പ്രയാഗ് രാജ്: എയര്‍ഫോഴ്സില്‍ വിങ്ങ് കമാന്‍ഡറായിരുന്ന സോമേശ്വര്‍ എന്ന യുവാവ്. ഇന്ത്യന്‍ കരസേനയിലെ ലഫ്റ്റ്നന്റ് കേണലിന് തുല്യമായ പദവി. ക്ലീന്‍ ഷേവ് ചെയ്ത മുഖം, നിശ്ചയദാര്‍ഢ്യമുള്ള കണ്ണുകള്‍. ഒമ്പത് വര്‍ഷത്തോളം എയര്‍ഫോഴ്സ് കമാന്‍ഡറായി ജോലി ചെയ്ത ശേഷം കനറാബാങ്കില്‍ 21വര്‍ഷം. പക്ഷെ ഈ ജോലികളൊന്നും അദ്ദേഹത്തിന് സുഖം നല്‍കിയില്ല. ആവശ്യത്തിലധികം പണമുണ്ട്. പക്ഷെ സുഖമില്ല. . ജീവിതത്തിന്റെ സത്യം ഇതൊന്നുമല്ലെന്ന തോന്നല്‍.
എന്താണ് ജീവിതസത്യം എന്ന് ആഴത്തില്‍ തേടി അയാള്‍ ഒരു ഭ്രാന്തനെപ്പോലെ അലഞ്ഞുതിരിഞ്ഞു. . ജീവിതപ്പൊരുള് അറിഞ്ഞുതുടങ്ങിയപ്പോള്‍ വേഷം പതിയെ പതിയെ മാറി. തേച്ചുമിനുക്കിയ ബ്രാന്‍ഡഡ് ഷര്‍ട്ടും പാന്റും കാഷായത്തിന് വഴിമാറി. ഇന്ന് വിളിപ്പേര് എയര്‍ഫോഴ്സ് ബാബ എന്നാണ്. യഥാര്‍ത്ഥപേര് സോമേശ്വര്‍ പുരി ബാബ.
ഐഐടിയില്‍ ബിടെക് പഠിച്ച ശേഷമാണ് സോമേശ്വര്‍ പുരിയ്ക്ക് എയര്‍ഫോഴ്സില്‍ ജോലി കിട്ടിയത്. 55ാം വയസ്സിലാണ് അദ്ദേഹം എയര്‍ഫോഴ്സിലെ ജോലി പൂര്‍ണ്ണമായും വിട്ട് സന്യാസിയായത്. ജീവിത സത്യം തേടിയുള്ള അലച്ചിലില്‍ അദ്ദേഹത്തിന് ഉത്തരം കിട്ടിയത് കാശിയില്‍. നിന്നാണ്. അവിടെ വെച്ചാണ് തന്റെ സംശയങ്ങള്‍ക്ക് ഉത്തരം നല്കിയ സിങ്ങ് എന്ന ഗുരുവിനെ കണ്ടെത്തിയത്. സിങ്ങ് എന്താണ് ജീവിതത്തില്‍ വേണ്ടതെന്ന് സോമേശ്വറിന് പറഞ്ഞുകൊടുത്തു.
എങ്ങിനെയാണ് സന്യാസിയായത് എന്ന ചോദ്യത്തിന് അത് നേരത്തെ തീരുമാനിക്കപ്പെട്ടത് എന്നതാണ് സോമേശ്വറിന്റെ മറുപടി. എന്താണോ നമ്മള് ആയിത്തീരേണ്ടത് അതിനനുസരിച്ച് നമ്മുടെ ജീവിത സാഹചര്യങ്ങള്‍ സൃഷ്ടിക്കപ്പെടും എന്നാണ് സോമേശ്വറിന്റെ വാദം. ഈ സാഹചര്യങ്ങള്‍ നമുക്ക് സൃഷ്ടിക്കാന്‍ കഴിയില്ലെന്നും താന്‍ സന്യാസിയായിത്തീരണമെന്ന് ഏതോ ഒരു ശക്തി തീരുമാനിച്ചിരുന്നുവെന്നും. ആ ശക്തിയെ ദൈവം എന്നാണ് വിളിക്കാന്‍ ഇഷ്ടപ്പെടുന്നതെന്നും സോമേശ്വര്‍ പറയുന്നു.
സന്യാസിയാകുക എന്നതിനര്‍ത്ഥം നല്ലത് പലതും പരിത്യജിക്കുക എന്നാണോ?- മഹാകുംഭമേളയ്ക്കെത്തിയ എയര്‍ഫോഴ്സ് ബാബയോട് ഒരു വനിതാ ജേണലിസ്റ്റ് ചോദിക്കുന്നു. രസകരമായിരുന്നു ഇതിനുള്ള മറുപടി:”ആരും ഒന്നും പരിത്യജിക്കുന്നില്ല. അതെല്ലാം വെറും തോന്നലാണ്. ജീവിതത്തില്‍ ഒന്ന് വലുത്, മറ്റൊന്ന് ചെറുത് എന്നില്ല. അങ്ങിനെ വരുമ്പോള്‍ മാത്രമാണ് വലിയ ഒന്നിനെ ത്യജിച്ച് ചെറിയ ഒന്നിലേക്ക് പോകുന്നു എന്ന തോന്നലുണ്ടാകൂ. വലിപ്പച്ചെറുപ്പങ്ങളില്ലെങ്കില് പ്രശ്നമില്ല. എയര്‍ഫോഴ്സിലെ ജോലി വലിയതാണ്. ആഡംബരമുള്ളതാണ്. അത് ത്യജിച്ച് സന്യാസിയാകുന്നു എന്നില്ല. രണ്ടും തുല്ല്യമാണ്. ഒന്ന് വിട്ട് വേറെന്നിലേക്ക് വരുന്നു. എയര്‍ഫോഴ്സ് വിങ്ങ് കമാന്‍ഡര്‍ എന്ന പേര് മാറി സന്യാസി എന്ന പേര് സ്വീകരിക്കുന്നു. പേരുകള്‍ മാത്രമേ മാറുന്നുള്ളൂ, മറ്റൊന്നും മാറുന്നില്ല.”
ഇപ്പോള്‍ പുരിയിലെ ജുന അഖാഡയില്‍ അംഗമാണ് എയര്‍ഫോഴ്സ് ബാബ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: