India

കർണാടകയിൽ പശുക്കളോടുള്ള ക്രൂരത തുരുന്നു; പ്രതിഷേധവുമായി ബിജെപി, കോൺഗ്രസ് സർക്കാർ നിഷ്ക്രിയം

Published by

ന്യൂദൽഹി: കർണാടകയിൽ പശുക്കളോട് വീണ്ടും വലിയ ക്രൂരത കാട്ടിയ സംഭവം റിപ്പോർട്ട് ചെയ്തു. ഇതിനെതിരെ ബിജെപി ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. സംസ്ഥാനത്ത് മുഴുവൻ കോൺഗ്രസ് സർക്കാരിന്റെ നിലപാടിനെതിരെ പ്രചരണം തുടങ്ങി.

കർണാടകയിലെ സൽകോഡ് ഗ്രാമത്തിലാണ് ഈ ക്രൂരമായ സംഭവം നടന്നത്. ഉത്തരകന്നഡ ജില്ലയിലെ ഹൊന്നാവർ താലൂക്കിലെ സൽകോട് ഗ്രാമത്തിൽ ഗർഭിണിയായ പശുവിനെ കഴുത്തറുത്ത് കൊന്ന ശേഷം കാലുകൾ മുറിച്ചു മാറ്റി ഗർഭസ്ഥ ശിശുവിനെ വികൃതമാക്കിയതായാണ് പരാതി. ബംഗളൂരുവിൽ മൂന്നു പശുക്കളുടെ അകിടുകൾ അറുത്തെടുത്തതിനും മൈസൂരുവിലെ നഞ്ചൻ കോടിൽ പശുവിന്റെ വാൽ വെട്ടിയതിനും തൊട്ടുപിന്നാലെയാണ് ഈ ക്രൂരമായതും മനുഷ്യ മന:സാക്ഷിയെ ഞ്ഞെട്ടിച്ചതുമായ സംഭവം നടന്നത്.

ജനുവരി 18 നും 19 നും ഇടയിലാണ് ഗ്രാമത്തിന് പുറത്ത് പുല്ല് മേയുന്നതിനിടെ പശുവിനെ കൊന്നുവെന്ന് ഉടമ കൃഷ്ണ ആചാരി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. കൃഷ്ണ ആചാരി തന്റെ പശുവിനെ അന്വേഷിച്ച് ചെന്നപ്പോൾ അതിന്റെ തലയും കാലുകളും അറുത്ത് മാറ്റിയ നിലയിലും ഭ്രൂണം വികൃതമാക്കിയ നിലയിലും കണ്ടെത്തുകയായിരുന്നു.

10 വർഷമായി തന്റെ കുടുംബത്തിന്റെ സ്വന്തമായ പശുവിനെയാണ് ഇങ്ങനെ ഇല്ലാതാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമപ്രകാരം അജ്ഞാതരായ ആളുകൾക്ക് എതിരെ പോലീസ് കേസെടുത്തു. പശുവിനെ കൊന്നത് ഇറച്ചിക്ക് വേണ്ടിയാണോ അതോ വർഗീയ പ്രശ്നം ഉണ്ടാക്കാനോയെന്ന് പോലീസ് അന്വേഷിക്കുകയാണ്.

പശുവിനോടുള്ള ഈ ക്രൂരത പ്രദേശവാസികളെ ശരിക്കും ഞെട്ടിക്കുകയും ഭയചികിതരാക്കുകയും ചെയ്തു. അക്രമികളെ ഉടൻ പിടികൂടണമെന്ന് ബിജെപി എംഎൽഎ ദിനകർ ഷെട്ടി ആവശ്യപ്പെട്ടു. ബിജെപി സംസ്ഥാന അധ്യക്ഷൻ ബി വൈ വിജയേന്ദ്രയും മറ്റ് നേതാക്കളും പശുക്കൾക്കെതിരായി തുടരുന്ന ആക്രമണങ്ങളെ അപലപിക്കുകയും അക്രമികളോട് സിദ്ധരാമയ്യ സർക്കാരിന്റെ മൃദുവായ നടപടികളിൽ ആരോപണമുന്നയിക്കുകയും ചെയ്തു.

ഇത്തരം സംഭവങ്ങളെ ഗൗരവമായാണ് കാണുന്നതെന്നും ഇങ്ങനെ അക്രമം നടത്തുന്നവരെ തിരിച്ചറിഞ്ഞ് ശക്തമായി നടപടിയെടുക്കാൻ ഉത്തരവിട്ടതായും ആഭ്യന്തരമന്ത്രി ജി പരമേശ്വര പറഞ്ഞു. നമുക്ക് ഇതിനൊരു ശാശ്വതമായ പരിഹാരം കാണേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ ജനുവരി 11ന് രാത്രി ബംഗളൂരുവിലെ ചാമരാജ് പേട്ടയിൽ മൂന്ന് പശുക്കളുടെ അകിടുകൾ അറുത്തെടുത്ത നിലയിൽ കണ്ടെത്തിയിരുന്നു. ബീഹാറിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളിയായ ഷെയ്ഖ് നസ്രു എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ മാനസിക രോഗിയായി ചിത്രീകരിക്കാനുള്ള പൊലീസ് ശ്രമത്തിനെതിരെ നാട്ടുകാർ ശക്തമായി രംഗത്തെത്തിയിരുന്നു. കർണാടകയിൽ സിദ്ധരാമയ്യ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം ഇത്തരം അക്രമങ്ങൾ തുടർച്ചയാകുകയാണെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by