേതാവിന്റെ ജീവിതവും അദ്ദേഹം മുന്നോട്ട് വച്ച ആശയങ്ങളും ആഘോഷിക്കപ്പെടണമെന്ന ലക്ഷ്യത്തോടെ ആചരിക്കുന്ന പരാക്രം ദിവസ്, വ്യക്തിപരവും ദേശീയവുമായ അഭിലാഷങ്ങളെ നേതാജിയുടെ ദര്‍ശനങ്ങളുമായി എങ്ങനെ സമന്വയിപ്പിക്കാമെന്ന് ചിന്തിക്കുന്നതിനുള്ള മുഹൂര്‍ത്തം കൂടിയാണ്. അദ്ദേഹത്തിന്റെ ത്യാഗങ്ങളെ സ്മരിക്കുകയെന്നതിലുപരി, സമ്പന്നവും സ്വാശ്രയ പൂര്‍ണ്ണവുമായ രാഷ്‌ട്രം കെട്ടിപ്പടുക്കുന്നതിനായി ധൈര്യം, വിശ്വാസ്യത, നേതൃത്വം തുടങ്ങിയ അദ്ദേഹത്തിന്റെ ഗുണങ്ങള്‍ പ്രയോജനപ്പെടുത്താനും പ്രാവര്‍ത്തികമാക്കാനും നമ്മെ പ്രേരിപ്പിക്കുന്ന ദിനം കൂടിയാണിത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍, നേതാജിയുടെ സംഭാവനകള്‍ മുമ്പെങ്ങുമില്ലാത്ത വിധം ആഘോഷിക്കപ്പെടുകയും ചിരപ്രതിഷ്ഠിതമാവുകയും ചെയ്തു. 2021 ല്‍, നേതാജിയുടെ പൈതൃകത്തെ ആദരിക്കുന്നതിനുള്ള ദേശീയ വാര്‍ഷിക ആഘോഷമെന്ന നിലയില്‍, ജനുവരി 23 ‘പരാക്രം ദിവസ്’ ആയി സര്‍ക്കാര്‍ പ്രഖ്യാപിച്ചു. കര്‍ത്തവ്യ പാത പുനര്‍വികസന പദ്ധതിയിലുള്‍പ്പെടുത്തി ഇന്ത്യാ ഗേറ്റില്‍ നേതാജിയുടെ പ്രതിമ അനാച്ഛാദനം ചെയ്തത് അദ്ദേഹത്തിന്റെ ദര്‍ശനങ്ങളോടുള്ള ആദരമായിരുന്നു. ബോസ് വിഭാവനം ചെയ്ത ദേശീയതയുടെ ആദര്‍ശങ്ങളുമായി പൊരുത്തപ്പെടുന്ന ‘ സ്വാഭിമാനത്തിന്റെയും സംസ്‌കാരത്തിന്റെയും പുനരുജ്ജീവനത്തിന്റെ’ പ്രതീകമായി പ്രധാനമന്ത്രിയുടെ ഈ പ്രവൃത്തി ഉദ്ഘോഷിക്കപ്പെട്ടു.
കൂടാതെ, നേതാജിയുമായി ബന്ധപ്പെട്ട 304 രേഖകള്‍ പരസ്യപ്പെടുത്തിയത് ചരിത്ര നീക്കമായി. ഇതിലൂടെ, പതിറ്റാണ്ടുകള്‍ നീണ്ട ഊഹാപോഹങ്ങള്‍ക്ക് അറുതി വരുത്തുകയും അദ്ദേഹത്തിന്റെ ജീവിതത്തെയും പ്രവര്‍ത്തനങ്ങളെയും കുറിച്ചുള്ള സുപ്രധാന രേഖകള്‍ പൊതുജന സമക്ഷം ലഭ്യമാക്കുകയും ചെയ്തു. ഇന്ത്യന്‍ നാഷണല്‍ ആര്‍മി ആദ്യമായി ത്രിവര്‍ണ്ണ പതാക ഉയര്‍ത്തിയ മണിപ്പൂരിലെ മൊയ്റാങ്ങിലെ ഐഎന്‍എ സ്മാരകത്തിന്റെ പുനരുദ്ധാരണം, നേതാജിയുടെ പൈതൃകം സംരക്ഷിക്കുന്നതിനുള്ള സര്‍ക്കാരിന്റെ പ്രതിബദ്ധത പ്രതിഫലിപ്പിക്കുന്നു.’നേതാജി സ്വന്തം ജീവിതം രാഷ്‌ട്ര സ്വാതന്ത്ര്യത്തിനായി സമര്‍പ്പിച്ചു, സ്വാശ്രയപൂര്‍ണ്ണവും ആത്മവിശ്വാസ പൂര്‍ണ്ണവുമായ ഒരു ഭാരതം അദ്ദേഹം വിഭാവനം ചെയ്തു’ എന്ന് ബോസിന്റെ ആഗോള സ്വാധീനം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി വ്യക്തമാക്കി.
കട്ടക്കിലായിരുന്നു സുഭാഷ് ചന്ദ്ര ബോസിന്റെ ജനനം. മിടുക്കനായ വിദ്യാര്‍ത്ഥിയായിരുന്നു. കട്ടക്കിലെ റാവന്‍ഷാ കൊളീജിയറ്റ് സ്‌കൂള്‍, കൊല്‍ക്കത്തയിലെ പ്രസിഡന്‍സി കോളേജ് എന്നിവിടങ്ങളിലെ പഠനവും ഇന്ത്യന്‍ സിവില്‍ സര്‍വീസസ് പരീക്ഷയും വിജയകരമായി പൂര്‍ത്തിയാക്കി. അക്കാദമിക രംഗത്തും മികവ് പുലര്‍ത്തി. അദ്ദേഹത്തില്‍ രൂഢമൂലമായിരുന്ന ദേശസ്നേഹവും രാജ്യ സേവനത്തിനായുള്ള അദമ്യമായ ആഗ്രഹവും, ഐസിഎസ് രാജിവയ്‌ക്കാന്‍ കാരണമായി. ശോഭനവും ഉന്നതവുമായ ഔദ്യോഗിക ജീവിതത്തിന്റെ സുഖസൗകര്യങ്ങള്‍ അദ്ദേഹം നിരസിച്ചു. തുടര്‍ന്ന്, ഭാരതീയരില്‍ ദേശസ്നേഹം ഉണര്‍ത്താനും സ്വാതന്ത്ര്യസമ്പാദനമെന്ന സന്ദേശം പ്രചരിപ്പിക്കാനും 1921 ല്‍ ‘സ്വരാജ്’ എന്ന പേരില്‍ ഒരു പത്രം ആരംഭിച്ചു.
സ്വതന്ത്ര ഭാരതത്തെക്കുറിച്ചുള്ള നേതാജിയുടെ ദര്‍ശനങ്ങള്‍ വെറുമൊരു സ്വപ്‌നമായിരുന്നില്ല, മറിച്ച് സജീവമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ആഹ്വാനമായിരുന്നു. 1941-ല്‍ വീട്ടുതടങ്കലില്‍ നിന്ന് രക്ഷപ്പെട്ട അദ്ദേഹം അന്താരാഷ്‌ട്ര പിന്തുണ തേടിയപ്പോള്‍, അത് തന്ത്രപരമായ നീക്കം മാത്രമായിരുന്നില്ല – ദൃഢനിശ്ചയത്തിന്റെയും, ഉല്പതിഷ്ണു മനോഭാവത്തിന്റെയും, അവശ്യഘട്ടങ്ങളില്‍ അസാധാരണമായ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാനുള്ള ഇച്ഛാശക്തിയുടെയും ധീരമായ പ്രസ്താവനയായിരുന്നു.
‘എനിക്ക് രക്തം തരൂ, ഞാന്‍ നിങ്ങള്‍ക്ക് സ്വാതന്ത്ര്യം തരാം’ എന്ന് അദ്ദേഹം അസന്നിദ്ധമായി പ്രഖ്യാപിച്ചു, യഥാര്‍ത്ഥ സ്വാതന്ത്ര്യത്തിന് വാഗ്‌ധോരണികള്‍ മാത്രം പോര, സജീവ പ്രവര്‍ത്തനവും അനിവാര്യമാണെന്നായിരുന്നു അദ്ദേഹത്തിന്റെ വിശ്വാസം. ഐഎന്‍എയുടെ സൃഷ്ടിയും ആസാദ് ഹിന്ദ് റേഡിയോയിലെ അദ്ദേഹത്തിന്റെ പ്രസംഗങ്ങളും ഏതുമാകട്ടെ, സ്വാതന്ത്ര്യം നേടുന്നതിന് കൂട്ടായ പരിശ്രമം, ത്യാഗം, മുന്നേറ്റത്തിനായുള്ള വിശാല ദര്‍ശനം എന്നിവ ആവശ്യമാണെന്ന് ബോസ് തെളിയിച്ചു. ബ്രിട്ടീഷുകാര്‍ ഭാരതം വിട്ടുപോകുന്നതിനുള്ള നിരവധിയായ കാരണങ്ങള്‍ മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ക്ലെമന്റ് ആറ്റ്‌ലി ഉദ്ധരിക്കുകയുണ്ടായി, ‘അവയില്‍ പ്രധാനം നേതാജിയുടെ സൈനിക പ്രവര്‍ത്തനങ്ങളുടെ ഫലമായി ഭാരതീയ സൈന്യത്തിലും നാവികസേനയിലും ബ്രിട്ടീഷ് രാജാധികാരത്തോടുള്ള വിശ്വസ്തത ക്ഷയിച്ചതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി’.
മഹാത്മാ ഗാന്ധിയുമായി അദ്ദേഹത്തിനുണ്ടായിരുന്ന പ്രത്യയശാസ്ത്രപരമായ അഭിപ്രായവ്യത്യാസങ്ങള്‍ എല്ലാവര്‍ക്കും അറിയാമായിരുന്നെങ്കിലും, ഗാന്ധിജിയുടെ ദര്‍ശനങ്ങളോടുള്ള ബോസിന്റെ ആദരവ് അചഞ്ചലമായി തുടര്‍ന്നു. അവരുടെ വൈരുദ്ധ്യാത്മകമായ പാതകള്‍ വ്യത്യസ്തമായ സമീപനങ്ങളുടെ പ്രകടീകരണമായിരുന്നു. 1939-ല്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചെങ്കിലും സ്വാതന്ത്ര്യമെന്ന ലക്ഷ്യത്തില്‍ നിന്ന് നേതാജി അല്പം പോലും വ്യതിചലിച്ചില്ല. മുന്നോട്ടുള്ള പാത വെല്ലുവിളികള്‍ നിറഞ്ഞതായി കാണപ്പെടുമ്പോഴും സ്വന്തം ആദര്‍ശങ്ങളോട് സത്യസന്ധത പുലര്‍ത്തേണ്ടതിന്റെ പ്രാധാന്യം പുതുതലമുറയിലെ യുവാക്കളെ ഇതോര്‍മ്മപ്പെടുത്തുന്നു.
വനിതാ ശാക്തീകരണത്തിലുള്ള തന്റെ വിശ്വാസത്തെ ദൃഢപ്പെടുത്തുന്ന തരത്തില്‍ ഐഎന്‍എയുടെ വനിതാ റെജിമെന്റായ ‘ഝാന്‍സി റാണി റെജിമെന്റ്’ രൂപീകരിച്ചുകൊണ്ട് നേതാജി ‘നാരി ശക്തി’യുടെ പ്രാധാന്യം വ്യക്തമാക്കി. രാജ്യത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതില്‍ വനിതകള്‍ അവിഭാജ്യമായ പങ്ക് വഹിക്കുന്ന ഭാരതത്തെക്കുറിച്ചുള്ള പ്രധാനമന്ത്രിയുടെ ദര്‍ശനത്തില്‍ ഈ ആശയങ്ങള്‍ വ്യക്തമായി പ്രതിഫലിക്കുന്നു.
നേതാജിയുടെ അനശ്വരമായ പൈതൃകത്തിന്റെ വാര്‍ഷിക സ്മരണയാണ് പരാക്രം ദിവസ് ആഘോഷങ്ങള്‍. സാംസ്‌കാരിക പരിപാടികളും പ്രദര്‍ശനങ്ങളും കൊണ്ട് അടയാളപ്പെടുത്തപ്പെടുന്ന ആഘോഷങ്ങളുടെ മുന്‍ പതിപ്പുകള്‍ അദ്ദേഹത്തിന്റെ സംഭാവനകളെ ആദരിച്ചിട്ടുണ്ട്. പ്രധാന വേദികളായിരുന്ന കൊല്‍ക്കത്തയുടെയും ദല്‍ഹിയുടെയും തെരുവോരങ്ങളില്‍ അദ്ദേഹം മുന്നോട്ട് വച്ച ഐക്യത്തിന്റെയും ദേശസ്നേഹത്തിന്റെയും ആത്മാവ് പ്രതിധ്വനിച്ചു. ഈ വര്‍ഷം കട്ടക്കിലാണ് അദ്ദേഹത്തിന്റെ പൈതൃകം ആദരിക്കപ്പെടുന്നത്.
ഉല്പതിഷ്ണു മനോഭാവവും നവീകരണവും അനിവാര്യമായ സമകാലിക ലോകത്ത്, സ്വയംപര്യാപ്തവും വികസിതവുമായ ഭാരതത്തിന്റെ സാക്ഷാത്കാരത്തിന് സംഭാവന നല്‍കുന്നതിന് യുവാക്കള്‍ക്ക് ശക്തമായ പ്രചോദനമായി ‘സുഭാഷ് ചന്ദ്രബോസിന്റെ ജീവിതഗാഥ വര്‍ത്തിക്കുന്നു. അടല്‍ ബിഹാരി വാജ്പേയി ഒരിക്കല്‍ പറഞ്ഞതുപോലെ, ‘സുഭാഷ് ചന്ദ്രബോസിന്റെ നാമം ദേശസ്നേഹം ഉണര്‍ത്തുകയും ധൈര്യത്തോടെയും നിസ്വാര്‍ത്ഥതയോടെയും പ്രവര്‍ത്തിക്കാന്‍ രാഷ്‌ട്രത്തെ പ്രചോദിപ്പിക്കുകയും ചെയ്യുന്നു.’ശോഭനവും ശക്തവുമായ ഭാവിക്കായി ഒരുമിച്ച് പ്രവര്‍ത്തിച്ചുകൊണ്ട് നമുക്ക് അദ്ദേഹത്തിന്റെ പൈതൃകം പിന്തുടരാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: