തിരുവനന്തപുരം : സമൂഹത്തില്‍ പുരുഷന്മാര്‍ നേരിടുന്ന പീഡനങ്ങളിലും പ്രശ്‌നങ്ങളിലും അവര്‍ക്ക് മാനസികവും നിയമപരവുമായ പിന്തുണ നല്‍കാന്‍ പുരുഷ കമ്മിഷന്‍ രൂപീകരിക്കണമെന്ന ആവശ്യവുമായി എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ.ഇതിനായി നിയമസഭയില്‍ സ്വകാര്യ ബില്‍ അവതരിപ്പിക്കും.
പണത്തിനായും മറ്റും സ്ത്രീകള്‍ വ്യാജലൈംഗിക ആരോപണങ്ങള്‍ ഉന്നയിക്കുന്നത് തടയിടുകയാണ് ഉദ്ദേശം. വ്യാജ ആരോപണങ്ങളില്‍ കുടുങ്ങിയ പുരുഷന്മാര്‍ക്ക് പരാതി പറയാനും നിയമസഹായം നല്‍കാനും നിയമവിധേയമായ ഒരു കേന്ദ്രം സ്ഥാപിക്കുകയാണ് ലക്ഷ്യമെന്ന് എല്‍ദോസ് കുന്നപ്പള്ളി പറഞ്ഞു. ബില്ലിന് പൊതുസമൂഹത്തില്‍ നിന്നും പൂര്‍ണപിന്തുണ ലഭിക്കുമെന്നും സ്ത്രീകള്‍ ഉള്‍പ്പെടെ ബില്ലിനെ അനുകൂലിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വ്യാജപരാതിയില്‍ വേട്ടയാടപ്പെട്ട വ്യക്തിപരമായ അനുഭവം കൂടി ഉള്ളതിനാലാണ് ബില്‍ അവതരിപ്പിക്കാന്‍ തീരുമാനിച്ചതെന്നും എം എല്‍ എ പറഞ്ഞു. വ്യാജ ലൈംഗിക ആരോപണത്തില്‍ ഉള്‍പ്പെടുന്നതിന്റെ പ്രയാസം അനുഭവിച്ചവര്‍ക്ക് മാത്രമേ മനസിലാകൂ. പണത്തിനാണ് പല സ്ത്രീകളും വ്യാജ പരാതികളുമായി വരുന്നത്.നടന്‍ സിദ്ദിഖിന്റെ പരാതി പരിഗണിക്കവേ പരാതിക്കാരി ഇത്രയും വര്‍ഷം എവിടെയായിരുന്നുവെന്ന് കോടതി ചോദിച്ചില്ലേ എന്നും എല്‍ദോസ് കുന്നപ്പളളി ചൂണ്ടിക്കാട്ടി.’ ഒരു മോഷണം നടന്നാലോ ആക്രമണം നടന്നാലോ ഉടനടി എല്ലാവരും പൊലീസില്‍ പരാതിപ്പെടും.എന്നാല്‍ ലൈംഗിക അതിഅതിക്രമം പരാതിപ്പെടാന്‍ മടിക്കുന്നതെന്താണെന്നും എല്‍ദോസ് ചോദിച്ചു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സംബന്ധിച്ച് താരങ്ങള്‍ക്കെതിരായ കേസുകള്‍ തെളിഞ്ഞിട്ടില്ലല്ലോ എന്നായിരുന്നു എല്‍ദോസിന്റെ പ്രതികരണം.എല്ലാ പരാതികളും വ്യാജമാണെന്നല്ല പറയുന്നത്. ഒരു സ്ത്രീ വ്യാജ പരാതി ഉന്നയിച്ചാല്‍ പരാതിക്കാരിയുടെ മുഖവും ദൃശ്യങ്ങളും മാധ്യമങ്ങള്‍ മറയ്‌ക്കും. എന്നാല്‍ ആരോപണവിധേയനെതിരായ കുറ്റം തെളിഞ്ഞാലും ഇല്ലെങ്കിലും അയാളുടെ പേരും ഫോട്ടോയും മാധ്യമങ്ങളില്‍ വരും.അയാള്‍ക്കും ഒരു ജീവിതമുണ്ടെന്ന് എല്‍ദോസ് കുന്നപ്പളളി പറഞ്ഞു. ലൈംഗികാരോപണം തെളിയുന്നതുവരെ ആരോപണവിധേയന്റെ ചിത്രങ്ങള്‍ ഉപയോഗിക്കരുതെന്നാണ് തന്റെ അഭിപ്രായം. ഇതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ബില്ലുമായി ബന്ധപ്പെട്ട് ചര്‍ച്ച ചെയ്യണം. പുരുഷ കമ്മിഷനില്‍ ഒരംഗം സ്ത്രീയായിരിക്കണമെന്നും എല്‍ദോസ് കുന്നപ്പള്ളി കൂട്ടിച്ചേര്‍ത്തു.
ബോബി ചെമ്മണ്ണൂര്‍ ,ഹണി റോസ് വിഷയത്തിന്റെ കൂടി പശ്ചാത്തലത്തില്‍ എല്‍ദോസ് കുന്നപ്പളളിയുടെ പ്രഖ്യാപനം വ്യാപകമായി ചര്‍ച്ചയാകുകയാണ്. പുരുഷന്മാരുടെ അവകാശ സംരക്ഷണത്തിനായി രൂപീകരിച്ച ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ ഉള്‍പ്പെടെ സമാനമായ ആവശ്യങ്ങള്‍ മുന്നോട്ടുവച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക