ഒന്‍പത് വര്‍ഷമായി അധികാരത്തില്‍ തുടരുന്ന പിണറായി സര്‍ക്കാരിനെ മുന്നോട്ടു നയിക്കുന്ന ആന്തരികോര്‍ജം അഴിമതിയാണെന്നത് ആരെയും പറഞ്ഞുബോധിപ്പിക്കേണ്ടതില്ല. ഒന്നിനുപുറകെ ഒന്നായി പുറത്തുവന്ന അഴിമതികളുടെ നീണ്ട പട്ടിക ജനങ്ങള്‍ക്ക് സുപരിചിതമാണ്. അധികാരം ഉപയോഗിച്ച് അഴിമതി നടത്തുക, അതേ അധികാരം ഉപയോഗിച്ച് അന്വേഷണ ഉദ്യോഗസ്ഥരെ വിലയ്‌ക്കെടുത്തും തെളിവുകള്‍ നശിപ്പിച്ചും കേസുകള്‍ അട്ടിമറിക്കുക. ഭരണസംവിധാനവും സിപിഎമ്മിന്റെ സംഘടനാ സംവിധാനവും ഉപയോഗിച്ച് നടത്തുന്ന കള്ളപ്രചാരണത്തിലൂടെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുക. മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രതിക്കൂട്ടിലെങ്കില്‍ ഈ കുപ്രചാരണത്തിന്റെ ശക്തിയും വ്യാപ്തിയും പതിന്മടങ്ങ് വര്‍ധിക്കും. ഓരോ അഴിമതി പുറത്തുവരുമ്പോഴും കോലാഹലമുണ്ടാക്കി ജനങ്ങളെ കബളിപ്പിക്കുന്ന ചില മുഖ്യധാരാ മാധ്യമങ്ങള്‍ അധികം വൈകാതെ മുഖ്യമന്ത്രി പിണറായി വിജയനെയും മറ്റ് മന്ത്രിമാരെയും ആദര്‍ശപുരുഷന്മാരായി ചിത്രീകരിക്കും. ഇതില്‍നിന്ന് വ്യത്യസ്തമാണ് ഒന്നാം പിണറായി സര്‍ക്കാര്‍ കൊവിഡ് മഹാമാരിക്കാലത്ത് പിപിഇ കിറ്റും മറ്റു മരുന്നുകളും വാങ്ങിയതില്‍ വന്‍ ക്രമക്കേടുണ്ടെന്ന സിഎജി റിപ്പോര്‍ട്ട്. പൊതുവിപണിയിലെ വിലയെക്കാള്‍ 300 ശതമാനം അധികം നല്‍കി മഹാരാഷ്‌ട്രയിലെ ഒരു കമ്പനിയില്‍നിന്ന് പിപിഇ കിറ്റ് വാങ്ങിയതിലെ അഴിമതി, നിയമസഭയുടെ മേശപ്പുറത്തുവച്ച സിഎജി റിപ്പോര്‍ട്ടിലെ രേഖകളില്‍നിന്ന് വ്യക്തമാവുന്നു.
കൊവിഡ് കാലത്ത് 500 രൂപയില്‍ താഴെ നിരക്കില്‍ നിരവധി കമ്പനികളില്‍നിന്ന് പിപിഇ കിറ്റ് ലഭിക്കുമെന്നിരിക്കെ മഹാരാഷ്‌ട്രയിലെ സാന്‍ ഫാര്‍മ എന്ന കമ്പനിയില്‍നിന്ന് കിറ്റ് ഒന്നിന് 1550 രൂപ നിരക്കില്‍ 15000 പിപിഇ കിറ്റുകള്‍ വാങ്ങിയതില്‍ 10.23 കോടി രൂപയുടെ അഴിമതിയുണ്ടെന്നാണ് സിഎജി ചൂണ്ടിക്കാട്ടിയിരിക്കുന്നത്. കിറ്റൊന്നിന് 550 രൂപയ്‌ക്ക് അനിത ടെക്സ് കോട്ടില്‍നിന്ന് 25000 കിറ്റുകള്‍ വാങ്ങാന്‍ കരാറൊപ്പുവയ്‌ക്കുകയും, 10000 കിറ്റുകള്‍ വാങ്ങിയശേഷം കരാര്‍ റദ്ദാക്കി സാന്‍ ഫാര്‍മയ്‌ക്ക് കരാര്‍ നല്‍കുകയുമാണ് ഉണ്ടായത്. മുഖ്യമന്ത്രി പിണറായി വിജയന്റെയും ധനമന്ത്രിയായിരുന്ന തോമസ് ഐസക്കിന്റെയും ആരോഗ്യമന്ത്രിയായിരുന്ന കെ.കെ.ശൈലജയുടെയും അനുമതിയോടെ വന്‍ അഴിമതി നടത്തുന്നതിനുവേണ്ടിയാണ് ഇങ്ങനെ ചെയ്തതെന്ന് വ്യക്തം. 550 രൂപയ്‌ക്ക് ലഭ്യമാവുന്ന ഒരു വസ്തു 1550 രൂപയ്‌ക്ക് വാങ്ങാന്‍ കരാറുണ്ടാക്കിയത് പകല്‍കൊള്ള തന്നെയാണ്. ഇതിനെ മന്ത്രി ശൈലജയും മറ്റും ന്യായീകരിക്കുകയുണ്ടായി. പിപിഇ കിറ്റ് വാങ്ങിയത് കൊവിഡ് മുന്‍നിര പോരാളികളെ സംരക്ഷിക്കുന്നതിനു വേണ്ടിയായിരുന്നുവെന്ന കെ.കെ. ശൈലജയുടെ വാദം അസംബന്ധമാണ്. കുറഞ്ഞ വിലയ്‌ക്ക് കിറ്റുകള്‍ ലഭിക്കുമായിരുന്നുവെന്ന് സിഎജി റിപ്പോര്‍ട്ടില്‍ തെളിവു സഹിതം രേഖപ്പെടുത്തിയിട്ടുണ്ട്. യഥാര്‍ത്ഥത്തില്‍ അസാധാരണ കാലത്തെ അസാധാരണ അഴിമതി എന്നാണ് ഇതിനെ വിശേഷിപ്പിക്കേണ്ടത്. ശൈലജയും മറ്റും പ്രതികളായി ലോകായുക്തയിലുള്ള കേസിന് ശക്തി പകരുന്നതാണ് സിഎജിയുടെ കണ്ടെത്തല്‍.
മനുഷ്യരുടെ കഷ്ടതകളും ദുഃഖങ്ങളും മുതലെടുത്ത് അഴിമതി നടത്താനും പിണറായി സര്‍ക്കാര്‍ മടിച്ചിട്ടില്ല. പ്രളയകാലത്ത് പാവപ്പെട്ട ജനങ്ങള്‍ക്ക് ഭക്ഷ്യക്കിറ്റുകള്‍ വിതരണം ചെയ്യുന്നതില്‍ പോലും അഴിമതി നടന്നു. കൊവിഡ് കാലത്ത് മരണം മുന്നില്‍ക്കണ്ട് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവരുടെ ആരോഗ്യ വിവരങ്ങള്‍ ഒരു വിദേശ ഏജന്‍സിക്ക് ചോര്‍ത്തി നല്‍കി അഴിമതി നടത്താന്‍ പോലും പിണറായി സര്‍ക്കാര്‍ മടിച്ചില്ല. പാവപ്പെട്ടവര്‍ക്കുവേണ്ടി നിലകൊള്ളുന്നു എന്ന് അവകാശവാദമുന്നയിക്കുന്നവരുടെ തനിനിറമാണ് ഇവിടെ തെളിയുന്നത്. അഴിമതി ആഗോള പ്രതിഭാസമാണെന്ന് പറഞ്ഞ് അത് ദേശസാല്‍ക്കരിച്ചത് കോണ്‍ഗ്രസാണെങ്കിലും അധികാരം ലഭിച്ചപ്പോഴൊക്കെ വ്യവസ്ഥാപിതമായ രീതിയില്‍ അഴിമതി നടത്തുകയാണ് ഇടതുപാര്‍ട്ടികള്‍ ചെയ്തിട്ടുള്ളത്. അഴിമതിയുടെ കാര്യം വരുമ്പോള്‍ കേരളത്തിലെ സിപിഎമ്മും കോണ്‍ഗ്രസും ഒരേ നാണയത്തിന്റെ ഇരുപുറങ്ങളാണ്. ഈ പാര്‍ട്ടികള്‍ നേതൃത്വം നല്‍കുന്ന ഇടതു-വലതു മുന്നണികള്‍ അഴിമതിക്കുവേണ്ടി ഒത്തുകളിച്ചതിന്റെ ഉദാഹരണങ്ങള്‍ എത്ര വേണമെങ്കിലും ചൂണ്ടിക്കാട്ടാന്‍ കഴിയും. മാറി മാറി ഭരണപക്ഷത്തും പ്രതിപക്ഷത്തുമിരുന്നവര്‍ അഴിമതിയുടെ പേരില്‍ പോരടിക്കുന്നത് വോട്ടര്‍മാര്‍ എന്ന കാണികള്‍ക്കുവേണ്ടിയുള്ള റിയാലിറ്റി ഷോ മാത്രമാണ്. പ്രതിപക്ഷത്തിരിക്കുമ്പോള്‍ ഏതൊക്കെ അഴിമതികളുടെ പേരിലാണോ മുറവിളി കൂട്ടിയത് ഭരണപക്ഷത്താവുമ്പോള്‍ അതൊക്കെ മറയുമെന്നതാണ് സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും പൊതുരീതി. അഴിമതികള്‍ ശരിയായി അന്വേഷിക്കപ്പെട്ടിരുന്നെങ്കില്‍ ഇരുപാര്‍ട്ടികളുടെയും പ്രമുഖ നേതാക്കള്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അയോഗ്യത വരുന്നവിധം ശിക്ഷിക്കപ്പെടുമായിരുന്നു. ഈ വസ്തുത തിരിച്ചറിഞ്ഞ് ഇടതു-വലതു മുന്നണികളെ അധികാരത്തില്‍നിന്ന് അകറ്റിനിര്‍ത്തുക മാത്രമാണ് പോംവഴി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: