തിരുവനന്തപുരം: 2023 ലെ സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡുകള്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ പ്രഖ്യാപിച്ചു. അമൃത ടിവിയില്‍ സംപ്രേഷണം ചെയ്ത ആണ്‍പിറന്നോള്‍ ആണ് മികച്ച ടെലി സീരിയല്‍. ശിവമോഹന്‍ തമ്പി സംവിധാനവും അരുണ്‍രാജ് ആര്‍ നിര്‍മാണവും നിര്‍വഹിച്ച ആണ്‍പിറന്നോളിന് തിരക്കഥ എഴുതിയത് ഗണേഷ് ഓലിയക്കരയാണ്. സു.സു.സുരഭിയും സുഹാസിനിയുമാണ് മികച്ച രണ്ടാമത്തെ ടെലി സീരിയല്‍.
കേരള വിഷനില്‍ സംപ്രേഷണം ചെയ്ത കണ്‍മഷിയാണ് 20 മിനിറ്റില്‍ താഴെയുള്ള മികച്ച ടെലിഫിലിം. അനൂപ് കൃഷ്ണന്‍ സംവിധാനവും തിരക്കഥയും നിര്‍വഹിച്ച കണ്‍മഷിയുടെ നിര്‍മാണം അഞ്ജലി കല്ലേങ്ങാട്ടാണ്. ഷാനൂബ് കരുവത്ത് നിര്‍മാണവും തിരക്കഥയും നിര്‍വഹിച്ച് മറിയം ഷാനൂബ് സംവിധാനം ചെയ്ത ലില്ലി 20 മിനിറ്റില്‍ കൂടിയ മികച്ച ടെലിഫിലിമായി. ആണ്‍പിറന്നോളിന്റെ കഥാകൃത്തായ ഗംഗ ടെലി സീരിയല്‍/ ടെലിഫിലിം വിഭാഗത്തിലെ മികച്ച കഥാകൃത്തായി. എന്റര്‍ട്ടെയിന്‍മെന്റ് വിഭാഗത്തിലെ മികച്ച ടി വി ഷോ ആയി മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്ത കിടിലം തെരഞ്ഞെടുത്തു. മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്ത ഒരു ചിരി ഇരു ചിരി ബംബര്‍ ചിരി (സീസണ്‍ 2) മികച്ച കോമഡി പ്രോഗ്രാമായി. ഫ്‌ളവേഴ്സ് ടി വി സംപ്രേഷണം ചെയ്ത അമ്മേ ഭഗവതിയിലെ ശബ്ദലേഖനത്തിന് നന്ദകുമാര്‍ മികച്ച ഡബ്ബിംഗ് ആര്‍ട്ടിസ്റ്റിനുള്ള അവാര്‍ഡ് നേടി. പാര്‍വതി എസ് പ്രകാശാണ് വനിതാ വിഭാഗത്തിലെ മികച്ച ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ്. ആണ്‍പിറന്നോളിലെ അപൂര്‍വ എന്ന പെണ്‍കുട്ടിയുടെ സ്വരഭേദത്തിനാണ് പുരസ്‌കാരം. ടെലി സീരിയല്‍/ ടെലിഫിലിം വിഭാഗത്തിലെ മികച്ച സംവിധായകനും നടനുമായി അനൂപ് കൃഷ്ണനെ തെരഞ്ഞെടുത്തു. കണ്‍മഷിയിലെ അഭിനയത്തിനും സംവിധാന മികവിനുമാണ് പുരസ്‌കാരം. അമ്മേ ഭഗവതിയിലെ അഭിനയത്തിന് സീനു രാഘവേന്ദ്ര മികച്ച രണ്ടാമത്തെ നടനായി. ടെലിഫിലിം വിഭാഗത്തില്‍ ആണ്‍പിറന്നോളിലെ അഭിനയത്തിന് റിയ കുര്യാക്കോസും ലില്ലിയിലെ അഭിനയത്തിന് മറിയം ഷാനൂബും മികച്ച നടിക്കുള്ള അവാര്‍ഡ് പങ്കിട്ടു. സു.സു.സുരഭിയും സുഹാസിനിയിലെ അഭിനയത്തിന് മികച്ച രണ്ടാമത്തെ നടിക്കുള്ള അവാര്‍ഡ് അനുക്കുട്ടിക്ക് ലഭിച്ചു. ശാലോം ടിവി അവതരിപ്പിച്ച മധുരം എന്ന ടെലിഫിലിമിലെ അഭിനയത്തിന് ആദിത് ദേവ് മികച്ച ബാലതാരമായി. കണ്മഷിയുടെ ഛായാഗ്രഹണം നിര്‍വഹിച്ച ശിഹാബ് ഓങ്ങല്ലൂര്‍ മികച്ച ഛായാഗ്രാഹകനായി. ലാസ്റ്റ് സപ്പര്‍ എന്ന ടെലി ഫിലിമിന്റെ എഡിറ്റിങ് മികവിന് വിഷു എസ് പരമേശ്വര്‍ മികച്ച ദൃശ്യസംയോജകനുള്ള അവാര്‍ഡ് നേടി. വിഷ്ണു ശിവശങ്കറാണ് മികച്ച സംഗീത സംവിധായകന്‍. മീഡിയ വണ്‍ ടിവി നിര്‍മിച്ച് സി എം ഷെരീഫ് സംവിധാനം ചെയ്ത കുടകിലെ കുഴിമാടങ്ങളാണ് മികച്ച ജനറല്‍ വിഭാഗം ഡോക്യുമെന്ററി. സാജ് വിശ്വനാഥന്‍ നിര്‍മിച്ച് ജയരാജ് പുതുമഠം സംവിധാനം ചെയ്ത പത്മശ്രീ ഗുരു കലാമണ്ഡലം ക്ഷേമാവതി ബയോഗ്രഫി വിഭാഗത്തിലുള്ള മികച്ച ഡോക്യുമെന്ററിയായി.
കൈറ്റ് വിക്ടേഴ്സ് സംപ്രേഷണം ചെയ്ത വി ദ പീപ്പിള്‍ പരിപാടിയുടെ അവതാരക അഡ്വ. അമൃത സതീശന്‍ മികച്ച ആങ്കര്‍ക്കുള്ള അവാര്‍ഡ് നേടി. ഷൈനി ജേക്കബ് ബെഞ്ചമിന്‍ മികച്ച ഡോക്യുമെന്ററി സംവിധായികയ്‌ക്കുള്ള അവാര്‍ഡിന് അര്‍ഹയായി. മനോരമ ന്യൂസ് സംപ്രേഷണം ചെയ്ത നിസ്സഹായനായ കുട്ടി അയ്യപ്പന്‍ എന്ന പരിപാടിയുടെ ക്യാമറാമാന്‍ അജീഷ് എ മികച്ച ന്യൂസ് ക്യാമറാമാനുള്ള അവാര്‍ഡ് നേടി. ട്വന്റി ഫോര്‍ ന്യൂസിലെ പ്രഭാതവാര്‍ത്തകള്‍ പരിപാടിയുടെ അവതാരകന്‍ പ്രജിന്‍ സി കണ്ണനാണ് മികച്ച വാര്‍ത്താ അവതാരകന്‍. വാര്‍ത്തേതര പരിപാടിയുടെ അവതാരകനുള്ള അവാര്‍ഡിന് ട്വന്റി ഫോര്‍ ന്യൂസിലെ അരസിയല്‍ ഗലാട്ട പരിപാടി അവതരിപ്പിച്ച അരവിന്ദ് വി അര്‍ഹനായി. ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്ത ഊരില്‍ ഒരു ഓണക്കാലത്ത് എന്ന പരിപാടിയുടെ കമന്ററി നിര്‍വഹിച്ച നൗഷാദ് എ മികച്ച കമന്റേറ്റര്‍ക്കുള്ള അവാര്‍ഡിന് അര്‍ഹനായി. കറന്റ് അഫയേഴ്സ് വിഭാഗത്തിലെ മികച്ച ആങ്കര്‍ക്കുള്ള അവാര്‍ഡ് എം എസ് ബനേഷ് നേടി. മികച്ച ഇന്‍വെസ്റ്റിഗേറ്റീവ് ജേണലിസ്റ്റിനുള്ള അവാര്‍ഡ് കെ മുഹമ്മദ് ഷംസീറിനാണ്. മീഡിയാവണ്‍ ടിവി സംപ്രേഷണം ചെയ്ത പ്രസവാവധി തട്ടിപ്പ് എന്ന വാര്‍ത്തയാണ് അവാര്‍ഡിന് അര്‍ഹനാക്കിയത്. കറന്റ് അഫയേഴ്സ് വിഭാഗത്തിലുള്ള മികച്ച ടിവി ഷോയ്‌ക്കുള്ള അവാര്‍ഡ് മനോരമ ന്യൂസ് സംപ്രേഷണം ചെയ്ത പെണ്‍താരം കരസ്ഥമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: