മുംബൈ: ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് അദാനിയ്‌ക്കെതിരെ കുറ്റങ്ങള്‍ നിരത്തി പ്രസിദ്ധീകരിച്ച 32000 വാക്കുകളുള്ള റിപ്പോര്‍ട്ടില്‍ 99 ശതമാനത്തിലും കഴമ്പില്ലെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയ സെബി അധ്യക്ഷ മാധബി പുരി ബുച്ചിന്റെ വാക്കുകള്‍ക്ക് ഇപ്പോള്‍ പൊന്നിന്‍ വിലയാണ്. കാരണം ഹിന്‍ഡന്‍ബര്‍ഗ് എന്ന കമ്പനി അടച്ചുപൂട്ടി ഉടമ ആന്‍ഡേഴ്സണ്‍ മുങ്ങുമ്പോള്‍ അതിന് പിന്നില്‍ മാധബി പുരി ബുച്ച് നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസും അതിന് ഒരു കാരണമാണ്. തെളിവുകളില്ലാതെ അദാനിയ്‌ക്കെതിരെ വെറുതെ ആരോപണങ്ങള്‍ വാരിവലിച്ചെറിഞ്ഞത് എന്തിനെന്ന വിശദീകരണമാണ് മാധബി പുരി ബുച്ച് ആന്‍ഡേഴ്സനോട് ചോദിച്ചത്. ഇപ്പോഴിതാ ഇന്ത്യന്‍ ഓഹരി വിപണിയില്‍ പ്രാഥമിക ഓഹരി വില്‍പന (ഐപിഒ) എന്ന പേരില്‍ നടക്കുന്ന കോടികളുടെ അഴിമതിയെ തുറന്നുകാണിക്കുകയായിരുന്നു മാധബി പുരി ബുച്ച്. കടലാസ് വില പോലുമില്ലാത്ത കമ്പനികളെ ഓഹരി വിപണിയിലേക്ക് ഐപിഒയുടെ പേരില്‍ എത്തിച്ച് കോടികള്‍ കൊയ്യുന്ന പ്രവണത ഇന്ത്യയില്‍ കൂടി വരുന്ന സാഹചര്യത്തിലാണ് അസോസിയേഷന്‍ ഓഫ് ഇന്‍വെസ്റ്റ്മെന്‍റ് ബാങ്കേഴ്സ് ഓഫ് ഇന്ത്യ (എഐബിഐ) യുടെ 13ാം വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുമ്പോള്‍ മാധബി പുരി ബുച്ച് ഐപിഒയ്ക്ക് കമ്പനികളെ ഒരുക്കുന്ന ഇന്‍വെസ്റ്റ് മെന്‍റ് ബാങ്കര്‍മാര്‍ക്ക് പരസ്യമായി ചില താക്കീതുകള്‍ നല്‍കിയത്. .
“ഓഹരിവില്‍പനയുടെ (ഐപിഒ) പേരില്‍ പിരിച്ചെടുക്കുന്ന ഫണ്ട് ദുരുപയോഗം ചെയ്യപ്പെടുന്നുണ്ട്. കള്ളക്കമ്പനികളെ ഇന്ത്യന്‍ ഓഹരിവിപണിയില്‍ പ്രാഥമിക ഓഹരി വില്‍പനയ്‌ക്കായി കൊണ്ടുവരുന്നത് ഇന്‍വെസ്റ്റ്മെന്‍റ് ബാങ്കുകള്‍ക്ക് തന്നെ തടയാന്‍ കഴിയും”- ഉദ്ഘാടന പ്രസംഗത്തില്‍ സെബി അധ്യക്ഷ മാധബി പുരി ബുച്ച് പറഞ്ഞു.
“അതുകൊണ്ട് ഐപിഒയ്‌ക്കായി കമ്പനികളെ കൊണ്ടുവരുമ്പോള്‍ ഇന്‍വെസ്റ്റ് ബാങ്കര്‍മാര്‍ തന്നെ അതിന്റെ ഉത്തരവാദിത്വവും ഏല്‍ക്കേണ്ടിവരും. ഇക്കാര്യത്തില്‍ പിഴവുകള്‍ സംഭവിച്ചാല്‍ ഓഹരി വിപണി നിയന്ത്രിക്കുന്ന സെബി എന്താണ് ചെയ്യേണ്ടിവരിക എന്നത് ഞാന്‍ പറയാതെ തന്നെ നിങ്ങള്‍ക്ക് അറിയാം.” – മാധബി പുരി ബുച്ച് അഭിപ്രായപ്പെട്ടു.
“മൂന്ന് വര്‍ഷം മുന്‍പ് വരെ മോശം നിലയില്‍ പ്രവര്‍ത്തിച്ച കമ്പനിയെ പെട്ടെന്ന് ഒരു സുപ്രഭാതത്തില്‍ നല്ല വിറ്റുവരവുള്ള കമ്പനിയായി അവതരിപ്പിച്ച് ഐപിഒകളുടെ പേരില്‍ പണം പിരിച്ച് ഓഹരി വിപണിയിലേക്ക് എത്തിക്കുന്നതിനെക്കുറിച്ച് ഇന്‍വെസ്റ്റ്മെന്‍റ് ബാങ്കര്‍മാര്‍ ബോധവാന്മാരല്ലേ? ഇത്രയും ഉയര്‍ന്ന ഫീസ് നല്‍കി ഇന്‍വെസ്റ്റ് മെന്‍റ് ബാങ്കര്‍മാരെ ഇത്തരമൊരു കള്ളക്കമ്പനി വാടകയ്‌ക്കെടുക്കുന്നത് എന്തിനാണ് എന്ന കാര്യം നിങ്ങള്‍ക്ക് അറിവില്ലേ?”- മാധബി പുരി ബുച്ച് ചോദിക്കുന്നു.
രാജ്യത്ത് ഐപിഒ ഫണ്ടുകള്‍ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ട്. ഇതിന് പിന്നില്‍ ഐപിഒ നടത്തുന്ന കമ്പനികളുടെ ആളുകളും വിദേശനിക്ഷേപകര്‍ ഉള്‍പ്പെട്ട ദുരൂഹമായ പണമിടപാടുകളുമാണ്. സോഫ്റ്റ് വെയര്‍ വാങ്ങല്‍, കമ്പനികള്‍ വാങ്ങല്‍, തൊട്ടറിയാന്‍ സാധിക്കാത്ത മറ്റ് സ്വത്തുക്കള്‍ സ്വന്തമാക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ക്കാണ് ഐപിഒ ഫണ്ടുകള്‍ പലരും വഴിതിരിച്ചുവിടുന്നത്. ഐപിഒ വഴി പിരിച്ചെടുക്കുന്ന തുക എന്തിന് വേണ്ടിയാണ് ഉപയോഗിക്കുന്നതെന്ന് നിര്‍ദേശിക്കാന്‍ നമുക്ക് അധികാരമില്ലെങ്കിലും അതേക്കുറിച്ച് തീരെ ആര്‍ക്കും ഉത്തരവാദിത്വമില്ലെന്ന് വാദിച്ചാല്‍ അത് സമ്മതിക്കാനാവില്ലെന്നും മാധബി പുരി ബുച്ച് പറഞ്ഞു. ഭാവിയില്‍ ഐപിഒ നടത്തി പണം തട്ടിയാല്‍ കമ്പനികളെ മാത്രമല്ല, അവരെ സഹായിക്കുന്ന ഇന്‍വെസ്റ്റ് മെന്‍റ് ബാങ്കിനെയും ശിക്ഷിക്കുന്ന സംവിധാനം കൊണ്ടുവരാന്‍ പോകുന്നതിന്റെ ചില സൂചനകളാണ് മാധബി പുരി ബുച്ച് നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക